സംഗീത സംവിധായകൻ രവീന്ദ്രജെയിൻ (71) അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രജെയിൻ (71) അന്തരിച്ചു. രക്തസമര്‍ദ്ദം കുറഞ്ഞ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാഗ്‌പൂരിലെ ആശുപത്രിയില്‍ നിന്നും മുംബൈ ലീലാവതി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. കിഡ്‌നിയ്ക്ക് അണുബാധയേറ്റതായി ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഡയാലിസിസ് ചെയ്‌തെങ്കിലും കാര്യമായ വ്യത്യാസങ്ങള്‍ വന്നിരുന്നില്ല. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കാതിരുന്നതോടെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തകരുകയായിരുന്നു.

നാഗ്‌പൂരില്‍ ഒരു സംഗീത പരിപാടിക്കെത്തിയ അദ്ദേഹം രക്തസമര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ്‌ അണുബാധയുണ്ടെന്നും ഇത് കിഡ്‌നിയെ ബാധിച്ചതായും ഡോക്‌ടര്‍മാര്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്‌ അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലേക്ക് എത്തിച്ചത്.

മലയാളികള്‍ക്ക്, പ്രത്യേകിച്ച് കെ ജെ യേശുദാസിന്‌ രവീന്ദ്ര ജെയിനുമായുള്ള ബന്ധം ഇന്ത്യയൊട്ടാകെ പാട്ടാണ്‌. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലെ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ സൃഷ്‌ടിച്ചതും രവീന്ദ്ര ജെയിന്‍ ആയിരുന്നു. ജന്മനാ കാഴ്ച ശേഷിയില്ലാത്തെ രവീന്ദ്ര ജെയിനിന്റെ 'ഗോരി തേരാ.. എന്ന ഹിന്ദി ഗാനം ആലപിച്ചതിന്‌ യേശുദാസിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 'വോയ്സ്‌ ഓഫ് ഇന്ത്യ' എന്നാണ്‌ യേശുദാസിന്‌ രവീന്ദ്ര ജെയന്‍ നല്‍കിയ വിശേഷണം.