എ.ആർ. റഹ്മാന്‍ എന്റെ പാട്ട് കോപ്പിയടിച്ചോ? മറുപടിയുമായി മോഹൻ സിത്താര

ദക്ഷിണേന്ത്യൻ സിനിമാ സംഗീതരംഗത്തെ പുതിയ വിവാദം എ.ആർ. റഹ്മാൻ സംഗീതത്തിന്റെ പേരിലാണ്. മണിരത്നത്തിന്റെ പുതിയ ചിത്രം ‘കാട്രു വെളിയിടൈ’യിലെ ഒരു പാട്ടിന്റെ ഈണത്തിന് ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന മലയാളം ചിത്രത്തിലെ പാട്ടുമായി സാമ്യമുണ്ടെന്നാണ് ആരോപണം. സരട്ടുവണ്ടിയിലെ എന്ന പാട്ടാണ് ആരോപണ വിധേയമായത്. 2013 ൽ പുറത്തിറങ്ങിയ ബ്രേക്കിങ് ന്യൂസ് ലൈവിന്റെ സംഗീത സംവിധായകൻ മോഹൻ സിതാരയാണ്. റഹ്മാനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിലും മറ്റും ചർച്ച തകർക്കുകയാണ്. മലയാളം ഗാനത്തിന് ഈണമിട്ട മോഹൻ സിത്താര മനോരമ ഓൺലൈനോട് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.

‘‘എ. ആർ. റഹ്മാൻ എന്റെ പാട്ട് കേട്ടിട്ടുണ്ടോയെന്നു തന്നെ എനിക്കറിയില്ല. രണ്ടു പാട്ടുകളുടേയും ഈണത്തിലുള്ള സാമ്യം എങ്ങനെ സംഭവിച്ചുവെന്നും അറിയില്ല. അദ്ദേഹം ഒരുപാടു വലിയ സംഗീത സംവിധായകനല്ലേ. യാദൃശ്ചികമായി സംഭവിച്ചതാകാനും സാധ്യതതയുണ്ട്. ഒരുപക്ഷേ ഈ ഈണം എവിടെ നിന്നെങ്കിലും കേട്ടിട്ട് അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതുമാകാം. എന്താണു സംഭവിച്ചതെന്ന് പറയാൻ സാധിക്കുന്നില്ല.

രണ്ടു പാട്ടും കേട്ടിട്ട് വലിയ സാമ്യമുണ്ടെന്നു പലരും വിളിച്ചു പറഞ്ഞിരുന്നു. ഞാൻ ഇതുവരെ റഹ്മാൻ ഈണമിട്ട പാട്ട് കേട്ടിട്ടില്ല. രണ്ടു സംഗീത സംവിധായകർ ഒരേ ഈണം വ്യത്യസ്ത കാലഘട്ടങ്ങളിൽ ചെയ്യാനിടയുണ്ടെന്നു പറയുന്നതിനോടും എനിക്കു യോജിപ്പില്ല. ഒരു പാട്ട് അതേപടി എടുത്ത് ഉപയോഗിക്കുന്നതും കേട്ടിട്ട് വേറൊരു രീതിയിൽ ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കൂടുതലൊന്നും ഈ വിഷയത്തില്‍ എനിക്കു പറയാനില്ല. ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞതനുസരിച്ച് സാഹചര്യത്തിനോടു ചേരുന്ന ഒരു ഈണം ചെയ്യുകയായിരുന്നു. തനി നാടൻ താളമായിരുന്നു വേണ്ടിയിരുന്നത്. അത് അതുപോലെ ചെയ്തു’’- മോഹൻ സിത്താര പറഞ്ഞു.

ബ്രേക്കിങ് ന്യൂസ് ലൈവിലെ ‘തന്നക്കും താന...’ എന്ന ഗാനത്തിന്റെ ഈണവുമായാണ് എ.ആർ. റഹ്മാൻ ഗാനത്തിനു സാമ്യമുള്ളത്. പ്രേമദാസ് ഇരുവള്ളൂരിന്റെ വരികള്‍ക്കു മോഹൻ സിത്താര ഈണമിട്ട്,  മോഹൻ സിത്താരയും ജിഷാ നവീനും തുളസി യതീന്ദ്രനും സുനിലും ചേർന്നാണീ ഗാനം ആലപിച്ചത്. ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന ചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടാതെ പോയതുകൊണ്ട് പാട്ടും അധികം ശ്രോതാക്കളിലേക്കെത്തിയിരുന്നില്ല. എന്നാൽ എ.ആർ. റഹ്മാൻ പാട്ട് പുറത്തുവന്നതോടെ മലയാളം ഗാനം ശ്രദ്ധിച്ച ചില പ്രേക്ഷകരും സംഗീത നിരൂപകരും സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തറിയിക്കുകയായിരുന്നു.

സരട്ടു വണ്ടിയില എന്ന പാട്ട് വൈരമുത്തുവാണ് എഴുതിയത്. എ.ആർ. റഹ്മാന്റെ സഹോദരി റെയ്ഹാനയും ടിപ്പുവും നിഖിത ഗാന്ധിയും ചേർന്നു പാടിയ പാട്ടിന്റെ ലിറിക്കൽ വിഡിയോയും പ്രൊമോ ഗാനവും 35 ലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി രണ്ടാഴ്ച കൊണ്ട് ആളുകൾ കണ്ടത്.