ആദേശ് ശ്രീവാസ്തവയുമായുള്ള അവസാന സംഭാഷണം ട്വീറ്റുചെയ്ത് സോനു നിഗം

സോനു നിഗവും അന്തരിച്ച സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ചിത്രം സോനു നിഗം ട്വിറ്ററിൽ ഷെയർ ചെയ്തു. ഇരുവരും തമ്മിൽ ജൂലൈ 25നു നടത്തിയ വാട്ട്സാപ്പ് സംഭാഷണത്തിന്റെ ദൃശ്യമാണു സോനു നിഗം ട്വിറ്ററിൽ കുറിച്ചത്.

അന്ന് ആശുപത്രിക്കിടക്കയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആദേശ്, താൻ പകർത്തിയ സെൽഫിയുടെ ചിത്രം "ചോട്ടാ ഭായ് ഖുശ് രഹോ" (സന്തോഷമായിരിക്കൂ സഹോദരാ..!) എന്ന അടിക്കുറിപ്പോടു കൂടിയാണു സോനുവിന് അയച്ചിരിക്കുന്നത്. ഇതിനു മറുപടിയായി "എത്രയും വേഗം അസുഖം ഭേദമാകട്ടെ" എന്ന് സോനു നിഗവും കുറിച്ചിരിക്കുന്നു.

അ‍ഞ്ചു വർഷത്തോളമായി ക്യാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന ആദേശ് ശ്രീവാസ്തവ കഴിഞ്ഞ ശനിയാഴ്ച രോഗം മൂർഛിച്ചതിനെത്തുടര്‍ന്നാണു മരിച്ചത്. മുംബൈ നഗരത്തിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അന്ത്യസംസ്കാര ശുശ്രൂഷകൾ മുബൈയിലെ തന്നെ ഓഷിവര ക്രിമറ്റോറിയത്തിൽ നടത്തി. ഇസ്കോൺ അമ്പലത്തിൽ വച്ച് സെപ്റ്റംബർ എട്ടാം തീയതി അദ്ദേഹത്തിനു വേണ്ടി പ്രത്യേക പ്രാർഥനയും പൂജകളും നടത്തിയിരുന്നു.