മുരുകനെ പോലെ പുലിയാണ് ഈ പാട്ടെഴുത്തുകാരനും

കേരളമൊട്ടാകെയുള്ള കൊട്ടകകളിൽ നിന്നു പുലിവേട്ടയുടെ പാട്ടാരവം മുഴങ്ങുമ്പോൾ തൃശൂർ കുന്നംകുളത്തെ വീട്ടിൽ ‘ഞാനിതൊന്നുമറിഞ്ഞില്ലേ മുരുകാ’ എന്ന മട്ടിലിരിപ്പാണു ഹരിനാരായണൻ എന്ന ചെറുപ്പക്കാരൻ.

റെക്കോഡുകൾ തകർത്തു ഹിറ്റ്ചാർട്ടിലേക്കു കുതിക്കുന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിനുവേണ്ടി ഹരിനാരായണൻ എഴുതിയ ‘മുരുകാ മുരുകാ’ എന്നു തുടങ്ങുന്ന തീം സോങ് മലയാളികൾക്കിടയിൽ ഹരമായി പടർന്നുപിടിച്ചിരിക്കുകയാണ്. ബിഗ് സ്ക്രീനിൽ ലാലേട്ടൻ മീശപിരിച്ചു മുണ്ടുമടക്കിക്കുത്തി ഉശിരൻ ആക്‌ഷൻ രംഗങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പശ്ചാത്തലത്തിൽ ഈ ആവേശഗാനമുണ്ട്. ഗോപി സുന്ദർ ആണ് ഈണം നൽകിയിരിക്കുന്നത്.

കുട്ടിക്കാലത്തു തുടങ്ങിയതാണ് ഹരിനാരായണനു പാട്ടിനോടുള്ള പ്രിയം. ആദ്യമായി ഗാനരചയിതാവിന്റെ മേൽവിലാസം നൽകിയത് ‘പട്ടുറുമാൽ’ എന്ന മാപ്പിളപ്പാട്ട് ആൽബമാണ്. 2010ൽ മലയാളസിനിമയിലേക്ക് കന്നിപ്രവേശം. ബി. ഉണ്ണിക്കൃഷ്ണന്റെ ‘ത്രില്ലറി’നു വേണ്ടിയായിരുന്നു ആദ്യ ഗാനം.

സംഗീതസംവിധായകരിൽ ജെറി അമൽദേവ് മുതൽ രതീഷ് വേഗ, ദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ ന്യൂ ജനറേഷൻ സംവിധായകരുടെ വരെ ഈണങ്ങൾക്കൊത്തു വരികൾ എഴുതാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് ഹരിനാരായണന്. ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലാണ് ജെറി അമൽദേവിന്റെ സംഗീതത്തിൽ പാട്ടെഴുതാൻ അവസരം ലഭിച്ചത്. പിന്നാലെ രാഹുൽ രാജിനൊപ്പമുള്ള ‘കോഹിനൂർ’ എന്ന ചിത്രത്തിലെ ‘ഹേമന്തമെൻ കൈക്കുമ്പിളിൽ’ എന്ന ഗാനം.

‘ഹൗ ഓൾഡ് ആർ യൂ’, ‘കലി’, ‘ജെയിംസ് ആൻഡ് ആലിസ്’, ‘ലൈല ഓ ലൈല’, ‘റിങ് മാസ്റ്റർ’, ‘മിലി’, ‘1983’, ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’, ‘ടു കൺട്രീസ്’ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ ഗോപി സുന്ദറിന്റെ ഈണങ്ങൾക്കൊപ്പമുള്ള കെമിസ്ട്രി തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ചു. ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിലെ ‘ചിത്തിരമുത്തേ..’ എന്ന പാട്ടിന്റെ ചരണത്തിനു വേണ്ടി കുറച്ചു ഹിന്ദി വരികളും എഴുതി ഹരിനാരായണൻ. ‘അനുരാഗകരിക്കിൻവെള്ള’ത്തിലെ ‘മനോരാഗം ഭവാനറിഞ്ഞോ..’ എന്നു തുടങ്ങുന്ന പാട്ടുവരികൾ സ്വാതികൃതിയുടെ ശൈലിയിലാണ് എഴുതിയത്. ‘പാ.വ’യിലെ ‘ദേ ഇതെന്നാടാ, ദേണ്ടേ വരുന്നെടാ’ എന്ന പാട്ട് കോട്ടയംഭാഷയുടെ ചുവടുപിടിച്ചാണെങ്കിൽ ‘ജമ്നാപ്യാരി’യിലെ ‘ന്തൂട്ടാ ക്ടാവേ’ എന്ന ഗാനം തനി തൃശൂർ ശൈലിയിൽ. 

‘മിസ്റ്റർ ഫ്രോഡ്’ എന്ന ചിത്രത്തിനു വേണ്ടി ‘ഖുദാ വോ ഖുദാ’ എന്ന ഗാനം എഴുതിയ തൂലികത്തുമ്പിൽനിന്നു തന്നെയാണു പിന്നീട് പച്ചമലയാളം മധുരിക്കുന്ന ‘അമ്പാഴം തണലിട്ടൊരിടവഴിയിൽ’, ‘ഓലഞ്ഞാലിക്കുരുവീ’ തുടങ്ങിയ ഗാനങ്ങളും നാം കേട്ടത്. ഇങ്ങനെ ഓരോ പാട്ടിലും എന്തെങ്കിലും പുതുമകൾ പരീക്ഷിക്കുന്നതിലാണ് ഈ പാട്ടെഴുത്തുകാരന്റെ കൗതുകം. ‘ടിയാൻ’, ‘എസ്ര’ തുടങ്ങി ഒട്ടേറെ പുതിയ ചിത്രങ്ങൾക്കു വേണ്ടി പാട്ടെഴുതുന്ന തിരക്കിലാണ് ഇപ്പോൾ ഹരിനാരായണൻ.