എന്റെ പാട്ട് പാടേണ്ട; എസ്പിബിയ്ക്കെതിരെ ഇളയരാജ നിയമനടപടിയ്ക്ക്

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ഇനിയുള്ള സ്‌റ്റേജ് ഷോകളില്‍ ഇളയരാജയുടെ പാട്ട് ഉണ്ടാകില്ല എസ്പിബി വ്യക്തമാക്കി.

മുന്‍കൂര്‍ അനുമതി വാങ്ങാതെ താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ സ്‌റ്റേജ് ഷോകളില്‍ പാടരുതെന്ന് എസ് പി ബാലസുബ്രഹ്മണ്യത്തോട് ഇളയരാജ. അഭിഭാഷകന്‍ മുഖേനയാണ് ഇക്കാര്യം ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യത്തെ അറിയിച്ചത്. അനുമതിയില്ലാതെ പാടിയാല്‍ പകര്‍പ്പവകാശ ലംഘനപ്രകാരം ഭീമമായ തുക പിഴയൊടുക്കേണ്ടി വരുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

എസ് പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി താന്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടികളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കില്ലെന്നും, സ്‌റ്റേജ് ഷോകള്‍ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് അറിയില്ലായിരുന്നു. നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ഇനിയുള്ള സ്‌റ്റേജ് ഷോകളില്‍ ഇളയരാജയുടെ പാട്ട് ഉണ്ടാകില്ല. ഈ വിഷയത്തില്‍ ആരും മോശമായ അഭിപ്രായം ഉന്നയിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എസ്പിബി വ്യക്തമാക്കി.

സംഗീതജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‌റെ ഭാഗമായി ലോകമൊട്ടുക്ക് സ്റ്റേജ് ഷോകള്‍ നടത്തുകയാണ് എസ് പി ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്‌റെ മകന്‍ എസ്പിബി ചരണ്‍ ആണ് സ്റ്റേജ് ഷോകള്‍ക്കു പിന്നില്‍.  ടൊറന്റോയിലാണ് ആദ്യ ഷോ. തുടര്‍ന്ന് റഷ്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ദൂബായ് എന്നിവിടങ്ങളില്‍ ഷോകളുണ്ടാകും. സ്റ്റേജ് ഷോകള്‍ക്കുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്.

40,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് എസ്പിബി. ഏറ്റവുമധികം ചലച്ചിത്ര ഗാനങ്ങള്‍ റെക്കോഡ് ചെയ്തതിന് ഗിന്നസ് ബുക്കിലും ഇടംനേടി. ആറു പ്രാവശ്യം ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള പാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം. ഇളയരാജ, ഏ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍, കീരവാണി, ദേവ തുടങ്ങിയവര്‍ക്കൊപ്പമാണ് എസ്പിബിയുടെ ഹിറ്റ് പാട്ടുകള്‍ അധികവും.

താൻ ഈണമിട്ട പാട്ടുകൾ തന്റെ അനുമതിയില്ലാതെ സ്റ്റേജ് ഷോകളിൽ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നേരത്തേയും രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചാൽൽ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ച് വിവിധ റേഡിയോ/ ടെലിവിഷൻ കേന്ദ്രങ്ങൾക്കും​ നോട്ടിസ് അയച്ചിരുന്നു.   താൻ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പാവകാശം അഞ്ചു വർഷം മുൻപ് ഇളയരാജ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിനു മുൻപുള്ള  സൃഷ്‌ടികളുടെ പകർപ്പവകാശം മലേഷ്യൻ കമ്പനിക്കു നൽകുകയും ചെയ്തു. വിവിധ ഭാഷകളിലായി 4500ലേറെ ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. ഇതിൽ ഒട്ടേറെ അനശ്വര ഗാനങ്ങൾ ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം ആണ്.