ഗായകനായി പ്രകാശ് രാജ്

തന്റെ അഭിനയ മികവുകൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തെ വിസ്മയിപ്പിച്ച നടനാണ് പ്രകാശ് രാജ്. നായകനായും വില്ലനായും, സ്വഭാവനടനായും, സഹനടനായുമെല്ലാം അരങ്ങ് തകർക്കുന്ന പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. നടനായി മാത്രം ഒതുങ്ങാതെ നിർമ്മാതാവിന്റേയും സംവിധായകന്റേയും വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുള്ള താരം ആലാപനത്തിലേയ്ക്കും കടക്കുന്നു.

ആര്യയും അനുഷ്‌ക ഷെട്ടിയും അഭിനയിക്കുന്ന ഇഞ്ചി ഇടുപ്പഴകായ്ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഗായകനാവുന്നത്. പിന്നണിപാടുന്ന വിവരം ചിത്രത്തിന്റെ നിർമ്മാക്കൾ തന്നെയാണ് പുറത്തുവിട്ടത്. ഞാൻ പാടിയതിനെ പിന്നണിഗാനരംഗത്തെ അരങ്ങേറ്റമെന്നൊന്നും പറയാൻ സാധിക്കുമോ എന്നറിയില്ലെങ്കിലും ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ടെന്നാണ് താരം വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. തമിഴ് തെലുങ്ക് ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര് സൈസ് സീറോ എന്നാണ്.

ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി തന്റെ ഭാരം 20 കിലോ വർദ്ധിപ്പിച്ചിരുന്നു. തടിച്ച അനുഷ്‌കയെ മോഡലാക്കിക്കൊണ്ടുള്ള ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. സ്ത്രീകൾക്ക് അമിതവണ്ണം മൂലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ ആധാരമാക്കിയുള്ള ചിത്രത്തിൽ അനുഷ്‌ക ഷെട്ടി രണ്ട് ഗെറ്റപ്പിലാണ് എത്തുന്നത്. അനുഷ്‌കയേയും ആര്യയേയും കൂടാതെ, സോനാൽ ചൗഹാൻ, ഉർവ്വശി, മാസ്റ്റർ ഭരത് എന്നിവരും അഭിനയിക്കുന്നുണ്ട്. തെലുങ്ക് നടൻ നാഗാർജുനയും ചിത്രത്തിൽ അതിഥി വേഷവുമായി എത്തുന്നുണ്ട്.

പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും കനിഹ ധില്ലനാണ് എഴുതിയിരിക്കുന്നത്. പിവിപി സിനിമയുടെ ബാനറിൽ പ്രസാദ് വി പോട്ട്‌ലൂരി നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തീയേറ്ററിലെത്തും.