കേൾക്കാൻ കൊതിച്ച റഹ്മാൻ പാട്ടുകളുമായി മോഹൻജൊ ദാരോ

ലഗാൻ, സ്വദേശ്, ജോധാ അക്ബർ...അശുതോഷ് ഗ്വാരിക്കറും എ ആർ റഹ്മാനും ഒന്നിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം എക്കാലത്തേയും ഹിറ്റുകളാണ്. മോഹൻജ ദാരോയിലൂടെ അവർ വീണ്ടുമൊന്നിച്ചപ്പോൾ കാത്തിരിക്കുകയായിരുന്നു പാട്ടുകൾക്കെല്ലാം. ആ ആകാംഷയെ തൃപ്തിപ്പെടുത്തിയോ ഗാനങ്ങൾ എന്നതിനോടു സമ്മിശ്ര പ്രതികരണമാണു ലഭിക്കുന്നത്. എങ്കിലും ഇനിയെന്നെന്നും കേട്ടിരിക്കുവാനുള്ള പാട്ടുകളുമായി തന്നെയാണ് മോഹൻജ ദാരോയുടെ കടന്നുവരവ്. കാലഘട്ടത്തെ കുറിച്ചു പറയുന്ന സിനിമയ്ക്കു വേണ്ടി ജാവേദ് അക്തറെന്ന കവി കുറിച്ചതെല്ലാം അർഥവത്തായ വരികൾ. നാലു ഗാനങ്ങളും നാലു ഓർക്കസ്ട്രേഷനുമാണ് ഈ ആൽബത്തിലുള്ളത്. സമ്മിശ്ര പ്രതികരണമാണു പാട്ടുകൾക്കു ലഭിക്കുന്നതും. വ്യത്യസ്തമായ ഈണങ്ങളെ കൂട്ടിച്ചേർക്കുവാനുള്ള റഹ്മാന്റെ ശ്രമം പൂർണമായും വിജയം കണ്ടില്ലെന്നു വേണം കരുതുവാന്‍.

മോഹൻജോ മോഹൻജോ

അരിജിത് സിങ് ആദ്യമായി റഹ്മാനു വേണ്ടി പാടിയ ഗാനമാണിത്. അരിജിതിന്റെ ഭാവാർദ്രമായ സ്വരത്തിനൊപ്പം കോറസും കൂടി ചേരുന്ന ഗാനം. റഹ്മാനും ബെലാ ഷെൻഡേയും സനാ മൊയ്തൂട്ടിയും ചേർന്നാലപിച്ച ഗാനം. മോഹൻജ ദാരോയുടെ സൗന്ദര്യത്തിലേക്കും എത്ര പറഞ്ഞാലും കൗതുകം തീരാത്ത ആ നാടിന്റെ ആവേശേജ്വലമായ കഥപറയുന്ന സിനിമയുടെ കഥക്കൂടിനുള്ളിലേക്കു നമ്മെ കൊണ്ടുപോകും. ഒരു ടൈറ്റിൽ സോങിന്റെ ഉദ്ദേശ്യവും അതുതന്നെയാണല്ലോ. രൗദ്ര താളത്തിലുള്ള ഈണം ആഫ്രിക്കയുടെയും ഈജിപ്തിന്റെയും താളത്തെ നമ്മെ ഓർമപ്പെടുത്തും.

സിന്ധു മാ

സിന്ധൂ നദീ തീരത്തു വികസിച്ച മനുഷ്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന ചിത്രത്തിലെ ഏറ്റവും മെലോഡിയസായ ഗാനം. സിന്ധുവിന്റെ തീരത്തെ ജീവിതത്തിന്റെ പ്രൗഢിയെ കുറിച്ചാണ് ജാവേദ് അക്തറെഴുതിയിരിക്കുന്നത്. സനാ മൊയ്തൂട്ടിയുടെ സാന്ദ്രമായ സ്വരം ഉച്ഛസ്ഥായിയിലേക്കുയർന്നു പൊങ്ങുമ്പോൾ കേൾവി സുഖമേറെ. ഒപ്പം റഹ്മാനും കൂടി പാടുമ്പോൾ പാട്ടിനു ചന്തമേറുന്നു. റഹ്മാൻ സ്വരവും തനി നാടൻ വാദ്യോപകരണങ്ങളും കോറസും ചേരുമ്പോൾ പാട്ടു മനോഹരം തന്നെ. റഹ്മാന്റെ ആലാപനത്തിനു പാട്ടിനെന്തെങ്കിലും പ്രത്യേകത നൽകുന്നുവെന്നു പറയാനാകില്ല. 

സർസാരിയ

മോഹൻജ ദാരോ ഗാനങ്ങളിൽ ഏറ്റവും മനോഹരമെന്നു പറയാം സാഷാ തിരുപ്പതിയും ശാശ്വന്ത് സിങും ചേർന്നാലപിച്ച ഈ ഗാനത്തെ. തനിനാടൻ വഴികളിൽ കേൾക്കുന്ന സുഷിരവാദ്യത്തിന്റെ സ്വരഭംഗിയാണ് പാട്ടിനെ വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നിപ്പിക്കുന്നതിലൊരു ഘടകം. ഒപ്പം താളത്തിൽ പാടുന്ന ബാസും ഇടയ്ക്കിടെയങ്ങു വന്നുപോകുന്ന കൊട്ടുവാദ്യവും സാന്ദ്രമായ സാഷയുടെ സ്വരവും പാട്ടിനെ പ്രിയപ്പെട്ടതാക്കുന്നു. ശാശ്വന്ത് സിങ് ഒപ്പം പാടാനെത്തുന്നത് ഏറ്റവുമൊടുവിലാണെങ്കിലും ആ വരികൾ വീണ്ടും നമ്മെ കൊതിപ്പിക്കും. 

തൂ ഹെ

ബാക്കിയെല്ലാ ഗാനത്തിലും ഓർക്കസ്ട്രയാണ് മേധാവിത്വം പുലർത്തുന്നതെങ്കിൽ ഇവിടെ സനയും റഹ്മാനും ചേർന്ന സ്വരഭേദമാണു നമ്മെ അതിശയിപ്പിക്കുക. ആത്മസ്പർശമുള്ള ആലാപനം. 

വിസ്പറിങ് ഓഫ് ദി മൈൻഡ്/വിസ്പെറിങ് ഓഫ് ദി ഹാർട്ട് 

സൂര്യൻ പുലർന്നു വരുന്ന നേരത്ത് നമ്മൾ ഒറ്റയ്ക്കൊരിടത്താണ്. പ്രകൃതി മരങ്ങൾക്കും പൂക്കൾക്കും പൂമ്പാറ്റകൾക്കും പൂന്തേനരുവിക്കും പാടിക്കൊടുക്കുന്ന ഉണര്‍ത്തു പാട്ടുപോലും അന്നേരം ഒന്നു ശ്രദ്ധിച്ചിരുന്നാൽ നമുക്കു കേൾക്കാം. ഒരുപക്ഷേ അതുപോലൊരു ഗീതമാകാമിത്. അർജുൻ ചാണ്ടിയുടെ ബാക്കിങ് വോക്കലും കോറസും ചേർന്ന ഈ രണ്ടു പാട്ടുകളും ഹൃദയസ്പർശിയാണ്. മൗനത്തെ കീറിമുറിച്ച് അകലങ്ങളിൽ നിന്നൊഴുകി വരുന്നൊരു ഗന്ധർവ ഗാനം പോലെ. താരകങ്ങൾക്കിടയിൽ നിന്നാരോ പാടും പോലെ. 

സിന്ധുവിന്റെ ഓളങ്ങളുടെ താളംപേറുകയാണു ഷിമ്മർ ഓഫ് സിന്ധു, മനസിനെ ശാന്തതയിലേക്കു നയിക്കും സിന്ധുഭൈരവി രാഗം ഇഴചേർത്തു തീർത്ത ലാഖ് ലാഖ് തോറ .

ഇന്ത്യയിൽ പാട്ടുകളുടെ കവർ വേർഷനുകൾ ഏറ്റവുമധികം ചെയ്യപ്പെടുന്നത് റഹ്മാൻ ഗീതങ്ങളിലാണ്. റോജ, ജോധാ അക്ബര്‌, താൽ, ‌ബോംബെ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളാണ് ഏറ്റവുമധികം പ്രാവശ്യം ഗായക സംഘം ഏറ്റുപാടിയത്.  ഇനി മോഹൻജ ദാരോയിലെ പാട്ടുകളും ഇക്കൂട്ടത്തിലുണ്ടാകുമെന്നു തന്നെയുറപ്പിക്കാം. റഹ്മാൻ സംഗീതത്തിൽ കണ്ടുവരുന്ന ഓർക്കസ്ട്രേഷൻ മാജിക് ഇവിടെയുമുണ്ട്. ആ മാജികിൽ സ്വരം കൊണ്ടു ശ്രദ്ദേയമായതിൽ അർജുൻ ചാണ്ടി പ്രത്യേകമഭിനന്ദനമർഹിക്കുന്നു. 

മോഹൻജ ദാരോ എന്ന പേരു കേൾക്കുമ്പോൾ, അതിന്റെ ചരിത്രമറിയാവുന്നവരുടെ മനസിൽ രൂപപ്പെടുന്നൊരു ചിത്രമുണ്ടല്ലോ. ആ സങ്കൽപത്തിനിണങ്ങുന്ന താളം തന്നെയാണ് എല്ലാ ഗീതങ്ങൾക്കുമുള്ളത്. ആഴമുള്ള ഈണങ്ങൾ. നാലു ദിക്കുകളിലും തട്ടി തിരിച്ചു മുഴങ്ങിക്കേൾക്കുന്ന ഈണം മനസിൽ തങ്ങി നിൽക്കും. കേൾക്കാൻ കൊതിച്ചിരുന്ന റഹ്മാൻ ഈണങ്ങൾ തന്നെയാണിവ.