സൂപ്പർഹിറ്റ് ഗാനങ്ങളുടെ ഗായിക കിടപ്പിലാണ്

ഗ്രാമഫോണുകളുടെയും ഓലമേഞ്ഞ കൊട്ടകപ്പുരകളുടെയും കാലത്ത് പാട്ടുകളിലൂടെയും സിനിമകളിലൂടെയും അതിശയിപ്പിച്ചരിലൊരാളാണിവരും. പ്രതിഭകൊണ്ടു മാത്രം ജനഹൃദയങ്ങളിലേക്കെത്തിയവർ. കാലത്തിന്റെ ഒഴുക്കിൽ പിന്നണിയിലേക്കു പിന്തള്ളപ്പെട്ടു പോയവർ. കോഴിക്കോടെ ഫറൂഖിനടുത്തുള്ള സംഗീതാലയമെന്ന വീട്ടിലുണ്ട് അവരിന്ന്. മച്ചാട്ട് വാസന്തിയെന്ന ഗായിക. നിലയ്ക്കാത്ത വിഷാദ ഗാനം പോലൊരു പെൺജീവിതം.

ബാബുരാജിനൊപ്പം പാടിയ, നാടകങ്ങളുടെ നല്ല നാളുകളിൽ അരങ്ങുവാണ, ഇവർ‌ക്കുള്ളിൽ ഇനിയുമേറെ പാടുവാൻ മധുര സ്വരം ബാക്കിയാണ്. പക്ഷേ...വേദനകൾ സഹിക്കുവാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇനിയും അതു താങ്ങുവാനാകില്ല. ഒരു നേരത്തെ മരുന്നിനു പോലും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ ഈ ഗായികയ്ക്ക്.

ശ്രുതിപിഴച്ച പാട്ടു പോലെ മച്ചാട്ട് വാസന്തിയുടെ ജീവിതം മാറിയിട്ട് നാലു കൊല്ലത്തിലേറെയായി. അന്നായിരുന്നു ആദ്യ അപകടം. ഒരു പരിപാടി കഴിഞ്ഞു വരവെ കാൽ തെറ്റി വീണ് കൈ ഒടിയുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം വീണ്ടും വീഴ്ച ഇടംകൈയിലും ഒടിവ്. പിന്നീട് മറ്റൊരിടത്തു പാടി തിരിച്ചു വരുമ്പോൾ ഓട്ടോ മറിഞ്ഞ് ഇടുപ്പെല്ല് പൊട്ടുകയായിരുന്നു. അന്നുവരെ സംഗീത പരിപാടികളിൽ സജീവമായിരുന്ന വാസന്തി പിന്നെ വീട്ടിൽ തന്നെയായി. എന്നിട്ടും അപകടം വിടാതെ പിന്തുടർന്നു. രണ്ടു ദിവസം മുൻപ് അനുജൻ മരിച്ചതിനെ തുടര്‍ന്ന് അവരുടെ വീട്ടിൽ പോയി മടങ്ങവേ പിന്നെയും അപകടം. ഇനിയെത്ര മാസം ഈ കട്ടിലിലിങ്ങനെ കിടക്കേണ്ടി വരുമെന്ന് ഇവർക്കറിയില്ല. ഏക മകന്റെ തുച്ഛമായ വരുമാനത്തിലാണു ജീവിതം മുന്നോട്ടു നീങ്ങേണ്ടത്.

ഒമ്പതാം വയസിലായിരുന്നു ആദ്യ ചലച്ചിത്ര ഗാനത്തിൽ മച്ചാട്ട് ദേവകി പാടുന്നത്. അതും ബാബുരാജിന്റെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിൽ. ശാന്താ പി നായർക്കും കോഴിക്കോട് അബ്ദുൽ ഖാദറിനുമൊപ്പം. ബാബുരാജിനൊപ്പം എണ്ണിയാലൊടുങ്ങാത്ത വേദികളും പങ്കിട്ടു. കെപിഎസി നാടകങ്ങളിൽ നാലു കൊല്ലത്തോളം സജീവമായിരുന്നു. നെല്ലിക്കോട് ഭാസ്കരൻ, പപ്പു, ബാലൻ.കെ.നായർ, ബഹദൂർ, പി.ജെ ആന്റണി എന്നീ അഭിനയ പ്രതിഭകൾക്കൊപ്പം നിരവധി നാടകങ്ങളും. ആകാശവാണിയ്ക്കു വേണ്ടിയും നീണ്ട വർഷങ്ങൾ ലളിതഗാനം പാടി. ഓളവും തീരവും തുടങ്ങി കുറേ പഴയ കാല സിനിമകളിലും പാടുവാനായി. പിന്നീട് ഇങ്ങേയറ്റത്ത് വിദ്യാസാഗറിന്റെ ഈണത്തിൽ മീശമാധവനിലും രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ വടക്കുംനാഥനിലും മച്ചാട്ട് വാസന്തിയുടെ സ്വരഭംഗി പ്രേക്ഷകർ കേട്ടു.

സിനിമയുടെ ആരംഭകാലത്തും നാടകങ്ങളുടെ സുവർണകാലത്തും മച്ചാട്ട് വാസന്തി തന്റേതായൊരു ഇടം നേടി. എന്നിട്ടുമെന്തേ ജീവിതത്തിലിങ്ങനെ കണ്ണീരും വേദനയും മാത്രം ബാക്കിയായെന്നു ചോദിച്ചാൽ മച്ചാട്ട് വാസന്തിയ്ക്കു പറയുവാനേറേയാണ്. ബാബുരാജിന്റെ മരണം, അച്ഛന്റെ മരണം, ദീർഘനാളത്തെ കിടപ്പിനൊടുവിൽ ഭർത്താവിന്റെ മരണം അതെല്ലാം ജീവിതത്തിനു എതിരായി നിന്നു.

പതിനെട്ടു കൊല്ലമായി വാടക വീട്ടിലാണ് വാസന്തിയും കുടുംബവും. സൂര്യ കൃഷ്ണമൂർത്തി നൽകിയ രണ്ടര ലക്ഷം രൂപയുടെ പുരസ്കാരം, സ്വരലയ അവാർഡ് തുടങ്ങി സംഗീത ജീവിതത്തിനു കിട്ടിയ അംഗീകാരങ്ങളിലൂടെ വീടു സ്വന്തമാക്കാനുള്ള ശ്രമത്തിലാണിവർ. കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ നടത്തിയ ചികിത്സകൾക്കു തന്നെ ഇതിടോനകം ലക്ഷങ്ങൾ ചിലവായിക്കഴിഞ്ഞു. ഇനിയും ലക്ഷങ്ങൾ കൊടുത്താലേ ഇപ്പോൾ താമസിക്കുന്ന വീട് സ്വന്തമാക്കുവാനാകൂ. പക്ഷേ അതിനെക്കുറിച്ചൊന്നും ഇപ്പോൾ ഓർക്കുന്നില്ല. കാലിനു ശസ്ത്രക്രിയ നടത്തി, വേദനകളൊടുങ്ങി, കിടക്കവിട്ടെഴുന്നേറ്റ് നടക്കുവാൻ പാകത്തിലേക്കെങ്കിലുമെത്തണം...അത്രയേയുള്ളൂ.