വിസ്മയത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

മോഹൻലാൽ നായകനാകുന്ന വിസ്മയം എന്ന ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനമെത്തി. ഡോ. മധു വാസുദേവന്റെ വരികൾക്കു മഹേഷ് ശങ്കർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. തെലുങ്കു ചിത്രമായ മനമാന്തെയുടെ മലയാളം പതിപ്പാണിത്. മോഹന്‍ലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു ഗാനം പ്രേക്ഷകരുമായി പങ്കുവച്ചത്. 

മോഹന്‍ലാലിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്. മലയാളം-തെലുങ്ക്-തമിഴ് പതിപ്പുകൾ ഈ മാസം അഞ്ചിനു തീയറ്ററുകളിലെത്തും. ചന്ദ്രശേഖര്‍ യേലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്. മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്കില്‍ നിന്ന് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യം, തമിഴ്‌നടന്‍ നാസര്‍ എന്നിവരും ചിത്രത്തിലുണ്ട്.