251 കോടിയും കടന്ന് ഗണ്ണം സ്റ്റൈൽ

ഒരുപക്ഷേ കഴിഞ്ഞ കുറേ വർഷത്തിനിടയിൽ ലോകം ഒരുമിച്ച് ചുവടുവച്ചത് ഈ പാട്ടിനാകാം. സൈ എന്ന കൊറിയക്കാരന്റെ വികൃതിത്തരങ്ങൾ കാണിച്ച് പാടി ആടിയ പാട്ട്. ഗണ്ണം സ്റ്റൈൽ. ഉൾനാടൻ ഗ്രാമങ്ങളിലേക്കു പോലും സൈയുടെ ചുവടുകൾ ആളുകൾ അനുകരിച്ച് കളിച്ചു. 251 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ലോകമൊട്ടുക്ക് കണ്ടത്. പുതിയ പാട്ടുകൾ പലതും കടന്നുവന്നുവെങ്കിലും ഇന്നും സൈ യുടെ പാട്ടിന് കാണികളേറെ.

നാലു മിനുട്ട് പന്ത്രണ്ട് സെക്കൻ‍ഡ് ദൈർഘ്യമുള്ള പാട്ടിലെ വ്യത്യസ്തമായ ദൃശ്യങ്ങൾ തന്നെയാണ് ഏറ്റവും വലിയ പ്രത്യകത. കൈകൾ മുന്നിലേക്ക് പിണച്ചുവച്ച് കാലുകളെ ചടുലമായി ചലിപ്പിക്കുന്ന സൈ സ്റ്റൈൽ. കണ്ടിരിക്കുവാൻ തമാശകളേറെ. 2012 ജൂലൈ 15നാണ് സൈയ്‌യുടെ ആൽബം യുട്യൂബിലെത്തുന്നത്. ലോകത്തിലേറ്റവുമധികം കാണികളുള്ള പാട്ടുകളുടെ ലിസ്റ്റിൽ ഇപ്പോഴും സൈ തന്നെയാണ് മുന്നിൽ. ഡാഡി എന്ന പേരിൽ രണ്ടാമതൊരു ആൽബവും സൈ ഇറക്കിയിരുന്നു ഈ വർഷം. അതും മികച്ച രീതിയിൽ മുന്നേറുന്നുണ്ട്. ഗണ്ണം സൃഷ്ടിച്ച തരംഗമുണ്ടാക്കാനിയില്ലെന്നു മാത്രം.