യൂറോപ്യൻ മ്യൂസിക്ക് പുരസ്കാരം നേടാൻ പ്രിയങ്ക ചോപ്രയും

ഈ വർഷത്തെ യുറോപ്യൻ മ്യൂസിക്ക് പുരസ്കാരത്തിനായി നാമ നിർദ്ദേശം ചെയ്തവരുടെ പേരുകൾ പുറത്തുവിട്ടപ്പോൾ അതിൽ പ്രിയങ്ക ചോപ്രയും മോണിക്ക ദോഗ്രയും. ബെസ്റ്റ് ഇന്ത്യൻ ആക്റ്റ് കാറ്റഗറിയിലാണ് പ്രിയങ്ക ചോപ്രയും, മോണിക്കയും, ഇൻഡസ് ക്രീഡും, ദ സ്കാ വെഞ്ചേഴ്സും, യുവർ ചിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ബോളീവുഡിൽ നിന്നൊരു നടി യൂ‌റോപ്പ്യൻ മ്യൂസിക്ക് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. ഇന്ത്യൻ ബെസ്റ്റ് ആക്റ്റിൽ ഒന്നാമതെത്തുന്ന ആൾ ബെസ്റ്റ് ആക്റ്റ് വേൾഡ് വൈഡിൽ മത്സരിക്കും.

ബോളീവുഡ് നടിയായ പ്രിയങ്ക ചോപ്ര ഇൻ മൈ സിറ്റി എന്ന സിംഗിളിലൂടെയാണ് ഇംഗ്ലീഷ് പോപ്പ് രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമേരിക്കൻ റാപ്പറായ വിൽ ഐ ആമുമായി സഹകരിച്ച് താരം പുറത്തിറക്കിയ ആദ്യ സിംഗിൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. തുടർന്ന് പിറ്റ് ബുള്ളമായി സഹകരിച്ച് എക്‌സോട്ടിക്ക് എന്ന ഗാനം പുറത്തിറക്കി. പാട്ടുകാരി എന്ന നിലയിൽ പ്രിയങ്കയ്ക്ക് അന്തർദേശീയ ശ്രദ്ധ നേടിക്കൊടുത്ത ഗാനമായിരുന്നു എക്‌സോട്ടിക്ക്. അതിന് 1990 കളിൽ ബോണി റയ്ത് പുറത്തിറക്കിയ ഐ ക്യാന്റ് മെയ്ക് യു ലവ് മി എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുള്ള ഗാനമാണ് ഐ ക്യാന്റ് മെയ്ക് യു ലവ് മി. ഇൻ മൈ സിറ്റി ഇതുവരെ 1.7 കോടി ആളുകളും, എക്‌സോട്ടിക്ക് 7.1 കോടി ആളുകളും, ഐ ക്യാന്റ് മെയ്ക് യു ലവ് മി 93 ലക്ഷം ആളുകളും ഇതുവരെ യൂട്യൂബിലൂടെ കണ്ടിട്ടുണ്ട്.

ഇന്ത്യൻ വംശജയായ മോണിക്ക ദോഗ്ര ഷയിർ ആന്റ് ഫങ്ക് എന്ന ബാൻഡിലെ അംഗമാണ്. കൂടാതെ റോക്ക് ഓൺ, ധോബിഗാട്ട്, ഡേവിഡ് തുടങ്ങിയ ചിത്രങ്ങളിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്.