ശ്രീശാന്ത് പാട്ടിനു ട്രോൾ മഴ

ക്രിക്കറ്റിൽ തിളങ്ങി നിന്ന സമയത്തേ നല്ലൊരു ഡാൻസർ ആണ് താനെന്നു തെളിയിച്ചിരുന്നു ശ്രീശാന്ത്. അതുകൊണ്ടു തന്നെ ശ്രീശാന്ത് സിനിമയിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ കൗതുകത്തോടെയാണ് മലയാളികൾ കാത്തിരുന്നത്. എന്നാൽ അദ്ദേഹം നായകനാകുന്ന ടീം ഫൈവ് എന്ന ചിത്രത്തിലെ പുതിയ പാട്ടുകൾ വലിയ വിമർശനമാണ് നേരിടുന്നത്. 

ചിത്രത്തിലെ ആഴ്ച എന്ന പാട്ടിനാണ് വിമർശനം ഏറെ നേരിടേണ്ടി വന്നത്. ‘ച’ എന്ന വാക്കിന്റ അതിപ്രസരമാണു പാട്ടിലുള്ളത്. ഈ സ്റ്റൈൽ ആണു പ്രധാന വിമർശനത്തിനിരയായത്. ശ്രീശാന്തിന്റെ ഡാൻസിനും കിട്ടി ട്രോളന്മാരുടെ വക കളിയാക്കൽ. ബി.കെ ഹരിനാരായണന്റേതാണു വരികൾ. ഗോപീ സുന്ദർ ഈണമിട്ട പാട്ട് സൂരജ് സന്തോഷ് ആണു പാടിയത്.

പാട്ട് യുട്യൂബിൽ വലിയ വിമർശനം നേരിടുന്നതിനോട് ഗാനരചയിതാവ് ബി.കെ ഹരിനാരായണന് പറയാനുള്ളത് ഇതാണ്. 

പാട്ടുകൾ എഴുതുമ്പോൾ ചിലത് മികച്ചതാകും മറ്റു ചിലത് പ്രേക്ഷകരുടെ പ്രീതി നേടില്ല. അത്രയേയുള്ളൂ. സിനിമയ്ക്കു വേണ്ടി പാട്ടെഴുതുമ്പോൾ അത് എങ്ങനെ എഴുതണം എന്നത് രചയിതാവിന്റെ മാത്രം തീരുമാനമല്ല. സിനിമ എന്നത് കൂട്ടായ പ്രവർത്തനമാണ്. പാട്ട് എങ്ങനെ വേണം എന്നതും കൂട്ടായ തീരുമാനമാണ്. ആഴ്ചകളെ അടിസ്ഥാനമാക്കിയും ച എന്ന അക്ഷരം ഉപയോഗിച്ചും ഗാനം കുറിയ്ക്കണമെന്നത് ആ കൂട്ടായ്മയിൽ നിന്നു വന്നതാണ്. വിമർശനങ്ങളോട് ഒന്നും പറയാനില്ല. എന്നോടും ചിലർ ഇത്തരം അഭിപ്രായം പറഞ്ഞിരുന്നു. ഇതൊന്നും ആരുടെയും കുറ്റമല്ല. അത്രയേ പറയാനുള്ളൂ. അദ്ദേഹം വ്യക്തമാക്കി. 

ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് ആണ്, ശ്രീശാന്തിനെ ക്രിക്കറ്റ് ടീമിലേക്കു തിരികെ വിളിക്കണം അങ്ങനെ പോകുന്നു പ്രേക്ഷകരുടെ അഭിപ്രായം. വരികൾക്കു മാത്രമല്ല, പാട്ടിന് ലൈക്ക് അടിച്ചവർക്കും മറ്റുള്ളവരുടെ വക വിമർശനം കിട്ടി. ശ്രീശാന്തിന് ഒരിക്കൽ ഐഎപിഎൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹർഭജന്‍ സിങ് തല്ലിയിരുന്നുവല്ലോ. അക്കാര്യം പോലും ശരിയായിരുന്നുവെന്നാണ് ഒരാൾ പാട്ടിനു താഴെ കമന്റ് ചെയ്തത്. 

നീല ശംഖു പുഷ്പമേ എന്നതാണ് മറ്റൊരു ഗാനം. ഈ പാട്ട് അഞ്ചു ലക്ഷത്തോളം പ്രേക്ഷകരാണ് യുട്യൂബിൽ കണ്ടത്. ദിവ്യ എസ് മേനോൻ ആണ് ഈ പാട്ടു പാടിയത്. നായിക നിക്കി ഗിൽറാണിയും ശ്രീശാന്തിന്റെ കഥാപാത്രവും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. ബി കെ ഹരിനാരായണന്റെ നല്ല വരികൾക്ക് ദിവ്യയുടെ പ്രണയാർദ്രമായ സ്വരം ഏറെ അനുയോജ്യവുമാണ്. പാട്ട് മികച്ചതാണെങ്കിലും ശ്രീശാന്തിന്റെ അഭിനയമാണ് പ്രേക്ഷകരുടെ അപ്രീതി നേടിയത്. അത് യുട്യൂബിലെ കമന്റ് ബോക്സിൽ പ്രകടവുമാണ്.