ഇങ്ങനെയാണ് സൽമാൻ ഗുസ്തിക്കാരനായത്

സൽമാൻ ഖാൻ ഗുസ്തിക്കാരനായി വേഷമിടുന്ന സുൽത്താനെന്ന ചിത്രത്തിലെ അവതരണ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ തീക്ഷ്ണതയറിയിക്കുന്ന പാട്ടും ദൃശ്യങ്ങളും ചിത്രത്തിനോടുള്ള പ്രേക്ഷകന്റെ ആവേശം കൂട്ടുമെന്നുറപ്പ്. അത്രയ്ക്ക് രസകരവും ത്രില്ലിങുമാണിവ രണ്ടും. സുഖ്‍വിന്ദർ സിങിന്റേതാണ് ആലാപനം. ഇർഷാദ് കമീലിന്റെ വരികൾ‌ക്ക് വിശാലും ശേഖറും ചേർന്നാണ് ഈണമിട്ടത്. 

ഗുസ്തിക്കാരനും റിങ്ങും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചുള്ള വാചകങ്ങളോടെയാണ് പാട്ടിന്റെ തുടക്കം. പിന്നെ ഇന്ത്യൻ പതാക കയ്യിലേന്തി മെഡൽ ഏറ്റുവാങ്ങുന്ന സ്വപ്നങ്ങളുമായി മുന്നോട്ടു കുതിക്കുന്നയാളിന്റെ ജീവിത പോരാട്ടങ്ങളും. ആ സ്വപ്നം യാഥാര്‍ഥ്യമാക്കുവാൻ നടത്തുന്ന പരിശീലനങ്ങൾ നമ്മെ അമ്പരപ്പിക്കും. 

സമ്മാനിച്ച കായിക താരങ്ങളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നോളമെത്തിയ ചിത്രങ്ങളെല്ലാം ഇന്ത്യയുടെ മനസുതൊട്ടു. അക്കൂട്ടത്തിലേക്കു തന്നെയാകും സുൽത്താനെന്ന ചിത്രവും വന്നെത്തുകയെന്ന് പറയുന്നു ഈ പാട്ട്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം ആദിത്യ ചോപ്രയാണ് നിർമ്മിക്കുന്നത്. അനുഷ്ക ശർമയാണ് നായിക.