പ്രേമം: നാഗചൈതന്യയ്ക്കു വേണ്ടിയും വിജയ് തന്നെ

തെലുങ്കിലെ ജോർജാകുന്ന അക്കിനേനി നാഗചൈതന്യക്കു വേണ്ടി പാടുവാനും വിജയ് യേശുദാസ് തന്നെ. പ്രേമത്തിലെ മലരേ എന്ന ഗാനത്തിന്റെ തെലുങ്കു വരികളും വിജയ് യേശുദാസിന്റെ സ്വരത്തിൽ നമുക്കു കേൾക്കാം. ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായി. വിജയ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അക്കിനേനി നാഗചൈതന്യ നായകനാകുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. ചാന്ദൂ മൊണ്ടേതിയാണ് പ്രേമത്തിന്റെ തെലുങ്കു പതിപ്പിന്റെ സംവിധായകൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചലച്ചിത്രം മലയാളത്തിലിറങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. സിനിമയിലെ വേഷവിധാനങ്ങളും ഡയലോഗുകളും കഥാപാത്രങ്ങളും പോലെ തന്നെ അതിലെ ഗാനങ്ങളും ഇന്നും നമുക്കിടയിൽ ചർച്ചയാണ്. പ്രത്യേകിച്ചും മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന പാട്ട്. മലരേ എന്ന ഗാനം മലയാളിയുടെ പ്രിയ ഗീതങ്ങളിലൊന്നുമാണ്. കൂടാതെ വിജയ് യേശുദാസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നുമാണത്. ശബരീഷ് വർമയാണ് മലയാളത്തിലെ വരികളെഴുതിയത്. രാജേഷ് മുരുഗേശനായിരുന്നു സംഗീത സംവിധായകൻ.