വീടില്ലാത്ത യുവാക്കളെ സഹായിക്കാനായി മൈലിയുടെ ഹാപ്പി ഹിപ്പി ഫൗണ്ടേഷൻ

അമേരിക്കയിലെ തെരുവുകളിൽ ജീവിതം തള്ളി നീക്കുന്ന യുവാക്കൾക്കായി ഒരു ഫൗണ്ടേഷൻ രൂപീകരിച്ചിരിക്കുകയാണ് മൈലി സൈറസ്. മൈ ഫ്രണ്ട്സ് പ്ലെയ്സ് എന്ന് പേരിട്ടിരിക്കുന്ന ഓഫീസിൽ എത്തുന്ന വീടില്ലാത്ത യുവാക്കൾക്കായി ആഹാരവും വസ്ത്രവും തലചായ്ക്കാനൊരിടവും ഹാപ്പി ഹിപ്പി ഫൗണ്ടേഷൻ നൽകും. തുടക്കത്തിൽ ലോസ് ആഞ്ചലസിൽ മാത്രമാണ് ഹാപ്പി ഹിപ്പി ഫൗണ്ടേഷന്റെ പ്രവർത്തനം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 40000 വസ്ത്രങ്ങളും, 40000 മീൽസും 20000 സ്നാക്സും നൽകാനാണ് ഫൗണ്ടേഷന്റെ പദ്ധതി.

ഹാപ്പി ഹിപ്പി ഫൗണ്ടേഷന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായൊരു ഗാനവും മൈലി പുറത്തിറക്കിയിട്ടുണ്ട്. ഫൗണ്ടേഷനിലൂടെ യുവാക്കൾക്ക് മാത്രമല്ല തെരുവിൽ അലയുന്ന വളർത്ത് മൃഗങ്ങൾക്കും മൈലി ആശ്രയം ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ തെരുവിൽ അലയുന്ന യുവാക്കൾക്കായൊരു പാർട്ടി മൈലി നടത്തിയിരുന്നു. ഇതിനായി സ്വന്തമായി ഒരു ഷെഫിനെ ജോലിക്കുവെച്ച്, ഏകദേശം 6000 പൗണ്ടാണ് (5.7 ലക്ഷം രൂപ) താരം ചെലവഴിച്ചത്.

കഴിഞ്ഞ വർഷത്തെ എംടിവി വിഎംഎ പുരസ്കാരദാന ചടങ്ങിൽ മികച്ച മ്യൂസിക്ക് വിഡിയോ പുരസ്കാരത്തിന് അർഹയായ മൈലി തന്റെ പുരസ്കാരം സമർപ്പിച്ചത് തെരുവിൽ അലയുന്ന യുവാക്കൾക്കാണ്. പുരസ്കാരം സ്വീകരിക്കാൻ മൈലി അയച്ചതും ജെസി എന്ന തെരുവ് യുവാവിനെയായിരുന്നു. പുരസ്കാരത്തിൽ ലഭിച്ച തുകയും മൈലി അമേരിക്കയിലെ തെരുവുകളിൽ അലയുന്ന യുവാക്കൾക്കായുള്ള ഫണ്ടിലേയ്ക്കാണ് സംഭാവന ചെയ്തത്.

അശ്ലീലം നിറഞ്ഞ തലതിരിഞ്ഞ പ്രകടനങ്ങളുടെ പേരിൽ ഏറെ വിവാദങ്ങളും ആക്ഷേപങ്ങളും മൈലി കേട്ടിരുന്നെങ്കിൽ ഇപ്പോൾ തന്റെ മനുഷ്യത്വപരമായ നീക്കങ്ങൾ മൈലിയെ ഏറെ വ്യത്യസ്തയാക്കുകയാണ്. ജെസി എന്ന തെരുവ് യുവാവിനെകൊണ്ട് എംടിവി വിഎംഎ പുരസ്കാരം വാങ്ങിപ്പിച്ചതും, ജെസിയെ തന്റെ വീട്ടിൽ താമസിപ്പിച്ചതുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാനാണെന്ന് വിമർശിച്ചവർക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് മൈലി ഹാപ്പി ഹിപ്പി ഫൗണ്ടേഷനിലൂടെ.

അമേരിക്കൻ യുവപോപ്പ് താരങ്ങളിൽ പ്രമുഖയാണ് മൈലി സൈറസ്. ഡിസ്നിയുടെ ഹന്ന മൊണ്ടേന പരമ്പരയിലൂടെ പ്രശസ്തയായ മൈലി, മീറ്റ് മൈലി സൈറസ്, ബ്രേക്കൗട്ട്, കാന്റ് ബി ടാമിഡ്, ബാങേഴ്സ് എന്നിങ്ങനെ നാല് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ, ഒരു എംടിവി വിഎംഎ പുരസ്കാരം, 17 ടീൻ ചോയ്സ് പുരസ്കാരം, 4 വേൾഡ് മ്യൂസിക് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ മൈലിയെ തേടി എത്തിയിട്ടുണ്ട്.