റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

റിമിയുടെ കൊച്ചിയിലെ വീട്ടിലും രഘുവിന്റെ കൊല്ലത്തെ വീട്ടിലും ഒപ്പം ബന്ധുവായ സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പന്റെ തിരുവനന്തപുരത്തെ വീട്ടിലുമാണ് പരിശോധന. വിദേശത്തുനിന്നുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. റിമിയുടെ വിദേശ സ്റ്റേജ് ഷോകൾക്ക് ലഭിച്ച പണം കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരത്തിൽ കൊണ്ടുവന്ന പണം ചില സ്ഥാനാർഥികൾക്ക് കൈമാറിയെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.

മലയാളത്തിലെ ഏറ്റവും പ്രമുഖ ഗായികമാരിലൊരാൾ എന്നതിലുപരി മികച്ച ടിവി അവതാരിക കൂടിയാണ് റിമി. 2003ൽ പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നുവെന്ന ഗാനത്തോടെയാണ് റിമി ശ്രദ്ധ നേടുന്നത്. വേദികളെ ഇളക്കിമറിച്ചു പാടുന്ന ശൈലി റിമിയെ പ്രിയ ഗായികയുമാക്കി. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞി രാമായണം, എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.