ഐറ്റം നമ്പറുകളെ വിമർശിച്ച് ശ്രേയാ ഘോഷാൽ

ശ്രേയാ ഘോഷാലിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് ചിക്നി ചമേലി എന്ന ഐറ്റം ഗാനം. കത്രീന കൈഫ് പാടിയാടിയ പാട്ട് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നുമാണ്. പക്ഷേ താനൊരിക്കലും ഐറ്റം ഗാനങ്ങള്‍ അത്രയിഷ്ടത്തോടെയല്ല പാടിയിരുന്നതെന്നാണ് ഗായിക പറയുന്നത്. ഇന്ത്യയെ പോലൊരു രാജ്യത്ത് ഇങ്ങനെയൊരു പാട്ട് എരിതീയിൽ എണ്ണയൊഴിക്കാനേ ഉപകരിക്കൂ എന്നാണ് ഗായികയുടെ പക്ഷം. 

സ്ത്രീകളോടുള്ള മനോഭാവത്തിൽ അൽപം താഴെയാണ് ഇന്ത്യ. അങ്ങനെയുള്ളൊരിടത്ത് പ്രകോപനകരമായ നൃത്തവും വരികളുമുള്ള പാട്ടുകൾ ദോഷമേ ചെയ്യുള്ളൂ. ഐറ്റം ഗാനങ്ങൾ മോശമാണെന്ന് ഒരു വിഭാഗം പറയുന്നത് കുറേയൊക്കെ ശരിയാണ്. ശ്രേയ പറഞ്ഞു. ചിക്നി ചമേലി എന്ന പാട്ടിൽ നിന്നും കുറേ വാക്കുകൾ മാറ്റാൻ ആവശ്യപ്പെടുകയുണ്ടായി. അതിനു ശേഷമാണ് പാട്ട് പാടിയതെന്നും ശ്രേയ പറഞ്ഞു. എംടിവിയുടെ അൺപ്ലഗ്ഡിൽ പാടാൻ എത്തിയതായിരുന്നു ശ്രേയ ഘോഷാൽ. വരികൾ മോശമല്ലാതിരുന്നാൽ ഐറ്റം ഗാനങ്ങൾ പാടുന്നതിൽ പ്രശ്നമില്ല. ചില വാക്കുകൾ കേൾക്കുമ്പോൾ അമ്പരപ്പും ദേഷ്യവും തോന്നും. അങ്ങനെയുള്ള പാട്ടുകൾ മനസറിഞ്ഞ് പാടാനാകില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ അതു നന്നാവുകയുമില്ല. ശ്രേയ വ്യക്തമാക്കി. 

പുതുതലമുറ ഗായകരിൽ ഏറ്റവും പ്രഗത്ഭയായ പാട്ടുകാരിയാണ് ശ്രേയ ഘോഷാൽ. സ്വരമാധുരിയും ഭാവാർദ്രമായ ആലാപനവും കൊണ്ട് ഭാഷാഭേദമന്യേ പാട്ടുകൾ പാടിയ പ്രതിഭ. സംഗീതത്തോടുള്ള അവരുടെ അർപ്പണ ബോധം തന്നെയാണ് അതു സാധ്യമാക്കിയതും. ആദ്യ ഗാനത്തിനു തന്നെ ദേശീയ പുരസ്കാരം നേടിയ ഗായിക പിന്നീട് മൂന്നു പ്രാവശ്യം കൂടി അതു നേടിയെടുത്തു.