രാജേഷേട്ടാ ഈ സംഗീതം നിങ്ങൾക്കുള്ളതാണ്...

ചില നഷ്ടങ്ങൾ നമുക്ക് താങ്ങാനാകില്ല, അതിന് പകരം വയ്ക്കാൻ മറ്റൊന്നുമുണ്ടാകില്ല. രാജേഷ് പിള്ളയെന്ന സംവിധായകന്റെ കടന്നുപോക്ക് അത്തരത്തിലൊന്നാണ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രത്തിന് മറ്റൊരു ആമുഖമെഴുതിയിട്ട്‌...വേട്ടയെന്ന അവസാന ചിത്രം തീയറ്ററില്‍ എത്തുന്നത് കാണാൻ പോലുമാകാതെ കടന്നുപോയ രാജേഷ് പിള്ളയുടെ വിടവാങ്ങൽ എത്രത്തോളം ആഴമുള്ള മുറിവാണുണ്ടാക്കിയതെന്ന് നമ്മൾ അറിയുന്നു ഇപ്പോൾ. അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചവരിലൂടെ. വേട്ടയെന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ഷാൻ റഹ്മാൻറെ വാക്കുകൾ വീണ്ടും വീണ്ടും നമ്മെ നൊമ്പരപ്പെടുത്തുന്നു. ആ സംഗീതം പോലെ.

ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിന് നല്‍കിയ സംഗീതം രാജേഷ് പിള്ളക്ക് സമർപ്പിച്ചുകൊണ്ട് ഷാൻ റഹ്മാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നോവുപടർത്തുന്നു. ഫെബ്രുവരി ഏറ്റവും ദുഷ്കരമായ മാസമായിരുന്നു. തകർത്തുകളഞ്ഞ ഒരുപാട് നിമിഷങ്ങൾ. ജേക്കബിന്റെ സ്വർഗരാജ്യത്തിന് സംഗീതമൊരുക്കുന്നതിൽ നിന്ന് പലപ്പോഴും എന്നെ ആ വേദനകൾ തടഞ്ഞു. പക്ഷേ എല്ലാത്തിനേയും അതിജീവിച്ച് ചിത്രത്തിനായുള്ള പശ്ചാത്തല സംഗീതമൊരുക്കാനായി. ഷാൻ പറയുന്നു. ഒപ്പം നിന്ന ഓരോ സുഹൃത്തുക്കൾക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഞാൻ നന്ദി പറയുന്ന കുറിപ്പിനൊടുവിൽ ഷാൻ പറയുന്നു ഈ സംഗീതം രാജേഷേട്ടാ നിങ്ങൾക്കുള്ളതാണ്.....

രാജേഷ് പിള്ളയെന്ന സംവിധായകൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് അന്തരിച്ചത്. അവസാന ചിത്രമായ വേട്ടയുടെ റിലീസ് ദിനത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പിറ്റേന്ന് മരിക്കുകയായിരുന്നു. ചിത്രത്തിന് ഷാൻ നൽകിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.