രാകേന്ദു സംഗീത കാഴ്ചകൾ പ്രദർശനം ഇന്ന് തുടങ്ങും

കോട്ടയം സി കെ ജീവൻ  സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള രാകേന്ദു  സാഹിത്യ-സംഗീതോത്സവത്തിന്റെ ഭാഗമായി സഘടിപ്പിക്കുന്ന സംഗീത കാഴ്ചകൾ  പ്രദർശനം തിങ്കൾ ഉച്ചക്ക് 1.30 നു ചലച്ചിത്ര സംവിധായകൻ എം പി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡണ്ട് ഡിജോ കാപ്പൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു മുഖ്യാതിഥി ആയിരിക്കും. 

വിഗത കുമാരൻ മുതൽ മലയാള ചലച്ചിത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ, അവാർഡുകൾ, ചലച്ചിത്ര പ്രതിഭകളുടെ വിവരങ്ങൾ ഇവ ചിത്രീകരിക്കുന്ന “ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട മലയാളസിനിമ” എന്നതാണ് പ്രദർശനത്തിലെ മുഖ്യഇനം. ചിത്രകാരന്മാരുടെ ചതുരാത്മാ ഗ്രൂപ്പ് ഒരുക്കുന്ന ഓ എൻ വി ചിത്രങ്ങൾ, ഷാജി വാസൻ ഒരുക്കുന്ന കാവാലം കാരിക്കേച്ചർ ഷോ , സംഗീത സംബന്ധിയായ സ്റ്റാമ്പുകൾ, പുസ്തകങ്ങൾ ഇവയും  രാകേന്ദു സംഗീത കാഴ്ചകൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രദർശനം 12 വ്യാഴം മുതൽ 15 ഞായർ വരെ രാകേന്ദു സംഗീതോത്സവത്തോടൊപ്പം വൈകുന്നേരം 4.30 മുതൽ ഉണ്ടായിരിക്കും. 

രാകേന്ദു സാഹിത്യ-സംഗീതോത്സവത്തിന്റെ ഭാഗമായി ബസേലിയസ് കോളേജ് മലയാളവിഭാഗവുമായി ചേർന്ന് സഘടിപ്പിച്ച ഗാനാലാപന മത്സരത്തിൽ കോളജ് വിഭാഗത്തിൽ സി എം എസ്‌ കോളേജിലെ ഗോപിക ബീന ചന്ദ്രൻ, ജിക്ക്സൺ തോമസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഒ എൻ വി ഗാനാലാപന മത്സരത്തിൽ വാകത്താനം ജെറുസലേം മൌണ്ട് സ്കൂളിലെ ജെറിൻ ഷാജി ഒന്നാം സ്ഥാനവും സെന്റ് ആൻസ് സ്കൂളിലെ അപർണ രാജീവ് രണ്ടാം സ്ഥാനവും നീബ സൂസൻ ജോർജ് മൂന്നാം സ്ഥാനവും നേടി.

ആലാപനമത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്‌ഘാടനം ചെയ്തു.  ബസേലിയസ് കോളേജ് പ്രിൻസിപ്പൽ  പ്രൊഫ  അലക്സാണ്ടർ വി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എം എൽ എ, സി. കെ ജീവൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ്  ഡിജോ കാപ്പൻ, സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ, ഡോ. സെൽവി സേവ്യർ എന്നിവർ പ്രസംഗിച്ചു.