ഇക്കാരണം കൊണ്ടാണോ സല്ലു അരിജിത്തിനോട് പിണങ്ങിയത്?

അരിജിത് സിങ്, സൽമാൻ ഖാൻ

സൽമാനെയും ആരാധകരേയും ഞെട്ടിച്ചുകൊണ്ട് ഒരു തുറന്ന കത്തുമായാണ് ഗായകൻ അരിജിത് സിങ് ഇന്ന് രാവിലെ നെറ്റ് ലോകത്ത് എത്തിയത്. താനൊരിക്കലും സല്ലുവിനെ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഗായകന്റെ പരിപൂർണമായ മാപ്പപേക്ഷയായിരുന്നു വിഷയം. ഒപ്പം തന്റെ പാട്ട് സല്ലുവിന്റെ പുത്തൻ ചിത്രം സുൽത്താനിൽ നിന്ന് ഒഴിവാക്കരുതെന്നും പറഞ്ഞിരുന്നു. ഇതൊക്കെ കണ്ട് ആർക്കും ഒന്നും മനസിലായില്ലെന്നതാണ് വാസ്തവം. 

ഏതോ ഒരു ചടങ്ങിൽ വച്ച് സൽമാനെ അപമാനിക്കും വിധം അരിജിത് സംസാരിച്ചതാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുവാൻ കാരണമെന്നായിരുന്നു ആദ്യ വിവരം. പക്ഷേ ഈ ചടങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണമെന്ന് പറയുന്ന ഒരു വിഡിയോ എത്തിയിരിക്കുന്നു. തും ഹി ഹോയിലെ ആലാപനത്തിന് മികച്ച ഗായകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. നിങ്ങളെന്നെ ഉറക്കി കളഞ്ഞല്ലോ എന്നു പറഞ്ഞു കൊണ്ടാണ് അരിജിത് സ്റ്റേജിലേക്ക് വരുന്നത്. ഉറങ്ങിയെങ്കില്‍ കാരണം ഞങ്ങളല്ല, തും ഹി ഹോ എന്ന ഗാനമാണെന്ന് സൽമാന്റെ മറുപടി. തും ഹി ഹോ സൽമാൻ പാടുകയും അരിജിത് തിരിച്ചു മനോഹരമായി പാടുകയും ചെയ്തു. അതിനു ശേഷം നിങ്ങളിത് അർഹിക്കുന്നുവെന്ന് പറഞ്ഞ് സൽമാൻ അവാർ‍ഡ് കൈമാറുന്നു. അരിജിത് തമാശയ്ക്കോ ഒരു രസത്തിനോ ചെയ്ത കാര്യം അദ്ദേഹത്തിനു തന്നെ വിനയായി എന്നു വേണം കരുതുവാൻ. ഇത്ര‌യുമാണ് വിഡിയോയിലുള്ളത്. സൽമാൻ അൽപം സ്വരം കടുപ്പിച്ചാണ് സംസാരിച്ചതും. 2014ലായിരുന്നു ഇത് നടന്നത്. പ്രേം രത്തൻ ധൻ പായോ, കിക്ക് എന്നീ ചിത്രങ്ങളിലും അരിജിത്തിന് പാടാനാകാതെ പോയത് ഇതുകൊണ്ടായിരുന്നു, അതുപോലെ മു ഹമ്മദ് ഇർഫാനേയും സൽമാൻ കാരണമാണ് പാടിക്കാത്തത് എന്നാണ് വിവരം. 

ഈ സംഭവത്തിനു ശേഷം അരിജിനെ തന്റെ ചിത്രങ്ങളിൽ പാടിക്കാതിരിക്കാൻ സൽമാൻ ശ്രമിച്ചുവത്രേ. മാത്രമല്ല, സുൽത്താനിൽ പാടിയ ഗാനം സിനിമയിലോ ആൽബത്തിലോ വേണ്ടെന്ന് സൽമാൻ വാശിപിടിക്കുകയും ചെയ്തുവെന്നാണ് അരിജിതിന്റെ ഭാഷ്യം. തന്റെ ഭാഗം ന്യായീകരിച്ചും ക്ഷമാപണം നടത്തിയിട്ടും സൽമാൻ പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് തുറന്ന കത്തുമായി അരിജിത് രംഗത്തു വന്നത്. വിഡിയോ കാണാം...