ഇത് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒത്തുചേരൽ

പ്രണയത്തിന്റെ വിരഹത്തിന്റെ ഒന്നുചേരലിന്റെ കഥപറയുകയാണ് ഈ സംഗീത താളുകൾ. വിഭിന്നതയുടെ സ്വരഭംഗി മലയാളിക്ക് സമ്മാനിച്ച ഗായിക സയനോരയുടെ മ്യൂസിക്കൽ വിഡിയോയെ കുറിച്ച് ഇങ്ങനെ പറയാം. ഉയിരേ എന്നു തുടങ്ങുന്ന വരികളിലൂടെ സയനോരയിൽ നിന്ന് മറ്റൊരു പാട്ടുസമ്മാനം കൂടി. കറുപ്പും വെളുപ്പിലുമുള്ള ഫ്രെയിമുകളിലൂടെയുള്ള മ്യൂസിക് വിഡിയോയിൽ സയനോര പാടിയഭിനയിച്ചിരിക്കുന്നു.

കൂട്ടുകാരുടെ നിർബന്ധത്തിലാണ് സയനോര മ്യൂസിക് വിഡിയോയിലേക്കെത്തുന്നത്. കുറേ നാളായി ഈ വരികളെഴുതി വച്ചിട്ട്. അടുത്ത കൂട്ടുകാരിയുടെ വീട്ടിലെ പിറന്നാൾ ദിന ആഘോഷത്തിലായിരുന്നു പാട്ട് ആദ്യം പാടിയത്. അന്നവിടെ ഒത്തുകൂടിയവർക്കെല്ലാം ഗിത്താറിനൊപ്പം സയനോര പാടിയ പാട്ട് ഏറെയിഷ്ടപ്പെട്ടു. പിന്നീടാണ് സംഗീത ആൽബമെന്ന ആശയത്തിലേക്കെത്തുന്നത്. അന്നവിടെയുണ്ടായിരുന്ന കേഴ്‌വിക്കാരിലെ നിതിൻ വിജയ് പാട്ടിന്റെ ഫ്രെയിമുകൾ അപ്പൊഴേ മനസിൽ കണ്ടു നിതിനാണ് ഇതൊരു മ്യൂസിക്കൽ വിഡിയോ ആക്കിയാലോയെന്ന് പറഞ്ഞത്. സയനോര പറഞ്ഞു. വിഷ്വലുകളൊക്കെയായി നല്ല രസത്തിൽ ചെയ്യാമെന്ന് നിതിനാണ് പറയുന്നത്. ദീപുവിനോടൊപ്പം സ്ക്രിപ്റ്റിങ് ഒക്കെ നിതിൻ തന്നെ പൂർത്തിയാക്കി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമിൽ ചെയ്തത് എന്റെ നിറത്തിന് ചേരുമെന്നുള്ളതുകൊണ്ടാണ്. അതും നിതിന്റെ തീരുമാനമായിരുന്നു. അതിൽ എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല.

പിന്നീട് വരികൾ കുറേ കൂടി ഭംഗിയാക്കി പാട്ടെഴുതി തീർത്തു. സുഹൃത്തും സംഗീത സംവിധായകനുമായ നിഖിൽ ജെ മേനോന്‍ മ്യൂസിക് കണ്ടക്ട് ചെയ്തു. സയനോര പാടുകയും ചെയ്തു. കൂട്ടുകാരാണ് സത്യത്തിൽ ഈ ശ്രമത്തിനു പിന്നിൽ. പിന്നെ ഒക്ടോബറിൽ എഴുതിക്കഴിഞ്ഞതാണ് ഈ വരികളൊക്കെ. വലൻ‌റൈൻസ് ദിനത്തിൽ പുറത്തിറക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. ഫെബ്രുവരി ആദ്യ വാരം തന്നെ റിലീസിന് തയ്യാറായിരുന്നു. അവിടെയും കൂട്ടുകാരുടെ തീരുമാനമെത്തി. കുറച്ചു കൂടി കാത്തിരിക്കാം, പ്രണയപാട്ടല്ലേ നമുക്ക് വലൻറൈൻസ് ദിനത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാമെന്ന് പറഞ്ഞു. എന്റെ കൂട്ടുകാരുടെ നിർബന്ധമാണ് ഈ വിഡിയോ ഇപ്പോൾ പുറത്തിറക്കിയതിനു പിന്നിൽ. ഇതിൽ അഭിനയിക്കാനിരുന്നതും ഞാനല്ല. നല്ലൊരു മോഡലിനെ വച്ച് ചെയ്യിക്കാമെന്നാണ് കരുതിയരുന്നത്. പിന്നെ നിതിൻ പറഞ്ഞു, എഴുതി, ഈണമിട്ടു പാടി ഇനി അഭിനയം മറ്റൊരാൾ വേണോ. നിങ്ങൾ തന്നെ ചെയ്യൂ എന്ന്. അങ്ങനെ അതും പൂർത്തിയാക്കി. സയനോര മ്യൂസിക് വിഡിയോയിലെത്തിയ വഴികളെ കുറിച്ച് മനോരമ ഓൺലൈനോട് പറഞ്ഞു.

ഇതൊരു പ്രണയപ്പാട്ട് ആയതുകൊണ്ട് ഭർത്താവ് ആഷ്‌ലിയെ തന്നെ വിഡിയോയിൽ ഒപ്പം അഭിനയിപ്പാക്കാമെന്നാ കരുതിയത്. അതാകുമ്പോൾ ചമ്മലിന്റെ പ്രശ്നമൊന്നുമില്ലല്ലോ. പക്ഷേ ആഷ്‌ലിക്ക് എന്നെക്കാളും വലിയ ചമ്മലായിരുന്നു. പിന്നെയാണ് ആഷ്‌ലിയുടെ സുഹൃത്തായ സാൻ ഹുസൈനിലേക്കെത്തുന്നത്. അടുത്ത സുഹൃത്താകുമ്പോൾ പ്രശ്നമില്ലല്ലോ. എങ്കിലും അഭിനയിച്ച് തുടങ്ങാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഞങ്ങളിങ്ങനെ വെറുതെ സംസാരിച്ചിരുന്നതൊക്കെ ഷൂട്ട് ചെയ്തെടുത്തു. പിന്നെ അത് കണ്ട് കഴിഞ്ഞപ്പോൾ കുറേ കൂടി ആത്മവിശ്വാസം വന്നു. ഷൂട്ടിങ് രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കി. വളരെ പതുക്കെ പാടിയകലുന്ന സോങിന് വിഷ്വൽസ് ഒരുക്കാൻ ഇതിന്റെ പിന്നണിയിലുള്ളവർ‌ ഒത്തിരി കഷ്ടപ്പെട്ടു. സയനോര പറഞ്ഞു. പിന്നെ വേറൊരു കാര്യം പറയാതെ വയ്യ. എനിക്ക് സിനിമാ മേഖലയിൽ കുറേ സുഹൃത്തുക്കളുണ്ട്. സമ്മതിച്ചുകൊടുക്കണം അവരെ. എത്ര കഷ്ടപ്പെട്ടാണ് ചെയ്യുന്നത്. അത്ഭുതം തോന്നുന്നു. അഭിനയം അത്രത്തോളം ബുദ്ധിമുട്ടാണ്. എനിക്കിപ്പോൾ അത് മനസിലായി.

മുൻപും സംഗീത സംവിധായികയായിട്ടുണ്ടെങ്കിലും ആ രണ്ട് ആൽബവും പുറത്തിറങ്ങിയില്ല. പക്ഷേ ഉയിരേ എന്ന ആൽബത്തിന് മികച്ച പ്രതികരണം കിട്ടിയതിന്റെ സന്തോഷത്തിലാണ് സയനോരയിപ്പോൾ. സംഗീത സംവിധാന രംഗത്ത് ഇതൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് പറയാനുള്ളത്. ഇനിയും പ്രതീക്ഷിക്കാം. സയനോര പറഞ്ഞു. മഞ്ജരിക്കൊപ്പം പുതിയ നിയമത്തിൽ പാടിയ പാട്ടാണ് സയനോരയുടെ ഏറ്റവും പുതിയ ചലച്ചിത്ര ഗീതം. ഈ പാട്ടും പ്രേക്ഷക പക്ഷത്തിന് ഏറെയിഷ്ടമായിക്കഴിഞ്ഞു.