റിമി ഇതുവരെ വോട്ടു ചെയ്തിട്ടില്ല...കാരണം?

പാട്ടുകാരിയായി പറന്നു നടക്കുന്ന റിമി ടോമി ഇതുവരെ വോട്ട് ചെയ്തിട്ടില്ല. പണ്ട് കോളജിൽ പാട്ടും പാടി ജയിച്ച പാരമ്പര്യമുണ്ടെങ്കിലും പിന്നീട് വോട്ടു ചെയ്യാൻ കഴിയാതെ പോയതിന്റെ കഥ ‘മനോരമ ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് റിമി.

വോട്ടവകാശം കിട്ടിയിട്ട് വർഷം കുറച്ചായെങ്കിലും എനിക്കിതുവരെ‍ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നേ... കാരണം വേറൊന്നുമല്ല. അഞ്ചു വര്‍ഷം കൂടുമ്പോഴല്ലേ ഇലക്ഷൻ വരിക. അങ്ങനെ ഒന്നു രണ്ടെണ്ണം വന്നിട്ടുണ്ടേങ്കിലും ഞാൻ മിസ് ചെയ്തു. മാണി സാറിനു വോട്ടു ചെയ്യാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് കല്യാണം കഴിഞ്ഞത്. നേരേ തൃശൂർക്ക് വച്ചു പിടിച്ചു. ഇനി അവിടെ വോട്ടു ചെയ്യാലോ എന്നു കരുതിയിരിക്കമ്പോഴാണ് താമസം എറണാകുളത്തേക്ക് മാറിയിത്. പാലായിലും തൃശൂരും വോട്ടർപട്ടികയിൽ പേരു പോലും ചേർത്തിട്ടില്ലെന്നേ. ഇക്കുറി എന്തായാലും എറണാകുളത്ത് വോട്ട് ചെയ്യണംന്നാ... ദൈവം അനുഗ്രഹിച്ചാൽ ഇക്കുറി ഞാൻ കന്നി വോട്ടു ചെയ്യും, ഉറപ്പ്.

നമ്മുടെ സ്ഥാനാർഥി റിമി ടോമി

വോട്ട് ചെയ്തിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പിന്റെ ത്രില്ലൊക്കെ ഞാനും അറിഞ്ഞിട്ടുണ്ട്. പാലാ അൽഫോൺസാ കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ച് ജയിച്ചതാണ് എന്റെ രാഷ്ട്രീയ അനുഭവം. അന്ന് വോട്ട് ചോദിച്ച് ഓരോ ക്ലാസിലും കയറി ഇറങ്ങും. എല്ലാ കുട്ടികളും പാട്ടു പാടിക്കും. വോട്ട് കിട്ടേണ്ടതല്ലേ, ജയിക്കേണ്ടേ... ഞാനങ്ങ് പാടും. അവസാനം പാടി പാടി തൊണ്ട വയ്യാതെയായി. എങ്കിലും ഫലം വന്നപ്പോൾ ഞാൻ പാട്ടും പാടി ജയിച്ചു. ഇപ്പോഴും അതൊക്കെയാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓർമകൾ. ക്ലാസ്മേറ്റ്സ്, ലാൽ സലാം എന്നീ സിനിമകൾ കാണുമ്പോൾ ഇലക്ഷൻ കാലത്തിന്റെ ആ ചൂടും രസവും എല്ലാം വളരെ രസകരമായ ഓർമകളായി മുന്നിലെത്തും.

കോമഡിയല്ല, ജഗദീഷേട്ടന്റെ സ്ഥാനാർഥിത്വം

എന്തോരം സിനിമാ നടൻമാരാ ഇക്കുറി സ്ഥാനാർഥികളായി മത്സരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ തന്നെ ഇത് പുതുമയുള്ള ഒരനുഭവമാണ്. എല്ലാവരും ജനങ്ങളുടെ പ്രിയപ്പെട്ട നടന്മാർ തന്നെയാണ്. അതുകൊണ്ടു തന്നെ ഇത്തവ തെരഞ്ഞെടുപ്പ് കലക്കും. പത്തനാപുരത്ത് ജഗദീഷേട്ടനാണ് മത്സരിക്കുന്നതെങ്കിലും ടെൻഷൻ മുഴുവൻ എനിക്കാണ്. കോമഡി സ്റ്റാർസിന്റെ സെറ്റിൽ ഇരിക്കുമ്പോഴെല്ലാം ജഗദീഷേട്ടൻ ഫോണിലൂടെ ഇലക്ഷൻ ചർച്ചകളിലാണ്. സെറ്റിൽ ഞങ്ങൾ ഒരു കുടുംബം പോലെയായതിനാൽ വീട്ടിലെ ആരോ സ്ഥാനാർഥിയായതു പോലെയാണ് ഇപ്പൊ... ജഗദീഷേട്ടന്റെ ടെൻഷൻ കണ്ട് എനിക്കും ടെൻഷൻ കയറും. ചിലപ്പോൾ പത്തനാപുരത്തെ പ്രചരണത്തിന് ജഗദീഷേട്ടനൊപ്പം ഞാനും ഇറങ്ങും. ജീവിതത്തിൽ ആദ്യാമായിട്ടാണ് ആർക്കെങ്കിലും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുക. പ്രചാരണവും കന്നിവോട്ടും... എല്ലാം കൂടി ഈ തെരഞ്ഞെടുപ്പ് നല്ല ‘ഗുമ്മാ’യിരിക്കും.