രാജമൗലിയെ അതിശയിപ്പിച്ചു ഈ പാട്ടിന്റെ അഴക്

നർത്തകരെ നൃത്തത്തിൽ നിന്നു ഇഴപിരിക്കാനാകരുതെന്നാണു പറയാറ്. നൃത്തത്തിന്റെ ഭംഗി അന്നേരമാണത്രേ അറിയാനാകുക, അതിന് അപ്പോഴാണു പൂർണത വരിക. പ്രണയത്തിന്റെ കാര്യത്തിലും ശരിയാണീ പറച്ചിൽ. അതുകൊണ്ടാണ് നൃത്തവും സംഗീതവും പ്രണയത്തിനേകുന്ന ഭംഗിയെ ഈ മ്യൂസികല്‍ ആൽബം ആവിഷ്കരിച്ചതും. നീവേ എന്നു പേരിട്ട തെലുങ്ക് മ്യൂസികൽ ആൽബം ശ്രദ്ധ നേടുന്നതും ഈ ഭംഗികൊണ്ടാണ്. സംവിധായകൻ രാജമൗലിയുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് കണ്ടാൽ മതി മുഖവുരയുടെയൊന്നും വേണ്ട ഈ വിഡിയോയെ പരിചയപ്പെടുത്തുവാൻ.  അദ്ദേഹം പോലും അതിശയിച്ചു പോയി ഈ പാട്ടിന്റെ അഴകിനു മുൻപിൽ. 

സംഗീതവും നൃത്തവുമാണ് ലോകത്തിന്റെ ഭാഷയെങ്കിൽ ലോകം എത്രത്തോളം സന്തോഷകരമായേനെ എന്നു കൂടി പറയുന്ന വിഡിയോ സമൂഹമാധ്യങ്ങളിൽ ഏറെയിഷ്ടത്തോടെയാണ് പറന്നുപോകുന്നത്. ശ്രേയാ ദേശ്പാണ്ഡേയും നിരഞ്ജൻ ഹരീഷുമാണ് ഈ മ്യൂസികൽ ആൽബത്തിലെ കഥാപാത്രങ്ങളായത്. നീനേ, നീയേ, നീവേ എന്നീ മൂന്നു പേരുകളിൽ യഥാക്രമം, കന്നഡ, തമിഴ് തെലുങ്ക് ഭാഷകളിലാണ് ആൽബമൊരുക്കിയത്. 

നൃത്താഭ്യാസത്തിനിടെ രണ്ടു പേർക്കിടയിൽ പൂവിടുന്ന പ്രണയത്തെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഭാഷയിലാണു സംവദിക്കുന്നത്.  ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ഗോംതേഷ് ഉപാധ്യയായാണു ഈ പാട്ടു ചിത്രമൊരുക്കിയത്. അഞ്ചു മാസത്തോളം നീണ്ട പരിശീലനങ്ങൾക്കു ശേഷമാണ് ഈ മ്യൂസികൽ ആൽബം ചിത്രീകരിച്ചു തുടങ്ങിയത്. 

ഐടി മേഖലയിൽ നിന്നു ഫോട്ടോഗ്രാഫിയിലേക്കും ഛായാഗ്രാഹകനിലേക്കുമെത്തിയ ശേഷമാണു ഗോംതേഷ് സംവിധാന കുപ്പായം അണിയുന്നത്. പവൻ കുമാറിന്റെ ലൂസിയ എന്ന ചിത്രത്തിൽ‌ സെകൻഡ് യൂണിറ്റ് ഫോട്ടോഗ്രാഫറായും പിന്നാട് അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ യു-ടേണിൽ അസിസ്റ്റന്റ് ഡയറക്ടറുമായിക്കൊണ്ട് ഈ രംഗത്തു സജീവമായി. 

ഫാനി കല്യാണാണു വിഡിയോയ്ക്കു സംഗീതമൊരുക്കിയത്. ഫാനി കല്യാണത്തിന്റെ മനസിലെ ഡാൻസും ഗോംതേഷിലെ പ്രണയചിന്തകളുമാണ് മ്യൂസികൽ വിഡിയോ ആയി പുറത്തുവന്നത്. ഒരു വീടിന്റെ ടെറസിൽ പകിട്ടൊന്നുമില്ലാത്തൊരു മൈതാനത്ത് ഒക്കെയാണ് രംഗങ്ങൾ ചിത്രീകരിച്ചത്. ഒരു ബെംഗലുരു ലുക്ക് വിഡിയോയ്ക്കു വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ഗോംതേഷിന്റെ പക്ഷം. വിശ്വകിരൺ നമ്പി, നിരഞ്ജൻ, ശ്രേയ എന്നിവർ ചേർന്നാണ് ഡാൻസ് ചിട്ടപ്പെടുത്തിയത്. മനുഷ്യ പ്രണയത്തിന്റെ യാഥാർഥ്യത്തിന്റെ ഭംഗിയും നൃ‍ത്തത്തിന്റെയും സംഗീതത്തിന്റെയും ചേലും ഒന്നുചേർന്നപ്പോൾ പിറന്ന ക്രിയാത്മകത എത്ര കണ്ടാലും കൊതിതീരാത്തൊരു ഛായാചിത്രം പോലെ മനോഹരമായി.