സെലീന ഗോമസിന്റെ പുതിയ ഗാനം ഉടൻ

പോപ്പ് താരം സെലീന ഗോമസിന്റെ പുതിയ ഗാനം ഉടൻ പുറത്തിറങ്ങും. താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. ഗാനത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, ഗാനം ഉടൻ പുറത്തിറങ്ങുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

കം ആന്റ് ഗെറ്റ് ഇറ്റ്, സ്ലോ ഡൗൺ, ദ ഹേർട്ട് വാണ്ട്സ് വാട്ട് ഇറ്റ് വാണ്ട്സ് എന്നിങ്ങനെ മൂന്ന് സിംഗിളുകളാണ് സെലീന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ നാലാമത്തെ സിംഗിളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. സെലീനയുടെ പുതിയ കാമുകനും ഡിജെയുമായ സെഡുമായി ചേർന്ന് ഐ വാണ്ട് യു ടു നോ എന്ന ഗാനം താരം പുറത്തിറക്കിയിരിക്കുന്ന സെഡിന്റെ പുതിയ ആൽബത്തിലെ ഐ വാണ്ട് യു ടു നോ എന്ന ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതുവരെ 4 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. സെലീനയുടെ ആദ്യ സിംഗിളായ കം ആന്റ് ഗെറ്റ് ഇറ്റ് ഇതുവരെ 35 കോടി ആളുകളും രണ്ടാമത്തെ സിംഗിൾ സ്ലോ ഡൗൺ 16 കോടി ആളുകളും മൂന്നാമത്തെതായ ദ ഹേർട്ട് വാണ്ട്സ് വാട്ട് ഇറ്റ് വാണ്ടസ് 23 കോടി ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

ടിവി സീരിയലുകളിൽ ബാലതാരമായി കരിയർ ആരംഭിച്ച സെലീന ഗോമസ്, എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന, കനേഡിയൻ പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതിപ്രശസ്തയായി. ബീബറുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യൻ ജർമ്മൻ ഡിജെയായ സെഡുമായി താരം പ്രണയത്തിലാകുന്നത് അടുത്തിടെയായിരുന്നു.