ജ്യോതിക്ക് ഗോൾഡൻ റീൽ നോമിനേഷൻ സമർപ്പിച്ച് റസൂൽ പൂക്കുട്ടി

ലോകം ശ്രദ്ധിക്കുന്ന പുരസ്കാരങ്ങളിൽ ഒന്നു കൂടി നമ്മുടെ റസൂൽ പൂക്കുട്ടിയുടെ പേരെഴുതപ്പെടുമോ? ചലച്ചിത്രങ്ങളിലെയും ഡോക്യുമെന്ററികളിലെയും ഷോർട്ട് ഫിലിമുകളിലെയും ശബ്ദമിശ്രണത്തിനുള്ള പ്രശസ്തമായ ഗോൾഡൻ റീൽ പുരസ്കാരങ്ങൾക്കുള്ള രണ്ട് നോമിനേഷനുകളാണ് പൂക്കുട്ടിക്ക് ലഭിച്ചത്. വിദേശ ചിത്രങ്ങളിലെയും ടെലിവിഷൻ ഡോക്യുമെന്ററികളിലെയും മികച്ച സൗണ്ട് എഡിറ്റർക്കുള്ള അവാർഡിനുള്ള നോമിനേഷനാണിലാണ് റസൂൽ പൂക്കുട്ടിയും ഇടംപിടിച്ചത്.

ഇന്ത്യാസ് ഡോട്ടർ ആണ് ഡോക്യുമെന്ററി, അൺഫ്രീഡം ആണ് ഫീ‌ച്ചർ ഫിലിം. ഡൽഹിയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ജീവിതമാണ് ഇന്ത്യാസ് ഡോട്ടറിലൂടെ ലെസ്‍ലീ ഉഡ്‍വിനെന്ന ബ്രിട്ടിഷ് സംവിധായിക ഡോക്യുമെൻററിയാക്കിയത്. നിർഭയ എന്നു നമ്മൾ വിളിച്ച ഡൽഹി പെൺകുട്ടിയെ കുറിച്ചുള്ള ചിത്രം ഇന്ത്യയിൽ നിരോധിച്ചുവെങ്കിലും അന്താരാഷ്ട്ര രംഗത്തെ നിരവധി വേദികളിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടു. നോമിനേഷൻ ജയിച്ച വിവരം റസൂൽ പൂക്കുട്ടിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നോമിനേഷൻ വിജയം റസൂൽ പൂക്കുട്ടി സമർപ്പിച്ചതും നിർഭയയയ്ക്കു തന്നെ. കൊല്ലം ജില്ലയിലുള്ള വിളക്കുപാറയാണ് റസൂൽ പൂക്കുട്ടിയുടെ നാട്.

സ്ലം ഡോഗ് മില്യണയറിലൂടെ ഓസ്കർ നേടിയ ഈ മലയാളി സൗണ്ട് എഞ്ചിനീയറുടെ പുരസ്കാര പട്ടികയിലേക്ക് ഗോൾഡൻ റീൽ എത്തുമോയെന്നറിയുവാൻ അടുത്ത മാസം ഇരുപത്തിയേഴു വരെ കാത്തിരിക്കണം. അന്ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ചടങ്ങിലാണ് 63മത് ഗോൾഡൻ റീൽ‌ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മാഡ് മാക്സ്, സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ്, റവനൻറ്, കോംപ്ടൺ, ത്രോൺസ് എന്നിവയാണ് ഏറ്റവുമധികം മോഷൻ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്സ് അവാർ‍ഡിലെ ഭൂരിഭാഗം നോമിനേഷനുകളും കയ്യടക്കിയത്.