ഞമ്മക്ക് മറക്കാനാവൂല; കളക്ടർ ബ്രോയ്ക്കു പിറന്നാൾ സമ്മാനമായി ഒരു പാട്ട്

ബിരിയാണി, സുലൈമാനിയുടെ രുചിയുള്ള കടലോരങ്ങൾ, ഹൃദയം തൊട്ടു പാടുന്ന പാട്ടുകാർ...ഇന്ന് ഇവ മാത്രമല്ല, ബ്രോ എന്ന വിളി കേൾക്കുമ്പോഴേ ഓർ‌മ വരികെ കോഴിക്കോടിനെയാണ്.  ജനകീയനായ കളക്ടർ എന്ന വിശേഷണത്തെ നവ തലമുറയുടെ വഴികളിലൂടെ സഞ്ചരിച്ച് യാഥാർഥ്യമാക്കിയ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് ഐഎഎസിനെ സ്നേഹപൂർവ്വം നമ്മളെല്ലാവരും വിളിക്കുന്നതിങ്ങനെയാണ്. കോഴിക്കോടിന്റെ മാത്രമല്ല, നമ്മുടെയെല്ലാം ബ്രോയും കളക്ടറും ആയ എൻ പ്രശാന്തിന്റെ പിറന്നാൾ ദിനം സമൂഹമാധ്യമങ്ങളിൽ ഒരു സിനിമാ താരത്തിന്റേതിനു സമാനമായാണ് ആഘോഷിച്ചത്. എന്തിനേറെ ഒരു വിഡിയോ ഗാനം വരെയെത്തി. ഹേ ബ്രോ എന്നു പേരിട്ട വിഡിയോ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളെ പോലെ വൈറലായി. 

പ്രശാന്തിന്റെ സംസാരരീതിയും ജില്ലയിൽ നടപ്പിലാക്കിയ പദ്ധതികളും ആ ഭരണ രീതിയിലെ നന്മയുമെല്ലാം വരികളായി എഴുതിയിട്ട പാട്ടാണിത്. കളക്ടറുടെ പ്രവൃത്തികള്‍ പോലെ വ്യത്യസ്തമാണു വിഡിയോയുടെ അവതരണ രീതിയും. ഒരു കുട്ടി പ്രശാന്തിന്റെ മുഖമുളള മുഖംമൂടിയും ധരിച്ചു സൈക്കിൾ ചവിട്ടി നടക്കുന്നതാണു വിഡിയോയിലുള്ളത്. കംപാഷനേറ്റ് കോഴിക്കോട് ഉൾപ്പെടെ ജില്ലയിൽ അദ്ദേഹം നടപ്പിലാക്കിയ ചില ശ്രദ്ധേയ പദ്ധതികളുെട പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് വിഡിയോ സഞ്ചരിക്കുന്നത്. തത്വ എന്ന ബാൻഡ് ആണു പാട്ടിറക്കിയത്. കോഴിക്കോടിന്റെ തുടിപ്പു പോലെ പ്രസരപ്പുള്ള പാട്ട്. ഗിത്താറും ഡ്രംസും കീബോർഡും ചേർന്ന പശ്ചാത്തല സംഗീതത്തിൽ സിനോവ് രാജ് ആണു പാട്ടു പാടിയത്. 

മുൻപൊരിക്കലും ജില്ല ഭരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ചേട്ടാ എന്നോ ബ്രോ എന്നോ വിളിച്ച് ജനങ്ങൾ അരികിലേക്കു ചെന്നിട്ടുണ്ടാകില്ല. ചുവപ്പുനാടയിൽ കുരുങ്ങേണ്ട പല കാര്യങ്ങൾക്കും ജനങ്ങളെ കൂടി ഉൾക്കൊള്ളിച്ച് തീർത്തും അനൗപചാരികതയോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പരിഹാര പദ്ധതികൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.