പാർട്ടിക്കിടയിൽ ഉപദ്രവിക്കപ്പെട്ടു; ധനുഷിനെതിരെ വിവാദ ട്വീറ്റുമായി ഗായിക

മലയാളത്തിലെ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിനു പിന്നാലെ സിനിമാ രംഗത്തുള്ള മറ്റു പല നടിമാരും സമാന അനുഭവം തുറന്നു പറഞ്ഞിരുന്നു. എന്നാൽ നടിമാര്‍ക്കു മാത്രമല്ല, ഗായികമാർക്കും രക്ഷയില്ലെന്ന് തെളിയിക്കുകയാണ് സുചിത്രയുടെ അനുഭവം. ഒരു പാർട്ടിയ്ക്ക് പങ്കെടുക്കുന്നതിനിടയിൽ നേരിട്ട അനുഭവം ഗായിക ട്വിറ്ററിൽ പങ്കുവച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. നടൻ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും അവർ വ്യക്തമാക്കുന്നു. 

ഗായികയും ആർജെയുമായ സുചിത്ര കാർത്തികിന്റെ കൈ പാർട്ടിക്കിടെ ആരോ പിടിച്ചു തിരിക്കുകയായിരുന്നു. തിരക്കിനിടയിൽ ആരാണെന്ന് തിരിച്ചറിയാനായില്ല. കയ്യിൽ രക്തം കട്ടപിടിക്കും വിധത്തിലായിരുന്നു ഉപദ്രവം. ധനുഷിന്റെ പേര് ഹാഷ് ടാഗ് ചെയ്തുകൊണ്ട് കൈയുടെ ചിത്രമടക്കമാണ് സുചിത്ര ട്വീറ്റ് ചെയ്തത്. സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും ധനുഷിനെതിരായ ട്വീറ്റ് ആരാധകർക്കിടയിൽ സംസാരത്തിനിടയാക്കിയിട്ടുണ്ട്. കുറേ ട്രോളുകളും ഇതേ സംബന്ധിച്ച് പുറത്തുവന്നു. ഇതിനു പിന്നാലെ തെറ്റിദ്ധാരണയുണ്ടാക്കുന്ന പോലുള്ള ട്വീറ്റുകൾ വീണ്ടും സുചിത്ര ചെയ്തു. ധനുഷിനെതിരെ വിരൽ ചൂണ്ടുന്നതായിരുന്നു അതെല്ലാം. ചിമ്പുവിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. താൻ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇതേ സംബന്ധിച്ച് ഏറ്റവുമൊടുവിൽ ചെയ്ത ട്വീറ്റിലുള്ളത്. ധനുഷ് ഇതുവരെ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല . 

സുചിത്രയുടെ ട്വീറ്റുകൾ എല്ലാവരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്ന സംശയമുണ്ടായെങ്കിലും അങ്ങനെയൊന്നുമല്ലെന്ന് പിന്നീട് വ്യക്തമായി. സുചിത്ര പ്രശസ്തിയ്ക്കു വേണ്ടിയുള്ള കളിയാണ് നടത്തുന്നതെന്ന വിമര്‍ശനവുമുണ്ട്. കോഫി വിത് സുചി എന്ന ചാറ്റ് ഷോയിലൂടെയാണ് സുചിത്ര ഏവർക്കും സുപരിചിതയായത്. ഹാരിസ് ജയരാജ്,തമന്‍,ദേവിശ്രീ പ്രസാദ് തുടങ്ങി നിരവധി സംഗീത സംവിധായകർക്കു കീഴിൽ സുചിത്ര പാടിയിട്ടുമുണ്ട്.