കാലത്തെ ജയിച്ചൊരു സിക്സ് പായ്ക്ക് പാട്ട്

സിക്സ് പാക്കെന്നത് ഒരു മ്യൂസിക് ബാൻഡിന്റെ പേരാണ്. മൂന്നാം ലിംഗത്തിൽ പെട്ടവർ പാടുന്ന ബാൻഡിന്റെ പേര്. ചുണ്ടിൽ ചായം തേച്ച് തിളങ്ങുന്ന ചേല ചുററി മുത്തിലും കല്ലിലും തീര്‍ത്ത മാലയണിഞ്ഞ് അവർ പാടിയ പാട്ട്. സിക്സ് പാക്ക് കേമൻ‌മാർക്കൊപ്പം അവർ പാടിയഭിനയിച്ചപ്പോൾ കാണാനും കേൾക്കാനും കൗതുകം.

സിക്സ് പാക്ക് എന്നു പേരിട്ട വീഡിയോയിൽ അവർക്കൊപ്പം പാടാനെത്തിയത് ബോളിവുഡ്‍ സംഗീത ബിംബങ്ങളിലൊരാൾ‌ സോനു നിഗമും. മൂന്നാം ലിംഗത്തിൽപ്പെട്ടവരുടെ ഇന്ത്യയിലെ ആദ്യ ബാൻഡാണിത്. അവരുടെ ശബ്ദത്തിനെന്ത് ഭംഗിയെന്ന് ചോദിക്കും മുൻപ് ഈ വീഡിയോ കാണണം.

യാഥാർഥ്യത്തെ ഉൾക്കൊണ്ട് ജീവിതത്തെ നോക്കി പുഞ്ചിരിക്കുമ്പോഴുള്ള ഭംഗിയെന്തെന്ന് പറഞ്ഞു തരുന്ന വീഡിയോ. അവരുടെ ശബ്ദത്തിലുള്ളത് വീഡിയോയുടെ അവസാനത്ത് അവർ പറയുന്ന വാക്യത്തിൽ തെളിയുന്നത് കാലത്തെ ജയിച്ചു കയറിയ ഒരുപിടി മനുഷ്യരുടെ മനസാന്നിധ്യമാണ്. അധകൃതരെന്ന് മുദ്രകുത്തപ്പെട്ട ആ സമൂഹത്തിന്റെ ജീവിതത്തിലേക്ക് ഇനിയും പ്രകാശമെത്തിക്കുവാൻ ഈ സ്വരസ്ഥാനങ്ങൾക്ക് കഴിയട്ടെ.

ആശാ ജഗ്താപ്, ഭവികാ പാട്ടീൽ, ചാന്ദ്നി സുവർണാകർ, ഫിദാ ഖാൻ, കോമൾ ജഗ്താപ്, രവിൻ ജഗ്താപ് എന്നിവരാണ് ബാൻഡിന് പിന്നിൽ. ഷമീർ ടണ്ടന്റെ സംഗീതത്തിലുള്ള പാട്ട് ഇവരാണ് പാടിയഭിനയിച്ചിരിക്കുന്നത്. ആശിഷ് പാട്ടീലാണ് വരികളെഴുതിയത്. മിഥുൻ ഗംഗോപാധ്യായയാണ് ഛായാഗ്രഹണം, വീഡിയോ എഡിറ്റ് ചെയ്തത് ഫറൂഖ് ഹണ്ടേകർ.