മുരുകാ മുരുകാ പുലിമുരുകാ...

ക്യൂ നിന്ന്, തള്ളി ഉന്തി കയറി വിസിലടിച്ച് കടലാസ് കഷ്ണം വാരിപ്പറത്തി സ്ക്രീൻ മറച്ച് ഉല്ലസിച്ച് സിനിമ കണ്ടു മനസു നിറഞ്ഞു കയ്യടിച്ച് തീയറ്റർ വിടുമ്പോൾ മുരുകന്റെ നോട്ടവും നടത്തവും സ്നേഹവും വീരോജ്ജ്വലമായ ജീവിതവും ആ പുലിയും കാടും മാത്രമല്ല മനസിലങ്ങ് തറഞ്ഞു പോകുന്നത്. ഗോപീ സുന്ദർ സിനിമയ്ക്കു നൽകിയ ഈണങ്ങൾ കൂടിയാണ്. 

പുലിമുരുകന്റെ ആവേശോജ്വലമായ ജീവിതത്തിന് ഗോപി സുന്ദർ പകർന്ന സംഗീത പരിഭാഷ‌യ്ക്കു മരണമാസ് എന്ന വിശേഷണം പോലും ചെറുതാണ്. സൂര്യനെ പോലും കടത്തിവിടാത്ത കാടിന്റെ ഉൾത്തലങ്ങളുടെ കറുപ്പും നിഗൂഢതയും നിഴലിക്കുന്ന പശ്ചാത്തല സംഗീതം. കഥാപാത്രത്തിന്റെ ഉശിരിനും തലപ്പൊക്കത്തിനും അയാൾ പോരടിച്ചു മുന്നേറുന്ന പരിതസ്ഥിതിയുടെ ജീവതാളത്തിനമിണങ്ങുന്ന സംഗീതം. നന്നായി അണിയിച്ചൊരുക്കിയ ഒരു മുഴുനീള എന്റർടെയ്ൻമെന്റിന‌ോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന സംഗീതം. ഒരു ആരാധകൻ പറഞ്ഞതുപോലെ ശരീരത്തിലെ രോമങ്ങളോരോന്നും എഴുന്നേറ്റു നിന്നു പോകും ബിഗ് സ്ക്രീനിൽ പുലിമുരുകന്റെ നടത്തത്തിനും നോട്ടത്തിനും ഒപ്പമുള്ള ആ സംഗീതം കേൾക്കുമ്പോൾ. മുരുകാ മുരുകാ പുലിമുരുകാ...എന്ന് വീണ്ടും വീണ്ടും പാടിപ്പോകുന്നതും അതുകൊണ്ടാണ്. 

പുലിമുരുകന്‍ എന്ന സിനിമയ്ക്കു ഈണമിടാൻ കിട്ടിയ അവസരത്തെ അപൂർവ്വ ഭാഗ്യം എന്നാണു ഗോപീ സുന്ദര്‍ പറഞ്ഞത്. മനസറിഞ്ഞ്, മെയ് മറന്ന് മോഹന്‍ലാൽ പുലിമുരുകനായി പകർന്നാടിയ ബ്ലോക്ബ്ലസ്റ്റർ സിനിമയ്ക്ക്, ആരാധകരുടെ പ്രതീക്ഷ ഏറെയുള്ളൊരു സിനിമയ്ക്ക് ഈണമിടുവാനായി എന്നതു മാത്രമല്ല അതിനു കാരണം. ഗാനഗന്ധർവ്വൻ യേശുദാസിനേയും കെ.എസ് 

ചിത്രയേയും ഒരുമിച്ചൊരു പാട്ടിൽ പാടിക്കാനയതു കൊണ്ടുകൂടിയായിരുന്നു. 'കാടണിയും കാൽച്ചിലമ്പേ' എന്ന പാട്ട് ഇരുവരും ചേർന്നു പാടിയപ്പോൾ അത് ഗോപീ സുന്ദറിന്റെ സംഗീത ജീവിതത്തിലും ഒരു നാഴികക്കല്ലായിരുന്നു. യേശുദാസിനൊപ്പം കെ എസ് ചിത്ര പാടി ഗോപീ സുന്ദർ ഈണമിട്ട പാട്ട് എന്ന ചരിത്രം. 

നിറഞ്ഞ കണ്ണുകളോടെയാണ് ദാസേട്ടന്റെയും കെ.എസ് ചിത്രയുടെയും സ്വരം റെക്കോഡ് ചെയ്തതെന്ന് ഗോപീ സുന്ദർ ഒരിക്കൽ പറഞ്ഞിരുന്നു. കാടണിയും കാൽച്ചിലമ്പേ എന്ന പാട്ടിന് ഉൾക്കാട്ടിൽ പെയ്യുന്നൊരു മഴയുടെ ചന്തം വന്നതും ഒരുപക്ഷേ അതുകൊണ്ടാകാം. മറ്റൊരു പാട്ട് വാണീ ജയറാം പാടിയ താരാട്ടു പാട്ടാണ്. സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗങ്ങളിലൊന്നിനെ പ്രതിനിധാനം ചെയ്യുന്ന ഗാനം. 

എല്ലാത്തിനേക്കാളുമുപരിയായി പറയേണ്ടത്...മുരുകാ മുരുകാ പുലിമുരുകാ എന്ന തീം സോങിനെ കുറിച്ചാണ്. സിനിമയുമായി അത്രയേറെ ഈ തീം സോങ് ചേർന്നുനിൽക്കുന്നുണ്ട്. സിനിമയും കഥാപാത്രങ്ങളും കഥയും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാകുകയും അതേസമയം തീം സോങ് ഒരു അധികപ്പറ്റായി, അരോചകമായി മാറുകയും ചെയ്തിരുന്നുവെങ്കിൽ അതു സിനിമയെ ചെറുതായിട്ടെങ്കിലും ബാധിച്ചേനെ. സിനിമയിലെ ഡയലോഗുകൾ പോലെ തന്നെ അതിന്റെ തീം സോങും ആഘോഷിക്കപ്പെടുന്ന കാഴ്ച ഒരു ഇടവേളയ്ക്കു ശേഷമാണു മലയാളത്തിൽ സംഭവിക്കുന്നതെന്നു പറയാം. ആദ്യം ഒന്നു കേട്ടതിനു ശേഷം സിനിമയിൽ പിന്നീടെത്തുന്ന മാസ് രംഗങ്ങള്‍ക്കൊപ്പമെല്ലാം ഈ പാട്ടു പ്രേക്ഷകർ പാടുന്നതു കാണാമായിരുന്നു തീയറ്ററിൽ.

ഉച്ചത്തിൽ മീട്ടുന്ന കുറേ സംഗീതോപകരണങ്ങൾ ചേർത്തുവച്ചു തീർത്ത പശ്ചാത്തല സംഗീതം സിനിമയിലെ ഓരോ ചെറിയ നീക്കങ്ങളേയും സ്പന്ദനങ്ങളേയും പോലും പ്രേക്ഷകനുള്ളിലേക്കു അലിയിച്ചു ചേർത്തു. വികാരവും വിചാരവും വീരവും ചേർന്ന രംഗങ്ങൾക്ക് ഒട്ടുമേ അതിഭാവുകത്വമില്ലാതെ നല്ല പിൻതാളങ്ങളായി മാറി. ഓരോ രംഗങ്ങളിലേക്കും പിൻനടക്കുമ്പോൾ അറിയാതറിയാതെ ഈ ഈണങ്ങളെല്ലാം മനസിനുള്ളിലേക്കു കടന്നുവരുന്നതും അതുകൊണ്ടാണ്. 

സിനിമയുടെ ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ തീയറ്ററിനുള്ളിൽ ഗോപീ സുന്ദർ എന്ന ആരവമുയരുന്നുണ്ടായിരുന്നു. അദ്ദേഹം സിനിമ കണ്ട തീയറ്ററിൽ ഒരു നായക നടനോടു കാണിക്കുന്ന ആരാധനയോടെ ഗോപീ സുന്ദറിനരികിലേക്കു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചെന്നുനിൽക്കുന്നുണ്ടായിരുന്നു. വർത്തമാനം പറയുവാനും ഫോട്ടോയെടുക്കുവാനും പിന്നെ ആ ഈണങ്ങളെ കുറിച്ചു മതിയാവോളം സംസാരിക്കുവാനും. അതു തന്നെയാണ് ആ സംഗീതം എത്രമാത്രം കരുത്തുറ്റതായിരുന്നുവെന്നതിനു തെളിവും....ഹാറ്റ്സ് ഓഫ് ഗോപീ സുന്ദർ.