മാർപാപ്പയെ പാട്ടിലൂടെ വരവേറ്റ് മലയാളി ഗായകസംഘം

ഒന്നു കാണാൻ, ഒന്നു തൊടാൻ, ഒരു വാക്കെങ്കിലും കേൾക്കുവാൻ ലോകത്തുള്ള അനേകായിരങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിത്വങ്ങളിലൊരാളാണു ഫ്രാൻസിസ് മാർപാപ്പ. അപ്പോൾ അദ്ദേഹത്തിനു മുന്നിൽ പാടുവാൻ തന്നെ കഴിഞ്ഞാലോ! റെക്സ്ബാൻഡ് എന്ന മലയാളി സംഗീത സംഘത്തിന് ഇത്രയേറെ സന്തോഷം നൽകുന്ന കാര്യവും അതുതന്നെയാണ്. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇത്. 

‘നാഥനെ വാഴ്ത്തി പാടാം’ എന്ന ഗാനത്തിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പയെ ഗായകസംഘം എതിരേറ്റത്. ‘വേൾഡ് യൂത്ത് ഡേ’യോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം പോളണ്ടിൽ മാർപാപ്പ എത്തിയപ്പോഴായിരുന്നു ഇത്. 

ജീസസ് യൂത്ത് മൂവ്മെന്റിന്റെ ഭാഗമായുള്ള മ്യൂസിക് ബാൻഡ് ആണ് ‘റെക്സ് ബാൻഡ്’. 25 വർഷത്തെ പാരമ്പര്യമുള്ള ഈ സംഗീതസംഘം ഇതിനോടകം 25ൽ അധികം രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങളിൽ നിന്നെത്തിയ 15 ലക്ഷത്തോളം യുവതീ-യുവാക്കൾക്കു മുന്നിലായിരുന്നു ഇത്തവണ ബാൻഡിന്റെ പ്രകടനം. ഇത് ആറാം തവണയാണ് വേൾഡ് യൂത്ത് ഡേ’യോടനുബന്ധിച്ച് റെക്സ് ബാൻഡിന്റെ ഗാനസമർപ്പണം. 

മാർപാപ്പ എത്തുന്ന നിമിഷത്തിൽ പിന്നണിയിൽ കേട്ട മലയാളം ഗാനം ഉണര്‍ത്തിയ കൗതുകം സമൂഹ മാധ്യമങ്ങളിലും വൈറലായി.