ശ്രേയക്കുട്ടി...അമ്മക്കുട്ടി

കഴിഞ്ഞ ശിശുദിനത്തിലും ശ്രേയ ജയദീപ് എന്ന കുഞ്ഞു പാട്ടുകാരിയായിരുന്നു സ്‌പെഷ്യല്‍. ഇത്തവണയും അതിനു മാറ്റമില്ല. പാട്ടുകളുടെ ലോകത്ത് ഈ കുഞ്ഞു സ്വരകണത്തിനേറെ ശ്രുതിമധുരമായതുപോലെ. കുട്ടികളുടെ പാട്ടുകാരിയായി, അവര്‍ ഏറ്റവുമധികം കേള്‍ക്കാന്‍ കൊതിക്കുന്നൊരു പാട്ടുപോലെയാണിന്ന് ഈ കുഞ്ഞുമിടുക്കി. മുറ്റത്തെ മുല്ലപ്പൂ മൊട്ടിന്‌റെയും മിന്നാമിനുങ്ങിന്റെയുമൊക്കെ പാട്ട് കുന്നിമണിയെ പോലെ ചിരിച്ചു നിന്ന് നമ്മെ കൊതിപ്പിച്ചു പാടുന്ന ശ്രേയയ്‌ക്കൊപ്പമാകട്ടെ ഈ ശിശുദിനവും....

പതിനൊന്നു വയസിനിടയില്‍ നൂറ്റിയെഴുപതോളം പാട്ടുകളാണ് ശ്രേയയുടേതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. മേലേ മാനത്തെ ഈശോയേ, എന്നോ ഞാനെന്‌റെ മുറ്റത്തൊരറ്റത്ത്, മിനുങ്ങും മിന്നാമിനുങ്ങേ എന്നീ പാട്ടുകളാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. മലയാള ചലച്ചിത്രത്തിലെ കുട്ടിപ്പാട്ടുകളുടെ ലോകം ശ്രേയക്കുട്ടി എന്ന പേരിലേക്കു ചേര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയത് ഈ ഈണങ്ങിലൂടെയാണ്. അവളുടെ പാട്ടു കേള്‍ക്കാന്‍ മലയാളിയുള്ള ഇടത്തെല്ലാം വേദികളൊരുങ്ങിയതും ഈ ഗാനങ്ങള്‍ കേട്ടതിനു ശേഷമാണ്.

മൂന്നര വയസു മുതല്‍ക്കേ തുടങ്ങിയതാണ് പാട്ടുകള്‍ക്കൊപ്പം ഈ മിടുക്കിയുടെ കൂട്ട്. ഓരോ ദിനം പിന്നിടുമ്പോഴും ആ സൗഹൃദത്തിനോടു കൂടുതല്‍ ഇഷ്ടത്തോടെ ആത്മാര്‍ഥതതയോടെ സ്വരം ചേര്‍ത്തുവയ്ക്കുന്നു ശ്രേയ എന്നതാണ് അതിനു കാരണവും. ശ്രേയയുടെ അമ്മ പ്രസീദയുടെ വാക്കുകളില്‍ നിന്ന് അങ്ങനെ വായിച്ചെടുക്കാം...കോഴിക്കോട് സ്വദേശികളായ ജയദീപിന്‌റെയും പ്രസീദുടെയും മകളാണു ശ്രേയ. സൗരവ് എന്നൊരു കുഞ്ഞ് അനുജനുമുണ്ട്.

കുഞ്ഞു കുട്ടിയാണവള്‍. പക്ഷേ പാട്ടു പാടിപ്പടിക്കുവാന്‍ ഇന്നേവരെ അവളെ നിര്‍ബന്ധിക്കേണ്ടി വന്നിട്ടില്ല. ശാസ്ത്രീയ സംഗീതമായാലും സിനിമാ പാട്ടായാലും ശരി. ചിരിച്ച മുഖത്തോടെ ഒരുപാടിഷ്ടത്തോടെ പഠിക്കാനിരുന്നോളം. ദൈവത്തിന്‌റെ കൃപയ്‌ക്കൊപ്പം ഈ ആത്മാര്‍ഥതയാകാം അവളിലേക്കു പാട്ടുകളെയെത്തിച്ചത്. അമ്മ പറയുന്നു.

സാധാരണ കുടുംബക്കാരാണു ഞങ്ങള്‍. മകള്‍ കുഞ്ഞിലേ പാട്ടു പാടുന്നതു കേട്ടപ്പോള്‍ എല്ലാവരും പറഞ്ഞു അവള്‍ നന്നായി പാടുന്നുണ്ടല്ലോ...പാട്ടു പഠിപ്പിച്ചു കൂടേയെന്ന്. അങ്ങനെയായിരുന്നു തുടക്കം. പിന്നെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ എല്ലാം മാറിമറിഞ്ഞു. അവളാ വേദിയില്‍ നിന്നു പാടുന്നതു കണ്ടതിലെ ആകാംഷയും കൗതുകവും ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാം നിമിത്തമാണ്. ആ വേദിയില്‍ അവള്‍ എം ജയചന്ദ്രന്‍ സാറിന്റെ ലാലീ ലാലീ എന്ന പാട്ടു പാടിയതും അത് അദ്ദേഹം കേട്ടതും എല്ലാം. അവളുടെ സംഗീത ജീവിതത്തില്‍ ഏറ്റവും അധികം നിര്‍ണായകമായത് എം ജയചന്ദ്രന്‍ എന്ന സംഗീതജ്ഞനാണ്. എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്തെ എന്ന പാട്ടു പാടിയതിനു ശേഷം അവള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ശ്രേയം എന്നു പേരിട്ട്. അതിനു വിശിഷ്ടാതിഥിയായി ജയചന്ദ്രന്‍ സാര്‍ വന്നത് മറക്കാനാകില്ല. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ചാണ് അദ്ദേഹം അന്നെത്തിയത്. എത്ര വലിയ അനുഗ്രഹമാണ് അതൊക്കെ. അവള്‍ക്കു മാത്രമല്ല, ആ സ്‌കൂളിലെ കുട്ടികള്‍ക്കെല്ലാം അന്ന് വലിയ സന്തോഷമായി.

മേലേ മാനത്തെ ഈശോയെ എന്ന പാട്ടാണു വഴിത്തിരിവായത്. ജയചന്ദ്രന്‍ സാറിന്‌റെ സംഗീതത്തില്‍ ദൈവത്തെ വിളിച്ചു പാടിയ പാട്ടാണ് അവള്‍ക്ക് അനുഗ്രഹമായതെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനു ശേഷമാണ് ഒത്തിരി നല്ല പാട്ടുകള്‍ അവള്‍ക്കു പാടാനായത്. ഒത്തിരി ക്രിസ്തീയ ഭക്തി ഗാനങ്ങളും പാടാന്‍ കഴിഞ്ഞു. ഇന്നേവരെ ഒന്നിനും മകളെ നിര്‍ബന്ധിക്കേണ്ടതായി വന്നിട്ടില്ല. വീട്ടിലിരുന്നു പാട്ടു പഠിക്കുമ്പോഴും സ്റ്റുഡിയോയില്‍ പാടുന്ന അതേ ഗൗരവമാണ്. ഏതൊരു സംഗീത സംവിധായകന്‍ പാട്ടു നല്‍കിയാലും അതിനു തന്നെക്കൊണ്ടു കഴിയാവുന്നതിന്‌റെ പരമാവധി നല്‍കിയാണ് എപ്പോഴും പാടുക. അതൊന്നും ആരും പറഞ്ഞു കൊടുക്കേണ്ടതേയില്ല അവള്‍ക്ക്. അമ്മ പറയുന്നു.

ആറാം ക്ലാസില്‍ ആയിട്ടേയുള്ളൂ ഇപ്പോള്‍. അവള്‍ക്ക് അവളുടെ ബാല്യം നഷ്ടപ്പെടുന്നില്ലേ എന്ന ചിന്തയൊക്കെയുണ്ട്. അവള്‍ ഒന്നിനും നോ പറയാറില്ല. വേദികളും റെക്കോര്‍ഡിങ്ങും ഒക്കെയായി ആള്‍ അല്‍പം തിരക്കിലാകുന്നുണ്ട്.... ശബ്ദം കേടാകുമോയെന്ന് പേടിച്ച് ഐസ്‌ക്രീം കഴിക്കാനാകാത്തതിന്, ഉസ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം വെയിലത്ത് കളിക്കാനാകാത്തതിനൊക്കെ സങ്കടം പറയും...പക്ഷേ പാട്ടു കിട്ടുമ്പോള്‍ അതെല്ലാം മറക്കുകയും ചെയ്യും... ഞാനും അവളുടെ അച്ഛനും കുട്ടിക്കാലത്ത് സ്വപ്‌നം കണ്ടിരുന്നവരുടെ അടുത്തേക്ക് മകളിലൂടെയെത്താനായി അവരോട് ഒരു വാക്കു സംസാരിക്കുവാനായി. അപ്രതീക്ഷിതമായ എത്രയോ സുവര്‍ണ നിമിഷങ്ങള്‍ ഈ കുറച്ചു കാലയളവിനിടയില്‍ അവള്‍ സമ്മാനിച്ചുവെന്നോ...

ഞങ്ങളുടെ ജീവിതമേ അവളുടെ പാട്ടു ലോകത്തോടൊപ്പം മാറിമറിഞ്ഞു.... എല്ലാത്തിനേക്കാളുമുപരി സന്തോഷം നല്‍കുന്നത് എവിടെ ചെന്നാലും ശ്രേയക്കുട്ടി...ശ്രേയ ചേച്ചീ എന്നു വിളിച്ച് അവളോട് വര്‍ത്തമാനം പറയാനും പാട്ടു പാടിക്കൊടുക്കാനുമൊക്കെ ആവശ്യപ്പെട്ടെത്തുന്ന കുഞ്ഞിക്കുട്ടികളാണ്. അവരുടെ പാട്ടുകാരിയായി അവള്‍ മാറുന്നത് കാണുമ്പോഴാണ് ഏറെ സന്തോഷം. ലോകത്തേതു വേദിയില്‍ ചെന്നാലും മോളുടെ പാട്ട് പാടിയെത്തുന്ന ഒരു കുട്ടിയെങ്കിലും കാണും...അതാണ് മറ്റെല്ലത്തിനേക്കാളും മനോഹരമായ അനുഭവമായി മകളുടെ സമ്മാനമായി എനിക്കു തോന്നുന്നത്....അമ്മ പറഞ്ഞു.