ജന്മദിനാശംസകൾ ശ്രേയാ ഘോഷാൽ...

ഒരു റിയാലിറ്റി ഷോയില്‍ പാടുന്നത് കണ്ടാണ് ആ സംവിധായകൻ തന്റെ അടുത്ത ചിത്രത്തിലേക്ക് പാട്ടു പാടാൻ ആ പെൺകുട്ടിയെ ക്ഷണിക്കുന്നത്. സഞ്ജയ് ലീലാ ബൻസാലിയായിരുന്നു ആ സംവിധായകൻ. ദേവദാസായിരുന്നു ചിത്രം. പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് അഞ്ച് ഗാനങ്ങളാണ് ആ ചിത്രത്തില്‍ ആലപിക്കാനായത്.

നുസ്രത് ബാദർ എഴുതിയ വരികൾക്ക് ഇസ്മയിൽ ദർബാർ ഈണമിട്ട ബേരി പിയാ...എന്ന ഗാനത്തിലെ ആലാപനത്തിന് ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അവൾക്ക് സമ്മാനിക്കാൻ ജൂറിക്ക് ഒരു സംശയവുമില്ലായിരുന്നു. പിന്നീട് ഇന്ത്യൻ ചലച്ചിത്ര ലോകം തന്നെ ആ ഗായികയെ തേടി ചെന്നു.

ആലാപന ഭംഗികൊണ്ട് വിസ്മയമൊരുക്കിയ മറ്റ് ഭാഷകളിലെ ഗായികമാർക്കിടയിലേക്ക് പാടാൻ ചെന്നപ്പോഴും അവളുടെ പാട്ടുകൾക്കായി കാത്തിരിക്കുവാൻ ഒരുപാട് കാതുകൾ...തേടിയെത്താൻ ഒരുപാട് പേർ. അവളുടെ പേര് ശ്രേയാ ഘോഷാൽ. ശബ്ദം കൊണ്ടും ആലാപനം കൊണ്ടും നമ്മൾ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ശ്രേയാ ഘോഷാലിനിന്ന് മുപ്പത്തിരണ്ടാം പിറന്നാൾ.

ഈ ബംഗാളി ശബ്ദമാധുര്യത്തെ നമ്മളിത്രയേറെ ആരാധിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഓരോ പാട്ടിനോടും ശ്രേയയ്ക്കുള്ള അടുപ്പം അത്രയേറെ ആഴമുള്ളതാണ്. തനിക്കറിയാത്ത ഭാഷകളിലെ പാട്ടുകളുടെ ഓരോ വരികളുടെയും ഭാവം അറി‍ഞ്ഞു മനസിലാക്കി പാടാൻ കാണിക്കുന്ന അർപ്പണ ബോധമാണ് അവരെ മലയാളത്തിനെന്നല്ല മറ്റനേകം ഭാഷകളിലെ പകരംവയ്ക്കാനാകാത്ത ഗായികയാക്കി മാറ്റിയത്.

ഒരു വിദ്യാർഥിയുടെ ആകാംഷ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഗായിക. 2002ൽ തുടങ്ങിയ സംഗീത യാത്ര 2016ൽ എത്തി നില്‍ക്കുമ്പോഴും ശ്രേയയിലെ വിദ്യാർഥിനിയുടെ ആവേശത്തിന് തെല്ലും കുറവില്ല. ആലാപന ഭംഗികൊണ്ട് കെ എസ് ചിത്രയും സുജാതയും മലയാള സംഗീത രംഗം അടക്കിവാഴുന്ന കാലത്ത് വിടപറയുകയാണോ...എന്ന പാട്ടുപാടിക്കൊണ്ട് കടന്നു വന്ന ഈ ഗായികയെ നമ്മളിങ്ങനെ ചേർത്തുനിർത്തിയതും മറ്റൊന്നുംകൊണ്ടല്ല. ഉത്തരേന്ത്യൻ ഗായികമാർക്ക് മലയാളം വഴങ്ങില്ലെന്ന പല്ലവികളെ ഈ ആവേശത്തിന്റെ തേരേറിയാണ് അവൾ മായ്ച്ചു കളഞ്ഞത്.

ഇന്ത്യൻ ന്യൂക്ലിയർ കോർപ്പറേഷനിലെ എഞ്ചിനീയറായിരുന്ന ബിശ്വജിത് ഘോഷാലിന്റെയും ശർമിഷ്ട ഘോഷാലിന്റെ‌യും മകളാണ് ശ്രേയ. മൂന്നാം വയസിലെ തുടങ്ങി സംഗീത പഠനം. അച്ഛനായിരുന്നു ശ്രേയയുടെ പാട്ടുകളുടെ ആദ്യ ആരാധകൻ. അച്ഛനൊപ്പമാണ് ഇന്നും യാത്ര തുടരുന്നതും.

തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയും അച്ഛനാണെന്ന് ശ്രേയ പറഞ്ഞിട്ടുമുണ്ട്. ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയെയാണ് ശ്രേയ വിവാഹം കഴിച്ചത്. നാലു തവണ ദേശീയ പുരസ്കാരവും ആറു പ്രാവശ്യം ഫിലിം ഫെയർ അവാർഡും ശ്രേയയെ തേടി വന്നു. കാലങ്ങളിലേക്ക് ദേശങ്ങളിലേക്ക് ഈ നാദത്തിന്റെ ഭംഗി ഇനിയുമിനിയും ഒഴുകട്ടെ.