ഞങ്ങളൊപ്പമുണ്ട്, ഹൃദയം തൊട്ട് ചെന്നൈക്കായുള്ള പാട്ട്!

കലയെ സ്വപ്നം കണ്ട് എത്തുന്ന സഞ്ചാരികളെ മാറോടണച്ച നഗരമാണ് ചെന്നൈ. പാട്ടുപാടാൻ അഭിനയിക്കാൻ പുല്ലാങ്കുഴലൂതാൻ ചിലങ്ക കെട്ടാൻ കാമറക്കൊപ്പം പായാൻ...അങ്ങനെ സ്വപ്നങ്ങളുമായി വന്നിറങ്ങുന്ന മനസുകളെയെല്ലാം ചേർത്തു നിർത്തിയ നഗരം. പ്രളയം വിഴുങ്ങിയപ്പോൾ, ചെന്നൈ കരഞ്ഞപ്പോൾ അവരും ഒപ്പം കണ്ണീരണിഞ്ഞത് അതുകൊണ്ടാണ്. ആർത്തലച്ച മഴയും അണപൊട്ടിയ വെള്ളവും ചെന്നൈയെ വിട്ടകന്നു കഴിഞ്ഞു. ചെളിമൂടിയ മുഖപടം മാറ്റാൻ ചെന്നൈക്ക് പ്രതീക്ഷകൾ നൽകേണ്ട ഉത്തരവാദിത്തം ഈ നഗരം ലാളിച്ച കലാസംഘത്തിനു മേൽ ആവോളമുണ്ട്. എങ്കൾ ഉയിരേ ചെന്നൈ എന്നവർ പാടിയത് അതുകൊണ്ടാണ്. സ്നേഹം പങ്കിട്ട് അവർ പാടിയ പാട്ട് മനസുതൊടുന്നു.

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയിലൂ‌ടെ, എസ് പി ബിയെന്ന ഇതിഹാസത്തിലൂടെ, ബോംബെ ജയശ്രീയെന്ന പ്രതിഭയിലൂടെ ഒഴുകിയെത്തുന്ന പാട്ടും വീ‍ഡിയോയും കണ്ണീരിന്റെ നനവോടെയേ കേട്ടിരിക്കുവാനാകൂ. കണ്ണെഴുതി പട്ടുചേല ചുറ്റി ചിലങ്കയണിഞ്ഞ് വാക്കുകൾക്കപ്പുറമുള്ള ഭാവങ്ങളെ മുഖത്ത് പകർന്നാടുന്ന പെണ്‍ ചേലുള്ള ചെന്നൈ നഗരത്തെക്കുറിച്ച് ഇത്ര മനോഹമായ ഒറു ഗാനം ഇതിന് മുൻപ് ഇറങ്ങിയിട്ടുണ്ടോ- സംശയമാണ്. പ്രളയത്തിൽ‌ ഉലഞ്ഞുപോയെ നഗരത്തിനോട് ഞങ്ങളൊപ്പമുണ്ടെന്ന് പറഞ്ഞ് അവർ പാടിയ പാട്ട് അത്രമോൽ ഹൃദ്യം.

സേവ്യറിന്റെ വരികൾക്ക് സ്റ്റീഫൻ ജെ റെൻസ്‍വിക്കും അഗസ്റ്റിൻ പൊൻശീലനും ഈണമിട്ട്. തെന്നിന്ത്യയിലെ സംഗീത പ്രതിഭകൾ ഒന്നുചേർന്ന് പാടിയ പാട്ട്... ഔപചാരികതകളില്ലാതെ സ്വീകരിക്കുന്ന, ഉള്ളംതുറന്ന് വർത്തമാനും പറയുന്ന, ആദരവോടെ സ്നേഹിക്കുന്ന തമിഴ് മനസുകള്‍ക്ക് പ്രതീക്ഷയുടെ കണങ്ങൾ‌ പകരുന്ന പാട്ട് ഏറെ ഹൃദ്യം. ടിപ്പു, ഹിരിണി, സുനിതാ സാരഥി, എൻഎസ്കെ രമ്യ, ടിമ്മി മധുകർ, പൂജ, ആലാപ് രാജു, സ്റ്റീഫൻ ജെ റെൻസ്‌വിക്, ബെറിൾ നടാഷാ എന്നിവരാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. കഴിഞ്ഞ മാസം ചെന്നൈയെ തകർത്ത പ്രളയം നാനൂറിലധികം ആളുകളെയാണ് കൊന്നൊടുക്കിയത്. പതിനെട്ട് ലക്ഷത്തോളം ആളുകളുടെ ജീവിതം താറുമാറാക്കപ്പെട്ടു.