രാകേന്ദുവിന് സമാപനം

നിലാവ് പെയ്ത്...അനശ്വര പ്രതിഭകൾക്ക് ആദരം അർപ്പിക്കാൻ സി.കെ.ജീവൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവന്ന രാകേന്ദു സംഗീതോത്സവം സമാപനത്തിൽ മുൻ സാംസ്കാരിക സെക്രട്ടറി സാജൻ പീറ്ററും ജ്യോതി മേനോനും ചേർന്നു ഗാനം ആലപിക്കുന്നു.

രാകേന്ദു സംഗീതോത്സവത്തിന് സമാപനം. സംഗീത പരിപാടികളും സാഹിത്യ-സംഗീത പ്രഭാഷണങ്ങളും ചിത്രപ്രദര്‍ശനവും ഒക്കെയായി കഴിഞ്ഞ നാലു രാവുകള്‍ കോട്ടയത്തിനു കലാ ഭംഗി പകര്‍ന്നാണ് രാകേന്ദു കടന്നുപോയത്. പരിപാടികള്‍ക്കു നല്‍കിയ പേരില്‍ തുടങ്ങി എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും രാകേന്ദു വേറിട്ടു നിന്നു. സിഎംഎസ് കോളജിലായിരുന്നു പോയ വര്‍ഷങ്ങളില്‍ രാകേന്ദു അരങ്ങേറിയതെങ്കില്‍ ഇത്തവണ അത് എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. എങ്കിലും രാകേന്ദു സാന്ദ്രലയമായ അന്തരീക്ഷം തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്.

പൗര്‍ണമി ദിനമായ ജനുവരി 12ന് ആരംഭിച്ച സംഗീത-സാഹിത്യ ഉത്സവത്തിലെ ഓരോ ദിനത്തിനും നിലാവുമായി ബന്ധപ്പെട്ട പേരായിരുന്നു നല്‍കിയിരുന്നത്. ഒഎന്‍വിയുടെ ഓര്‍മകളില്‍ അവതരിപ്പിച്ച പരിപാടിയുടെ പേര് നിറനിലാവ് എന്നായിരുന്നു. കാവാലത്തിന്‌റെ നാടിന്‍ തുടിയുള്ള താളങ്ങള്‍ക്കൊപ്പം നിന്ന ദിവസത്തിന് നാട്ടുനിലാവ് എന്നായിരുന്നു പേര്. മലയാളം എക്കാലവും കേട്ട പ്രണയ ഗാനങ്ങള്‍ സംഗമിച്ച പരിപാടിയെ പ്രണയനിലാവ് എന്നാണു പേരിട്ടു വിളിച്ചത്. ഇന്ന് ഹിന്ദി ചലച്ചിത്രങ്ങളിലൂടെയുള്ള പ്രയാണമാണു. അതിനു പേര് ചാന്ദ്‌വീ കാ ചാന്ദ്.

കോട്ടയത്തെ സി.കെ ജീവന്‍ സ്മാരക ട്രസ്റ്റ് ആണ് രാകേന്ദു സംഗീത-സാഹിത്യ ഉത്സവം സംഘടിപ്പിച്ചത്. കവി ശ്രീകുമാരന്‍ തമ്പിയ്ക്കായിരുന്നു ഇത്തവണത്തെ രാകേന്ദു പുരസ്‌കാരം. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോടായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

രാകേന്ദുവിനായി മനോരമ ഓണ്‍ലൈന്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ പേജ് കാണാം

വൈക്കം വിജയലക്ഷ്മി, കല്ലറ ഗോപന്‍, കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, അപര്‍ണ രാജീവ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗായക നിരയായിരുന്നു പോയ ദിവസങ്ങളിലെ പരിപാടികളിലെ സ്വര സാന്നിധ്യങ്ങള്‍.ംകോഴിക്കോട്ടെ കലാകാരന്‍മാരുടെ യെസ് ബാന്‍ഡ് ആണ് ഓര്‍ക്കസ്ട്രയ്ക്കു പിന്നില്‍. യുവപ്രതിഭകളുടെ സംഗീത സംഘത്തെ കോട്ടയത്തുകാര്‍ എന്നും ഓര്‍ക്കും. അത്രയ്ക്കു രസകരമായിരുന്നു ഇവരുടെ ഓര്‍ക്കസ്ട്ര. അവസാന ദിവസമായ ഇന്നലെ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്ര ഗീതങ്ങളുമായി ചാന്ദ്‍വീ കാ ചാന്ദ് ആയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറി സാജൻ പീറ്റർ ഐഎഎസ് പരിപാടിയിൽ പാടാനെത്തിയത് കൗതുക കാഴ്ചയായി. 

കാവാലം നാരായണ പണിക്കരുടെ ഓര്‍മകളില്‍ നിന്നുകൊണ്ട് നാടക സംവിധായകന്‍ ചന്ദ്രദാസനും സോപാനം ശിവകുമാറും ചേര്‍ന്ന അവതരിപ്പിച്ച വായ്ത്താരിയാണ് പരിപാടികളുടെ കൂട്ടത്തില്‍ ഏറ്റവും വേറിട്ടു നിന്നത്. ഒഎന്‍വിയുടെ ഗാനങ്ങള്‍ പാടി ചെറുമകള്‍ അപര്‍ണ രാജീവും അച്ഛന്‍ കാവാലം നാരായണ പണിക്കരുടെ പാട്ടുകള്‍ പാടി കാവാലം ശ്രീകുമാറും എത്തിയതും പ്രത്യേക അനുഭമായി പ്രേക്ഷകര്‍ക്ക്.

മലയാള സിനിമയുടെ അപൂര്‍വ്വ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. അതുകൂടാതെ ചതുരാത്മ ഗ്രൂപ്പ് ഒരുക്കുന്ന ഓഎന്‍വി ഗാനങ്ങളുടെ ചിത്രാവിഷ്‌കാരം, ഒരുക്കുന്ന ഓഎന്‍വി ഗാനങ്ങളുടെ ജലഛായ ചിത്രങ്ങളുമായി മോപ്പസാങ് വാലത്ത്, ഷാജി വാസന്‍ ഒരുക്കുന്ന കാവാലം നാരായണപ്പണിക്കര്‍ കാരിക്കേച്ചര്‍ ഷോ, സംഗീത സംബന്ധിയായ അഞ്ഞൂറോളം സ്റ്റാമ്പുകളുടെ പ്രദര്‍ശനം എന്നിവയാണ് സംഗീത കാഴ്ചകളുടെ പ്രദര്‍ശനത്തിനെത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരുടെ കൗതുകം കളയാതെ ഓരോ ചിത്രങ്ങളും ചേര്‍ത്തു വച്ചിരുന്നു.

സംഗീതവും സാഹിത്യവും ഇഴചേര്‍ത്തുള്ള ലളിത സുന്ദരമായ കലാമേളയോടാണ് കോട്ടയം ഇന്നു വിടപറയുക. തിരക്കേറിയ ജീവിതത്തിനിടയിലും മനുഷ്യര്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു കലയെ എന്ന് തെളിയിക്കുന്നതായിരുന്നു ഓരോ രാകേന്ദു രാവുകളും.