നെ​ഞ്ചിനുള്ളിലെ ലാൽ ഗീതങ്ങൾ...

അമ്മ വിളമ്പിത്തരുന്ന തൈരൂണ് പോലെ തൊടിയില്‍ പെയ്തിറങ്ങുന്ന ഇടവപ്പാതി പോലെ ദാസേട്ടന്റെ പാട്ടുപോലെ തൃശൂർ പൂരം പോലെയാണ് ഈ മനുഷ്യനും. മോഹൻലാൽ എന്ന അഭിനയ കുലപതി മലയാളിയുടെ മനസിൽ ചേക്കേറിയിട്ട് പതിറ്റാണ്ടുകളായി. സ്വർണ കസവുള്ള മുണ്ടുടുത്ത് മീശ പിരിച്ച് ആൺ സൗന്ദര്യത്തിന്റെ, ഉശിരിന്റെ ആൾരൂപമായി, ഒറ്റക്കൊമ്പനായി മനസിലെ തിരശീലക്കുള്ളിൽ ഈ മനുഷ്യനെയിങ്ങനെ നമ്മൾ ചേർത്തിരുത്താൻ തുടങ്ങിയിട്ട് കാലം കുറേയായി. മോഹൻലാലെന്ന പേരിനെ ലാലേട്ടനെന്ന് ചുരുക്കി വിളിക്കുന്നത്, മനസിന്റെ അടിത്തട്ടിൽ നിന്നുള്ള സ്നേഹാഭിവാദ്യമാണ്. മോഹന്‍ലാലെന്ന നടനെക്കുറിച്ചോർക്കുമ്പോൾ തീർത്തും റിയലിസ്റ്റിക് ആയ അഭിനയ മുഹൂർത്തങ്ങൾക്കും വർത്തമാനങ്ങൾക്കുമപ്പുറം മനസിലേക്കോടിയെത്തുന്നത് കുറേ ഈണങ്ങൾ കൂടിയാണ്. ലാലേട്ടനിലെ പാട്ടീണങ്ങളിലേക്കൊ‌രു തിരനോട്ടം നടത്തിയാൽ അറിയാം ഇതുവരെ മനസിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരായിരം പ്രിയഗീതങ്ങളിൽ പലതുമാണതെന്ന്....

തളർന്നു കിടക്കുന്ന മംഗലശേരി നീലകണ്ഠനെന്ന ഒറ്റക്കൊമ്പന് ഊരുതെണ്ടിയായ സുഹൃത്ത് പെരിങ്ങോടൻ പാടിക്കൊടുക്കുന്ന കീർത്തനം. പാടിത്തീരും മുൻപേ കടലാഴങ്ങളിലേക്ക് അലിഞ്ഞു പോയ ആ പാട്ടു സമ്മാനം അതിലൊന്നാണ്. അന്നുമിന്നും നിലവിളക്ക് തെളിഞ്ഞൊഴുകുന്ന സന്ധ്യാനേരത്ത് പടിപ്പുരയ്ക്കിപ്പുറം നിന്ന് പാടുന്ന പെരിങ്ങോടനെ കേൾക്കാൻ ഇന്നും കാതുകൾ കാതോർക്കുന്നുണ്ട്. പത്മരാജന്റെ തൂവാനത്തുമ്പികളെന്ന പ്രണയകാവ്യത്തിലെ മണ്ണാറത്തൊടി ജയകൃഷ്ണന് മഴയുടെ ഈണമാണ്. ക്ലാരയിലേക്ക് അയാളെത്തുന്നതും ഒരു നിലാമഴയിൽ വിടർന്ന നിലാവിലൂടെയാണ്.  വിടർന്ന മുടിയും പ്രണയാര്‍ദ്രമായ കരിമിഴികളും  ചെഞ്ചുണ്ടുകളുമുള്ള ക്ലാരയെ ആദ്യമായി കാണുന്നതും മഴനൂലിഴകൾക്കിടയിലൂടെയാണ്. ആ നിമിഷത്തിലേക്ക് ജോൺസൺ മാസ്റ്റർ നൽകിയ ഈണം പിന്നീടുള്ള കാലത്തേയ്ക്കുള്ള പ്രണയചിന്തകളുടെ സ്വരഭേദമായി മാറി. നിർത്താതെ പെയ്യുന്ന മഴ പോലെ. 

മാതളനാരകം തളിർത്തുപൂവിടുന്ന നാട്ടിലേക്ക് മുന്തിരി തോപ്പുകൾക്കിടയിലേക്ക് സോഫിയെ കൈപിടിക്കാനെത്തുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ.  സോളമന്റെ വരവേൽപിനുമുണ്ട് കറുത്തിരുണ്ട മഴമേഘത്തുട്ടുകളുടെ ചേലുള്ള ഈണം. രാത്രിയുടെ ഏതോ യാമത്തിൽ ലോറിയോടിച്ച് അമ്മച്ചിയെ കാണാനെത്തുന്ന സോളമന്റെ ആ ഇൻട്രോ സീൻ ഇപ്പോഴും ഓർമയിലില്ലേ. ആ സംഗീതവും ജോൺസൺ മാസ്റ്ററിന്റേതു തന്നെ. 

കണ്ണീർപൂവു പോലെ കൊഴിഞ്ഞുപോയ സേതുമാധവൻ, കിരീടത്തിലെ സേതുവിന്റെ ജീവിതം വരച്ചിടുന്നതും അതിന്റെ ആകെത്തുകയെന്തെന്ന് പറഞ്ഞുതരുവാനും ഈ ഒരൊറ്റ പാട്ടിന് കെൽപ്പുണ്ട്. കണ്ണീർ പൂവിന്റെ കവിളിൽ തലോടി...ഈണം മുഴങ്ങും പഴംപാട്ടിൽ മുങ്ങി...കൈതപ്രം രചിച്ച് ജോൺസൺ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ട്. മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാത്ത വിധിയോടൊപ്പം നടന്നകന്ന സേതുവിന്റെ പാട്ട് പ്രതിനിധാനം ചെയ്യുന്ന ജന്മങ്ങൾ കാലാതീതമാണ്. പിതാവിന് തുല്യനായ ജ്യേഷ്ഠന്റെ മരണത്തിന്റെ വിങ്ങലിൽ, അതാരോടും പറയാനാകാതെ നിന്ന് , ഒരാഴിക്കു മുകളിലിരുന്ന് പാടുന്ന ഭരതത്തിലെ ഗോപിയും അതുപോലെ തന്നെ. വീർപ്പുമുട്ടലുകൾക്കിടയിൽ അടർത്താനാകാത്ത സ്നേഹ ബന്ധത്തിന്റെ ഇടയില്‍ ഇതുപോലെ എത്രയോ പേർ ജീവിച്ചു മരിച്ചക്കുന്നുണ്ട്. ഭരതത്തിലെ ആ പാട്ടിനാണ് ദാസേട്ടന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും രവീന്ദ്രന് പ്രത്യേക പരാമർശവും ലഭിച്ചത്. ലാലേട്ടൻ മികച്ച നടനുമായി.

മന്ദാരച്ചെപ്പു തുറന്നെത്തുന്ന മകനെ കാത്തിരിക്കുന്ന രാജിവ് മേനോനായി ലാലേട്ടൻ ജീവിക്കുകയായിരുന്നു അഭിനയിക്കുകയായിരുന്നുവോയെന്ന് സംശയമാണിപ്പോഴും. പക്ഷേ ആ ഗാനം...മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന പാട്ട് മന്ദാരത്തിന്റെ ഇതൾ സൂക്ഷിക്കും പോലെ ഇന്നും മലയാളി നെഞ്ചോടു ചേർക്കുന്നു. പുതു ഗായകരുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി അത് മാറി. വീണയിലും വയലിനിലും സാക്സോഫോണിലും പുല്ലാങ്കുഴലിലും പിന്നെയും പിന്നെയും എല്ലാവരുമതേറ്റുപാടി. കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പിന്നെ മന്ദാരച്ചെപ്പുണ്ടോ എന്നീ പാട്ടുകളും മണ്ണാർത്തൊടി ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തിന് പകർന്ന പശ്ചാത്തല സംഗീതവും കാലമെത്തും മുൻപകന്നുപോയ ജോൺസൺ മാസ്റ്ററെ കുറിച്ചോർക്കുമ്പോൾ ആദ്യമോടിയെത്തുന്ന ഗീതങ്ങൾ കൂടിയാണ്.

മനസ് പറിച്ചു നൽകി സ്നേഹിച്ചിട്ടും ഒന്നാകാതെ പോയ വന്ദനത്തിലെ ഗാഥയും ഉണ്ണികൃഷ്ണനും ഇന്നും വേദനിപ്പിക്കുന്നു. ഉണ്ണികൃഷ്ണന്റെ നെഞ്ചിനുള്ളിലേക്ക് ഗാഥ ഓടിക്കയറുമ്പോൾ പിന്നണിയിലുയരുന്ന ഔസേപ്പച്ചൻ ഈണവും ഇന്നും നമുക്ക് പിന്നാലെയുണ്ട്. പിന്നെയുമുണ്ട് തന്റേടിയായ കുറേ ഈണങ്ങള്‍. സ്ഫടികത്തിലെ ആടു തോമയ്ക്കും നരസിംഹത്തിലെ ഇന്ദുചൂഡനും സാഗർ ഏലിയാസ് ജാക്കിക്കുമുള്ള പിന്നണി പാട്ടുകൾ അന്നും ഇന്നും എന്നും നമ്മെ ഹരംകൊള്ളിക്കുന്നു. 

ഇത് മലയാളത്തിലെ കഥ. അഭിനയ ചക്രവർത്തിയെന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് ആടിത്തീർത്ത വേഷങ്ങളിലെ അകക്കാമ്പുകൊണ്ടും പിന്നെ അതിന്റെ വിഭിന്നത കൊണ്ടും കൂടിയാണ്. ഇരുവറിലെ ആനന്ദിനെ കുറിച്ചെഴുതാതെ അതുകൊണ്ടു തന്നെ ഒന്നും പൂർത്തിയാകില്ല. മണിരത്നം ചിത്രമായ ഇരുവറിൽ ലാലേട്ടൻ നടത്തിയത് പ്രതിഭയുടെ മൂർച്ചയറിയിച്ച വേഷപ്പകർച്ചയാണ്. അതിലെ ഗാനം നറുമുഗയേ നറുമുഗയേ....വൈരമുത്തു എഴുതി  എ ആർ റഹ്മാൻ ഈണമിട്ട ഗാനം. കർണാടിക് സംഗീതത്തിന്റെ ഏറ്റവും വശ്യമായ ഭാവത്തിലെ‌ത്തിയ ഉണ്ണികൃഷ്ണന്റെയും ബോംബെ ജയശ്രീയുടെയും ആഴമുള്ള ആലാപന ഭംഗിയിൽ പിറന്ന പാട്ട് ഇന്ത്യൻ സംഗീതത്തിലെ ക്ലാസികുകളിലൊന്നാണ്. ലാലീണങ്ങൾ അങ്ങനെയാണ്...ആ അഭിനയം പോലെ എത്ര കേട്ടാലും മതിവരില്ല. ഇനിയൊരിക്കലും അകലുകയുമില്ല.