ചിത്രയുടെ പാട്ടുകളുമായി ഒരു ചിത്രമെത്തുന്നു

"ചിത്ര" ഗീതങ്ങളാൽ നിറഞ്ഞ ഒരു ചിത്രം മലയാളത്തിലേക്കെത്തുന്നു. സംഗീതത്തിനു പ്രാധാന്യം നൽകിയെത്തുന്ന ചിത്രത്തിലെ മൂന്നു പാട്ടുകൾ പാടിയിരിക്കുന്നത് കെഎസ് ചിത്ര. പതിനഞ്ചു വർഷമായി സിനിമാ രംഗത്ത് കീബോർഡ് പ്രോഗ്രാമറായി പ്രവർത്തിക്കുന്ന ആന്‍റണി എബ്രഹാം ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓർമ്മകളിൽ ഒരു മഞ്ഞുകാലം എന്നു പേരിട്ട ചിത്രത്തിലെ പാട്ടുകളെഴുതിയും സംവിധാനം ചെയ്തതും അദ്ദേഹം തന്നെ.

ഏറെക്കാലത്തിനു ശേഷം ചിത്ര ഏറ്റവുമധികം പാട്ടുകൾ പാടുന്ന മലയാളച്ചിത്രം കൂടിയാണിത്. മലയാളി മനസിൽ കുറിച്ചിട്ട ശബ്ദമാണ് ചിത്രയുടേതെന്ന്. എന്നാൽ ഈ ചിത്രത്തിൽ പതിവു ശൈലിയിൽ നിന്നും വ്യത്യസ്തമായി കഥാപാത്രത്തിനു ചേർന്ന ശബ്ദവ്യതിയാനം വരുത്തിയാണ് അവർ പാടിയിരിക്കുന്നത്. കാർമുകിലേ പുൽമേടുകളിൽ എന്നു തുടങ്ങുന്ന ഗാനം അതുകൊണ്ടു തന്നെ ചിത്ര സമ്മാനിക്കുന്ന വ്യത്യസ്തതകളിലൊന്നായിരിക്കും. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ശുഭപന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ സെമിക്ലാസിക്കൽ ഗാനവുമുണ്ട് ചിത്രത്തിൽ. യുവഗായകരായ വിൽസൺ പിറവം, അഞ്ജു ജോസഫ് എന്നിവരും തങ്ങളുടെ ആദ്യ ചലച്ചിത്ര ഗാനം പാടുകയാണ് ആന്റണി എബ്രഹാമിന്റെ സിനിമയിലൂടെ.

ആന്റണി എബ്രഹാം

സംഗീത ലോകത്ത് നിന്നാണ് സിനിമാ സംവിധാനത്തിലേക്കെത്തുന്നത്. മാത്രമല്ല, സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളും ഇപ്പോൾ കുറവാണ്. അതുകൊണ്ടു തന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സംഗീതപ്രാധാന്യമുള്ളതായിരിക്കണമെന്ന് തീരുമാനിച്ചു. ആൻറണി എബ്രഹാം പറഞ്ഞു. ലോകോത്തര കമ്പനികളുടെ ഏത് കീബോർഡും ആന്റണി അനായാസമായി കൈകാര്യം ചെയ്യും. അങ്ങനെയുള്ളൊരാൾ സിനിമയൊരുക്കുമ്പോൾ ചിത്രം സംഗീത സാന്ദ്രമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചിത്രത്തെ കുറിച്ച് ചോദിച്ചാൽ അദ്ദേഹത്തിന് ആദ്യം പറയാനുള്ളതും പാട്ടുകളെ കുറിച്ചാണ്. പഴയ സിനിമാഗാനങ്ങളെ ഓർമിപ്പിക്കുന്ന ഗാനങ്ങളാണ് എന്റെ ചിത്രത്തിലുള്ളത്. ലളിത സംഗീതത്തിലുള്ള ഈണങ്ങളിൽ അർഥവത്തായ വരികൾ കൂട്ടിച്ചേർത്ത പാട്ടുകൾ. മലയാള സിനിമാ പ്രേമികൾക്ക് പുതിയൊരു ആസ്വാദന തലമൊരുക്കും എന്റെ ചിത്രം. അദ്ദേഹം പറഞ്ഞു.

അശോക് കുമാർ ഐപിഎസ് ആയി ആന്റണിയും ചിത്രത്തിലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആൽവിൻ, ദീപ, വൈശാഖ് എന്നീ പുതുമുഖങ്ങളാണ് പ്രണയകഥ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിലെ നായികാ നായകൻമാർ. ജനാർദ്ദനൻ,ഇന്ദ്രൻസ്, കുടപ്പുള്ളി ലീല, കലാഭവൻ നവാസ്, അബി, മനോജ് എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബർ ആദ്യവാരം ചിത്രം പ്രേക്ഷകരിലേക്കെത്തും.