മോശം പാട്ടുകൾ‌ ചെയ്താൽ കൊല്ലുമെന്ന് ഭീഷണി: പാക് ഗായകൻ നാടുവിട്ടു

മോശം ഗാനങ്ങളുടെ സൃഷ്ടാവ് എന്ന പേരിൽ പാകിസ്ഥാനിലും പിന്നീട് ലോകത്തും പ്രശസ്തനായ ആളാണ് താഹിർ ഷാ. ഇദ്ദേഹം ഇപ്പോൾ പാകിസ്ഥാൻ‌ വിട്ടു എന്നാണ് റിപ്പോർട്ടുകൾ. താഹിറിന്റെ പാട്ടുകൾ തീർത്തും അരോചകമാണെന്നും ഇനിയും ഇത്തരം ആവിഷ്കാരങ്ങളുമായി വന്നാൽ കൊലപ്പെടുത്തുമെന്നും കുറേ നാളായി പല കേന്ദ്രങ്ങളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ഇത് സഹിക്കാൻ കഴിയാതെ അദ്ദേഹം നാടുവിടുകയായിരുന്നു. താഹിറിന്റെ മാനേജരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഐ ടു ഐ എന്ന പാട്ടായിരുന്നു ആദ്യം എത്തിയത്. പാട്ടിന്റെ വരികളിലെ അഭംഗിയും ഈണത്തിലെ സുഖമില്ലായ്മയും ആയിരുന്നു താഹിറിനെ വിമർശിക്കാനുളള പ്രധാന കാരണം. രണ്ടാമത്തെ ആൽബമായിരുന്നു എയ്ഞ്ചൽ‌. താഹിർ മാലാഖയെ പോലെ വേഷം കെട്ടി  കൂടി എത്തിയതോടെ മുൻപത്തേക്കാൾ രൂക്ഷമായി വിമർശനം. 

പ്രശസ്തിയ്ക്കു വേണ്ടി കലയെ ഉപയോഗപ്പെടുത്തുകയും അതുവഴി ജനങ്ങളെ അപമാനിക്കുകയും ചെയ്യുകയാണ് താഹിർ എന്നായിരുന്നു പ്രധാനമായും ഉയർന്ന വാദം. അടുത്തിടെ പാകിസ്ഥാനിലെ ആദ്യ ഓൺലൈൻ ചിത്രത്തിൽ അഭിനയിച്ച് താഹിർ ആ രംഗത്തും കടന്നുവന്നതോടെ വിമർശകരുടെ ഭാഷയും കടുത്തതായി. സർക്കാരി‍ൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ട് സർക്കാർ കൊടുക്കാതെ വന്നതും ഗായകന് കടുത്ത നിരാശയായി. ഇതേതുടർന്നാണ് അദ്ദേഹം പാകിസ്ഥാന്‍ വിട്ടത്.