'എ ആർ' വസന്തവുമായി സൂര്യ ചിത്രം

എ.ആർ.റഹ്മാൻ, 24 എന്ന ചിത്രത്തിെല സൂര്യ

കുറച്ചു നാളുകളായി ചലച്ചിത്ര ഗാനരംഗത്ത് അത്ര സജീവമല്ലാതിരുന്ന എ ആർ റഹ്മാൻ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നു. സൂര്യ നായകനായെത്തിയ 24–ലെ ഗാനങ്ങൾ എ ആർ വസന്തം അവസാനിച്ചിട്ടില്ലെന്നതിന് തെളിവായി. ഇന്നലെ നടന്ന ഒാഡിയോ ലോഞ്ചിനെത്തിയ പ്രമുഖർക്കും ഒപ്പം ആരാധകർക്കും പറയാനുള്ളതും റഹ്മാന്റെ മാന്ത്രികതയെക്കുറിച്ചു തന്നെ.

അരിജിത് സിങ്, ചിൻമയി, റഹ്മാന്റെ പുത്തൻ പാട്ടുകാരന‍്‍ സിദ് ശ്രീറാം, ഹരിചരൺ, ശക്തിശ്രീ, ബെന്നി ദയാൽ തുടങ്ങിയ വ്യത്യസ്തമായ ഒരു കൂട്ടം സ്വരങ്ങളിലൂടെയുള്ള റഹ്മാൻ ഗാനങ്ങൾ. സൂര്യയുടെ അഭിനയത്തികവിനപ്പുറം 24 എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുക ഈ ഗാനങ്ങൾ കൂടിയാണ്. വൈരമുത്തുവും മധൻ കര്‍ക്കിയും ചേർന്നെഴുതിയ വരികളും അതിന് റഹ്മാനിട്ട ഈണവും കൂട്ടിച്ചേർത്ത സ്വരങ്ങളും മനസുകളിൽ നിന്ന് മനസുകളിലേക്ക് പായുകയാണ്. അത്രയേറെ ഹൃദയാർദ്രമാണ് റഹ്മാൻ നൽകിയിരിക്കുന്ന ഓർക്കസ്ട്ര. എന്താണ് റഹ്മാൻ സ്റ്റൈൽ എന്ന് ചോദിച്ചാൽ കേൾപ്പിച്ചു കൊടുക്കാം ഈ പാട്ടുകളെ.

കാലങ്ങളായി നമ്മോടൊപ്പം കൂടിയിരിക്കുന്ന റഹ്മാന്‍ പാട്ടുകളുടെ പാട്ടുകൂട്ടിലേക്കിതാ ഇവയും കൂടി.