നജിമിന് സെപ്റ്റംബറിൽ വിവാഹം

ഒടുവിൽ ഓമന കോമള താമര പൂവിനു വിരിയാൻ സമയമായി. യുവ പിന്നണി ഗായകരിൽ ശ്രദ്ധേയനായ നജിം അർഷാദിന്റെ കാത്തിരിപ്പിനൊടുവിൽ വിവാഹത്തിനുള്ള തീയതി വീട്ടുകാർ തീരുമാനിച്ചു. വരുന്ന സെപ്റ്റംബർ 13 ന് പുനലൂരിൽ വച്ചാണ് വിവാഹം. തസ്നി എന്നാണ് വധുവിന്റെ പേര്.

ഒരു വർഷം മുമ്പ് തന്നെ നജീമിന്റെ വിവാഹം തസ്നിയുമായി വീട്ടുകാർ ഉറപ്പിച്ചിരുന്നു. ബാംഗ്ലൂരിൽ ബിഡിഎസ് വിദ്യാർഥിനിയായ തസ്നിയുടെ ഹൗസ്സർജൻസിയും കോഴ്സും കഴിയുവാൻ വേണ്ടിയാണ് വിവാഹം ഇത്രനാളും നീട്ടി വച്ചത്. ഡയമണ്ട് നെക്ലേസിലെ ‘തൊട്ടു തൊട്ടു തൊട്ടുനോക്കാമോ...’ എന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തിൽ പാടി സിനിമ പിന്നണി ഗാനരംഗത്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി നജിം. ‘ ഇമ്മാനുവലി’ലെ ‘മാനത്തുദിച്ചൊരു’, ‘ഒരു ഇന്ത്യൻ പ്രണയ കഥ’യിലെ ‘ഓമന കോമള താമരപ്പൂവേ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന ചിത്രത്തിലെ ‘കൂട്ടിമുട്ടിയ’, ‘ഇതിഹാസ’യിലെ ‘എന്നിൽ നീ നിന്നിൽ ഞാൻ..’. തുടങ്ങിയ ഗാനങ്ങളെല്ലാം നജീമിനെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാക്കി.