ശ്രുതി പാടും നയൻസിനായി

ഗായികയായി അരങ്ങേറ്റം കുറിച്ച് നായികയായി മാറിയ താരമാണ് ശ്രുതി ഹാസൻ. നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രുതി ഹാസൻ വീണ്ടും പാടുകയാണ്. നയൻതാരയും ചിലമ്പരശനും പ്രധാന വേഷങ്ങളിലെത്തുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രുതി പാടുന്നത്. ശ്രുതി പാടുമെന്ന വാർത്ത നിർമ്മാതാക്കൾ തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ചിലമ്പരശന്റെ സഹോദരൻ കുറലരശനാണ്. കുറലരശൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമകൂടിയാണ് ഇതു നമ്മ ആള്.

നേരത്തെ ചിത്രത്തിന് വേണ്ടി സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജ, നടനായ ചിലമ്പരശൻ തുടങ്ങിയവർ പാടുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പസങ്ക എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഇതു നമ്മ ആള്. നയൻതാരയും ചിമ്പുവും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റൊമാന്റിക്ക് കോമഡിയായ ഇതു നമ്മ ആള്. ചിത്രത്തിൽ ചിമ്പുവിനേയും നയൻതാരയേയും കൂടാതെ ആൻഡ്രിയ ജർമ്മിയ, സന്താനം, സൂരി, അർജുനൻ, ജയപ്രകാശ്, ഉദയഭാനു മഹേശ്വരൻ, അമൃതവാണി അറുമുഖം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിമ്പു സിനി ആർട്ട്സിന്റെ ബാനറിൽ ചിലമ്പരശൻ നിർമ്മിക്കുന്ന ചിത്രം 2015 സെപ്റ്റംബറിൽ തിയേറ്ററിലെത്തും.