മുത്തേ പൊന്നേയില്ലാതെ എന്ത് കലാശക്കൊട്ട്

ചൂടൻ എസ് ഐയ്ക്ക് മുന്നിലിരുന്നു ഒരു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് ചായയുമായി വരുന്ന ചേട്ടനൊപ്പം കൊട്ടിപ്പാടിയ പാട്ട് നമുക്ക് പെരുത്തിഷ്ടമായിരുന്നു. അച്ഛാ,. അമ്മാ എന്ന് മര്യാദക്ക് വിളിക്കാനറിയാത്ത കുഞ്ഞിപ്പിള്ളേര് വരെ പാട്ട് പാടി നടപ്പു തുടങ്ങി. പാട്ടെഴുതി ഈണമിട്ട് പാടിയഭിനയിച്ച തമ്പാനൂരുകാരൻ സുരേഷ് വലിയ താരമായി. ചുമട്ടുതൊഴിലാളിയായ സുരേഷ് പത്തുവർഷം മുന്‍പെഴുതിയ ഈ തനിനാടൻ പാട്ടു തന്നെയായിരുന്നു തെരഞ്ഞെടുപ്പിലും താരം. ഇന്നീ കലാശക്കൊട്ട് അതിന്റെ പരമകോടിയിലെത്തി നിൽക്കുമ്പോൾ മുത്തേ പൊന്നേ മുകേഷേട്ടായെന്നും, മുത്തേ പൊന്നേ പി സി ജോർജേയെന്നുമൊക്കെ പലയിടങ്ങളിലും പാടിക്കേൾക്കുന്നു.

നിവിൻ പോളി നായകനായി, എസ് ഐ ബിജു പൗലോസ് ആയി അഭിനയിച്ച ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രം കണ്ടവർക്കെല്ലാമറിയാം ഈ പാട്ട് സിനിമയിലെത്തുന്ന രംഗങ്ങളെ കുറിച്ച്. കള്ളും കുടിച്ച് റോഡിൽ കിടന്ന് അലമ്പുണ്ടാക്കിയ പ്രതിക്ക് ബിജു പൗലോസ് നൽകിയത് ചൊറിയണം ചികിത്സ. അതിന്റ ഇഫക്ട് മാറുവാനാണ് പ്രതിയെ കൊണ്ട് പാടിക്കുന്നത്. പ്രതി എസ്ഐയെ മാത്രമല്ല ഓരോ പ്രേക്ഷകന്റെയും മനസിലേക്ക് പാടിക്കയറി. സുരേഷിനു പോലുമറിയില്ല എന്താണ് ഈ പാട്ട് ഇത്ര ഹിറ്റാകുവാൻ കാരണമെന്ന്. ആദ്യ കേഴ്‌വിയിൽ തന്നെ മനസിലേക്ക് എഴുതിയിടപ്പെടുന്ന വരികളും താളവും തന്നെയാണ് ഈ പാട്ടിനെ ഇത്രയേറെ ജനകീയമാക്കിയത്.

ഇലക്ഷൻ പാരഡികളിലും ഈ പാട്ട് നിറഞ്ഞു കേൾ‌ക്കുവാൻ കാരണവും മറ്റൊന്നല്ല. മുത്തേ പൊന്നേ എന്നു തന്നെയാണ് വരികൾ തുടങ്ങുന്നത്. സ്വന്തം സ്ഥാനാർഥിയെ പുകഴ്ത്തിപ്പാടാൻ ഇതിലും നല്ലൊരു തുടക്കമെന്താണ്? എന്തായാലും ഇനിയുള്ള ഇലക്ഷൻ ഗാനങ്ങളിലും മുത്തേ പൊന്നേ താരമാകുമെന്നുറപ്പ്.