ഇടുക്കിപ്പാട്ടല്ല ഇത് ജേക്കബിലെ ദുബായ് പാട്ട്

മലയാളത്തിന് അധികം പരിചിതമല്ലാത്ത റാപ് ഗാനം...ഇത്തവണ ഇടുക്കിയല്ല ദുബായ് ആണ് താരം....ഇടുക്കി പാട്ട് പോലെ ഒരു ദുബായ് ഗാനം....അധികമകലെയല്ല ഈ മറുനാട് എന്ന് പറയും പോലെ...പിന്നെ കേട്ടിരിക്കുവാനൊരു രസം തോന്നുന്ന കൂടെക്കൂട്ടാനൊരു ഇഷ്ടം തോന്നുന്ന കുറച്ച് ഈണങ്ങളും വരികളും. ജേക്കബിന്റെ സ്വർഗരാജ്യമെന്ന ചിത്രത്തിലെ ഗാനങ്ങളെ ഇങ്ങനെ പറയാം. ഷാൻ റഹ്മാനെന്ന സംഗീത സംവിധായകന്റെ സംഗീത ലോകത്തെ കുറേക്കൂടി നമുക്ക് പരിചിതമാകുന്നു ഗാനങ്ങളിലൂടെ.

വരികളിലെയും ഈണങ്ങളിലെയും ലാളിത്യം കാലമെത്രയേറെ പുരോഗമിച്ചാലും മനസുകളുടെ പ്രണയിനിയാകും എന്നതിനുള്ള തെളിവായിരുന്നു ദുബായ് പാട്ട്. മനു മഞ്ജിത് കുറിച്ച മനോഹരമായ വരികൾ ദുബായിലെ കാഴ്ചകളെ കുറിച്ചുള്ളതായിരുന്നു. തിരുവാവണിരാവ് മനസാകെ നിലാവ് മലയാള ചുണ്ടിൽ മലരോണ പാട്ട്....എന്ന ഗാനവും അതുപോലെ തന്നെ. വയൽ വഴികളിൽ നിഴലാടുന്ന ഓലത്തുമ്പ് കണ്ട് താളം പിടിച്ചിട്ടില്ലേ. ഈ പാട്ടു കേൾക്കുമ്പോഴും നമുക്കങ്ങനെ തോന്നും. അൽപം ബഹളംകൂട്ടുന്ന ഓർക്കസ്ട്രയാണ് ഇടയ്ക്കെങ്കിലും...പാട്ട് കേട്ടിരുന്നുപോകും.

ഇന്നലെകളിലെ ഓണനിലാവും തിരുവോണപ്പാട്ടിന്റെ താളവും മനസിലേക്ക് തിരികെയെത്തിക്കുന്ന വരികൾ. ഉണ്ണി മേനോന്റെയും സിത്താരയുടെ ശബ്ദത്തിലൂടെ ഇമ്പമാർന്ന പാട്ട്. പ്രണയിനിയുടെ കടക്കണ്ണിലെ മഷിനോക്കി കവിതയെഴുതുന്ന ആൺമനസും കടവത്തു കാത്തുനിൽക്കുന്ന മഞ്ഞിന്റെ മൂടുപടവുമെല്ലാം വരികളാക്കിയാണ് മനു മഞ്ജിത് എഴുതിയത്. അത് മലയാളത്തിന്റെ, നമ്മളറിയാതെ നമ്മിൽ നിന്ന് അകന്നുപോകുന്ന, ഭംഗിയെ കുറിച്ചൊരു എഴുത്തായി.

ഈ ശിശിരകാലം...എന്നു തുടങ്ങുന്ന പാട്ടെഴുതിയത് ബി കെ ഹരിനാരായണനാണ്. ഋതുഭേദം പോലെ ഈണങ്ങൾക്കും വരികൾക്കും ഭംഗിയേറെ. വരികൾക്കൊപ്പമുള്ള വയലിൻ വായന എത്ര കേട്ടാലും മതിവരില്ല. ഒരുപക്ഷേ വരികളേക്കാൾ നമ്മൾ ശ്രദ്ധിക്കുന്നതും കാതിലങ്ങനെ തങ്ങിനിൽക്കുന്നതും വയലിൻ സംഗീതമാകും. വിനീത് ശ്രീനിവാസനൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത് കാവ്യാ അജിത്താണ്. മലയാളത്തിന്റെ മികച്ച പിന്നണി ഗായികമാരിലൊരാളാകാൻ കാവ്യയ്ക്കു സാധിച്ചേക്കും. ആ സ്വരവും ആലാപന ശൈലിയും അങ്ങനെ പറയുന്നു.

മലയാളത്തിൽ റാപ് പാട്ടോ....ഏയ് അതെങ്ങനെയാ. തമിഴ് ആയിരുന്നുവെങ്കിൽ ശരിയായേനെ. എന്നൊക്കെയല്ലേ ചിന്ത. ഇനിയതു വേണ്ട. എന്നിലെറിഞ്ഞു...എന്ന വേഗപ്പാട്ട് പാടിയിരിക്കുന്നത് റസീയും സിത്താരയും ചേർന്നാണ്. റസീയെഴുതിയ വരികൾ ശ്രദ്ധിച്ചു കേട്ടിരിക്കണം. പക്ഷേ പാട്ടിന്റെ താളവും സ്വരങ്ങള്‍ക്കൊപ്പം ശ്വാസവിടാതെ പായുന്ന സിതാരയെന്ന ഗായികയും പാട്ടിനെ ആകർഷണീയമാക്കുന്നു. വെറുതെ പാടുന്നതല്ല. വരികൾ രസകരം തന്നെ.

അശ്വിൻ ഗോപകുമാർ എഴുതി പാടിയ ഇംഗ്ലിഷ് ഗാനമാണ് മറ്റൊന്ന്...ഹോം എന്ന ഗാനത്തിന് തീർത്തും ലളിതമായ സംഗീതമാണ്. പാശ്ചാത്യമായ വരികൾക്കും തീര്‍ത്തും നാടൻ ചേലുള്ള ഈരടികൾക്കും കാതിന് സുഖംപകരുന്ന സംഗീതം പകരുവാനായി ഷാൻ റഹ്മാന്. ചിത്രത്തിന്റെ പേരുപോലെ പാട്ടുകളുടെ ഒരു കുഞ്ഞു സ്വർഗരാജ്യമൊരുക്കുന്നു ഈ സംവിധായകൻ. ചിത്രത്തിലെ ഓരോ പാട്ടുകളും ഓരോ തരം കേഴ്‌വിക്കാരെയാണ് തേടുന്നതും. അവരെ തൃപ്തിപ്പെടുത്തുവാൻ ഷാൻ റഹ്മാന് സാധിച്ചിരിക്കുന്നു.