സരബ്ജിത്തിനായി ഇവർ പാടിയത് പ്രതിഫലം വാങ്ങാതെ

സുനീതി ചൗഹാൻ, സരബ്ജിതിലെ ഐശ്വര്യ റായ്, സോനു നിഗം

പാകിസ്ഥാൻ ജയിലിൽ വച്ച് ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സരബ്ജിത്തിന്റെ കഥ പറ​​ഞ്ഞ ചിത്രത്തിൽ ബോളിവുഡിലെ താരഗായകർ പാട്ടുകൾ ആലപിച്ചത് പ്രതിഫലം വാങ്ങാതെ. സോനു നിഗം, സുനീതി ചൗഹാൻ, സുഖ്‌വിന്ദർ സിങ് എന്നിവരാണ് പാട്ടുകൾ പാടിയത്. ഒമങ് കുമാർ‌ സംവിധാനം ചെയ്യുന്ന ചിത്രം, അടുത്തകാലത്ത് രാജ്യം നേരിട്ട ഏറ്റവും മാനുഷിക വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ റായ് ആണ് നായിക.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടും പിന്നെ സിനിമയിലെ വിഷയത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് പ്രതിഫലം വാങ്ങാതെ പാട്ടുകൾ‌ ആലപിച്ചതെന്ന് സോനു നിഗം വ്യക്തമാക്കി. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഭൂഷൺ കുമാർ, സന്ദീപ് സിങ്, സംഗീത സംവിധായകനായ ജീത് ഗാംഗുലി എന്നിവർ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. സോനു നിഗം പറഞ്ഞു. ദർദ് എന്ന മനോഹരമായ മെലഡിയാണ് സോനു ചിത്രത്തിൽ പാടിയത്.

ഒരുപാട് നല്ല അനുഭവമായിരുന്നു പാട്ടിന്റെ റെക്കോർഡിങ് സമയത്ത്. പാടിക്കഴിഞ്ഞപ്പോൾ പണത്തെ കുറിച്ച് എന്നെനിക്ക് തോന്നി. പാട്ടു ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ വല്ലപ്പോഴുമേ സംഭവിക്കൂ. സരബ്ജിത്തിനെ പോലെ ഈ ലോകത്ത് എത്രയോ മനുഷ്യരുണ്ട്. അബദ്ധത്തിലോ തെറ്റിദ്ധരിക്കപ്പെട്ടോ ജയിലുകളിൽ അകപ്പെടുകയും പിന്നീട് അവഗണനയേറ്റു മാത്രം ജീവിക്കുന്നവർ. അവർക്കായി ഇതെങ്കിലും എനിക്ക് ചെയ്യേണ്ടതുണ്ട്. ഇത് മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ. ഈ വിഷയത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാൻ ചിത്രത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. സുനീതി ചൗഹാൻ പറഞ്ഞു.


ഇന്ത്യൻ ചാരനാണെന്ന സൂചനയിലാണ് പാകിസ്ഥാൻ അധികൃതർ പഞ്ചാബുകാരനായ സരബ്ജിത്തിനെ ഇന്തോ-പാക് അതിർത്തിയിൽ വച്ച് 1991ലാണ് അറസ്റ്റിന് ചെയ്യുന്നത്. പിന്നീട് 2013ൽ ജയിലിനുള്ളിൽ നടന്ന അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ സരബ്ജിത് ആശുപത്രിയിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു, സരബ്ജിതിന്റെ മോചനത്തിനായി ദേശീയ തലത്തിൽ വലിയ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു.