ഇന്ത്യൻ പട്ടാളക്കാർക്കാര്‍ക്കായി ജോണിന്റ പാട്ട്

നടൻ ജോൺ എബ്രഹാം ഭാഗമായ ഒരു പാട്ട് എന്നതു മാത്രമല്ല ഫോഴ്സ് 2 എന്ന ചിത്രത്തിലെ രംഗ് ലാല് എന്ന പാട്ടിന്റെ പ്രത്യേകത. അടുത്തിടെ അതിർത്തിയിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനമാണിത്. രാജ്യത്തിന്റെ വികാരം ഉൾക്കൊണ്ടു കൊണ്ടു ചെയ്ത ഗാനം. തീവ്രമായ സംഭാഷണങ്ങളാണു ജോൺ എബ്രഹാം ഈ പാട്ടിന്റെ തുടക്കത്തിൽ പറയുന്നത്. അതു തന്നെയാണു ഗാനത്തിന്റെ പ്രത്യേകതയും. 

ദേവ് നേഗി ആണു ഗാനം ആലപിച്ചിരിക്കുന്നത്. അതിർത്തിയിൽ പാകിസ്ഥാന്റെ  ആക്രമണം നേരിട്ടപ്പോഴും പിന്നീടതിനു തിരിച്ചടി നൽകിയപ്പോഴുമുള്ള ജനവികാരമാണു പാട്ടിൽ പ്രതിഫലിക്കുന്നത്. മുംബൈയിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. ജോൺ എബ്രഹാമും സംഘവും നീണ്ട മണിക്കൂറുകളുടെ റിഹേഴ്സലിനൊടുവിലാണു ഗാനം ചിത്രീകരിച്ചത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണു ഗാനത്തിനു വേണ്ടി മാത്രം ഇത്രയും പ്രയത്നമെടുത്ത് പാട്ടു ചിത്രീകരിച്ചത്. സിനിമയുടെ തീക്ഷ്ണതയും രാജ്യം നേരിട്ട പ്രശ്നത്തിന്റെ വ്യാപ്തിയും ഉൾക്കൊണ്ട ഗാനം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സിനിമയുടെ ട്രെയിലർ ഒരു കോടിയിലധികം പ്രാവശ്യമാണു ലോകം വീക്ഷിച്ചത്. സോനാക്ഷി സിൻഹയുടെ തകർപ്പൻ ആക്ഷനാണു സിനിമയുടെ മറ്റൊരു പ്രത്യേകത. അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം 18ന് റിലീസിനെത്തും.