ഈ മുത്തശി വന്‍ കലിപ്പാ

ജൂഡ‍് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശി ഗദയിലെ മുത്തശിയാരാണെന്നറിയുവാൻ ഈ ഒരൊറ്റ പാട്ടു കേട്ടാൽ മതി. ജം തകിട ജം എന്ന പാട്ടിലുണ്ട് മുത്തശി എത്രമാത്രം കലിപ്പാണെന്ന്.  മുത്തശിയുടെ സംസാരം കാരണം  വീട്ടു ജോലിക്കെത്തുന്നവരെല്ലാം പിണങ്ങിപ്പോകുന്നതിനെ കാണിക്കുന്ന ദൃശ്യങ്ങളാണു പാട്ടിനുള്ളത്. കോമഡി രംഗങ്ങളിലൂടെ രസിപ്പിച്ച കുളപ്പുള്ളി ലീലയും മോളി കണ്ണമാലിയും അഞ്ജനയുമാണു വീട്ടുജോലിക്കാരുമായെത്തുന്നത്. ഇവരും പിന്നെ അമ്മുമ്മയുടെ വർത്തമാനവും കൂടിയാകുമ്പോൾ പാട്ടു കാണുവാനും കേൾക്കുവാനും ഏറെ രസകരം. ഷാൻ റഹ്മാന്റേതാണു സംഗീതം. 

നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെയുണ്ടാകും ഇങ്ങനെയുള്ള അപ്പുപ്പൻമാരും അമ്മുമ്മമാരും. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കു പറയുന്ന വീട്ടുകാര്യങ്ങളിൽ ഒരുപാട് നിബന്ധനകളുള്ള വീട്ടിലെ ജോലിക്കാരുമായി നിരന്തരം വഴക്കിടുന്നവർ. ജൂഡ് ആന്റണിയുടെ ഒരു മുത്തശി ഗദയിലുള്ള മുത്തശിയും നമുക്കു പരിചയമുള്ള അതേയാൾ തന്നെയാണു. തനി പകർപ്പ്. 

ജൂഡിന്റെ തന്നെയാണു തിരക്കഥയും. സുരാജ് വെഞ്ഞാറമൂട്, ലെന, രൺജി പണിക്കർ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് അപർണ ബാലമുരളി, നമിത പ്രമോദ്, രാജീവ് പിള്ള തുടങ്ങിയവരാണു പ്രധാന വേഷത്തിലെത്തുന്നത്. മുകേഷ് ആർ മെഹ്തയാണു നിർമ്മാണം.