ആ സംഭവം എന്നെ ഭയപ്പെടുത്തി

ബാംഗ്ലൂരിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെ സ്ത്രീകൾക്കു നേരം കൂട്ടമായി നടന്ന അതിക്രമം രാജ്യത്തെയാകെ ഞെട്ടിച്ചു. അതിനേക്കാൾ ആശങ്കാജനകമായത് ആ അതിനോടുള്ള ചില പ്രതികരണങ്ങളായിരുന്നു. പെൺകുട്ടികള്‍ എന്തിനു രാത്രി ആഘോഷിക്കാൻ പോയി, ചെറിയ വസ്ത്രമിട്ടതു കൊണ്ടല്ലെ കൊണ്ടല്ലേ ആൺകുട്ടികൾ ശരീരത്തു തൊട്ടത് അങ്ങനെയൊക്കെയാണ് ‌ചില കേന്ദ്രങ്ങൾ ന്യായീകരണം നൽകിയത്. ഇത്തരം വികലമായ വാദങ്ങൾ കൊണ്ടൊന്നും ഇത്തരം പ്രവർത്തികളെ ന്യായീകരിക്കാനാവില്ലെന്ന് പറയുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. ഒപ്പം ഇത്തരം ആക്രമണം നേരിട്ടവരാണ് നമ്മള്‍ കാണുന്ന പല പ്രമുഖരായ സ്ത്രീകളും എന്ന തിരിച്ചറിവും അവർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നു. 

രണ്ടു വർഷം മുൻപാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം സിത്താരയ്ക്കുണ്ടായത്. ഒരു മ്യൂസിക് ഫെസ്റ്റിവലിന് പങ്കെടുക്കാൻ കൊൽക്കത്തയിൽ എത്തിയതായിരുന്നു ഗായിക. രാത്രി നീളെ തുടരുന്ന പരിപാടിയുടെ ഉദ്ഘാടന ദിവസത്തിൽ അവിടത്തെ പരമ്പരാഗത വസ്ത്രമണിഞ്ഞായിരുന്നു പോയത്. വെളുപ്പിനെ നാലു മണി ആയപ്പോൾ കൂട്ടുകാരികളിൽ ഒരാൾക്ക് ക്ഷീണം തോന്നിയതിനെ തുടർന്നു മടങ്ങാൻ തീരുമാനിച്ചു. സുഹൃത്തുക്കൾ അവിടത്തുകാരായതിൻ കുറച്ചു ദൂരമേ ഒപ്പമുണ്ടായിരുന്നൂള്ളൂ. പിന്നീടുള്ള ചെറിയ ദൂരം ഒറ്റയ്ക്കു നടക്കാന്‍ തീരുമാനിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് രണ്ടു പേർ പിൻതുടരുന്നതായി തോന്നിയത്. തോന്നൽ പേടിയായി മാറായിപ്പോൾ‌ നടത്തം ഓട്ടമായി. ഒത്തിരി പേടിപ്പിച്ച അനുഭവം പിന്നെ നടക്കാനുള്ള കച്ചേരികളെ ബാധിക്കാതിരിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നുവെന്ന് ഗായിക പറയുന്നു. കൂടാതെ പിറ്റേ വർഷം മുതൽ സാരി പോലുള്ള വസ്ത്രങ്ങൾ ധരിച്ച് അവിടേക്ക് പോകാതെയുമായി. കാരണം മറ്റൊന്നുമല്ല, ഇത്തരം അവസ്ഥകളിൽ ഓടി രക്ഷപ്പെടാൻ എളുപ്പം ജീൻസ് പോലുള്ള വസ്ത്രങ്ങളുമാണ്. സിത്താര എഴുതി. അതിക്രമണം നേരിടുന്ന സ്ത്രീകളോടു പറയാറുള്ള സ്ഥിരം ഉപദേശങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ പറഞ്ഞു. 

ഇങ്ങനെയൊക്കെ അനുഭവമുണ്ടായെങ്കിലും ഒറ്റ‌യ്ക്കിപ്പോഴും എവിടെയും പോകും സിത്താര. ഇതൊക്കെ പേടിച്ച് ജീവിതത്തിലെ ഇഷ്ടങ്ങളെ എന്തിന് വേണ്ടെന്നു വയ്ക്കണം ?  സിത്താര ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം...