നല്ല പാട്ടുകളുടെ വസന്തവുമായി വീണ്ടും എ. ആർ റഹ്മാന്‍

ഇതുവരെ കേൾക്കാത്ത വശ്യമനോഹരമായ ഈണങ്ങളാണു എ ആർ റഹ്മാന്‍ എന്ന സംഗീത സംവിധായകനിൽ നിന്നു കാലം പ്രതീക്ഷിക്കുന്നത്. ചെറിയൊരിടവേളയ്ക്കു ശേഷം റഹ്മാന്‍ ഗാനങ്ങളുടെ ഒരു വസന്തം തന്നെ കാതോരമെത്തിയിരിക്കുന്നു. ദിൽസേയിലെ ഗാനങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഗീത സംവിധായകനെ തേടി അങ്ങനെയും അവസരമെത്തി. ഗൗതം മേനോനൊരുക്കുന്ന നിലാവിൻ ചന്തമുള്ള പ്രണയത്തിനും സംഗീതം റഹ്മാനിൽ നിന്ന്. അശുതോഷ് ഗ്വാരിക്കറുടെ ചലച്ചിത്ര കാവ്യമായ മോഹൻജോ ദാരോയ്ക്കും റഹ്മാന്‍ തന്നെയാണു ഈണം ചിട്ടപ്പെടുത്തിയത്. ഇവയില്‍ കൂടിയെല്ലാം കേൾവിക്കാരിലേക്കെത്തിയത് നല്ല പാട്ടുകൾ മാത്രം. കേൾക്കാം അവ ഒന്നു കൂടി. 

ജിങാ...

ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം പകർത്തിയ ചിത്രം പെലെയ്ക്കും റഹ്മാൻ നൽകിയത് ചടുലതാളത്തിലുള്ള സംഗീതമാണു. പെലെയുടെ ജീവിതം പോലെ പ്രചോദനാത്മകമായ സംഗീതം. അന്നാ ബിയാട്രിസിനൊപ്പം റഹ്മാൻ തന്നെയാണു ഈ ഗാനം ആലപിച്ചത്.

സർസരിയാ, തൂ ഹെ...

ഹൃതിക് റോഷൻ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന ചിത്രമാണു മോഹൻജോ ദാരോ. മനുഷ്യ സംസ്കാര ചരിത്രത്തിലെ ഒരേടിനെ കുറിച്ചു സംസാരിക്കുന്ന ചിത്രത്തിലെ പ്രണയാർദ്രമായ ഗാനങ്ങള്‍ ഇന്ന് ഇന്ത്യ ഏറെയിഷ്ടത്തോടെ കേള്‍ക്കുന്നു. പുതിയ സ്വരങ്ങളും ഈണക്കൂട്ടുകളും ചേർന്ന ഗാനങ്ങളാണു ഓരോന്നും.

 

തള്ളി പോഗാതെ, ഷൗക്കാലി, രാസാലി, അവളും നാനും

അച്ചം എൻപത് മടമൈയെടാ എന്ന ചിത്രം ഒരുപാടു പ്രതീക്ഷകളോടെയാണു പ്രേക്ഷകർ കാത്തിരുന്നത്. അതിനൊരു കാരണം റഹ്മാന്റെ പാട്ടുകൾ തന്നെയായിരുന്നു. ആ പ്രതീക്ഷയെ ഒട്ടുമേ തെറ്റിക്കാതെയാണു പാട്ടുകളോരോന്നുമെത്തിയത്. ആദ്യ ട്രെയിലറിനൊപ്പം കേട്ട തള്ളി പോഗാതെ എന്ന ഗാനം മണിക്കൂറുകൊണ്ടു പത്തു ലക്ഷത്തിലധികം പ്രാവശ്യമാണു ജനങ്ങൾ കണ്ടത്. അതിനേക്കാള്‍ മനോഹരമായ ഗാനങ്ങളാണു പിന്നീടെത്തിയത്. കൂടാതെ സിദ് ശ്രീറാമെന്ന പുതിയൊരു ഗായകനെ കൂടി റഹ്മാൻ സമ്മാനിച്ചു. വിജയ് യേശുദാസിന്റെ കരിയറിലെ ഏറ്റവും സുന്ദരമായ ഗാനങ്ങളിലൊന്നായി മാറി അവളും നാനും.