രാജീവ് ആലുങ്കലിന് സാംബശിവൻ പുരസ്‌കാരം

രാജീവ് ആലുങ്കൽ

സാംബശിവൻ സ്‌മാരക പുരസ്‌കാരം ഗാനരചയിതാവ് രാജീവ് ആലുങ്കലിന്. ഓങ്കാരേശ്വരം ദേവസ്വവും യുവജനസമിതിയും ചേർന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നാടകങ്ങൾ, ആൽബങ്ങൾ, സിനിമകൾ എന്നിവയിലൂടെ നീളുന്ന ഇരുപത്തിയൊന്ന് വർഷങ്ങളിൽ രാജീവ് ആലുങ്കൽ എന്ന കലാകാരൻ മലയാളത്തിന് സമ്മാനിച്ചത് 2500 ൽ അധികം ഗാനങ്ങളാണ്. കഴിഞ്ഞ രണ്ടുദശാബ്‌ദമായി സംഗീത ലോകത്തിന്‌ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ് നല്‍കുന്നത്. പതിനായരത്തിയൊന്നു രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 13നു വിതരണം ചെയ്യും.

രാജീവ് ആലുങ്കലിനെപ്പോലെ ഗാനരചനയുടെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോയ കലാകാരന്മാർ കുറവായിരിക്കും. മികച്ച നാടക ഗാനരചിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം, മികച്ച സിനിമാ ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം അതും ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒരു വ്യക്തി നേടുന്നത്. എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.