ഭാഗ്യ പാടുന്നു: സുരേഷ് ഗോപിയുടെ മകന് പിന്നാലെ മകളും

25 എന്നു പേരിട്ട ആൽബത്തിലെ ആ ഈണം. പ്രണയത്തിന്റെ വിരഹത്തിന്റെ കാത്തിരിപ്പിന്റെ ഉൻമാദ നിമിഷങ്ങളെ കുറിച്ച് അവൾ പാടിയ പാട്ട്. അഡീലിന്റെ ഹലോ. ലോകമൊന്നിച്ചിരുന്ന കേട്ട ഈ പെൺപാട്ടിനെ പിന്നെയും പലരുമേറ്റുപാടി. പുതിയ കാഴ്ചകളും പുതിയ ശബ്ദങ്ങളും കൊണ്ട് പലവട്ടം. ഇപ്പോഴിതാ നടൻ സുരേഷ് ഗോപിയുടെ മകളും ഹലോയ്ക്ക് പുതിയൊരു പാട്ടു ചേല് നൽകിയിരിക്കുന്നു. ഭാഗ്യ തയ്യാറാക്കിയ കവർ‌ വിഡിയോ തരംഗമാകുകയാണ്. ഭാഗ്യയും പാടിയഭിനയിച്ചിരിക്കുന്നു. അരുൺ വർഗീസാണ് കവർ വി‍ഡിയോയ്ക്ക് ഈണം തയ്യാറാക്കിയത്. നിമിഷ് രവിയുടേതാണ് ഛായാഗ്രഹണം. അമിത് മോഹൻ രാജേശ്വരിയാണ് സംവിധാനം. ലോകമൊട്ടുക്ക് ഹിറ്റായ പാട്ടിനെ രസകരമായിട്ട് ഭാഗ്യ പാടിയിട്ടുമുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സിനിമയിലെത്തിയതിനു പിന്നാലെ മകൾ ചെയ്ത ആൽബവും ശ്രദ്ധിക്കപ്പെട്ടു എന്ന പ്രത്യേകതയുമുണ്ട്.

ലോക പ്രശസ്ത സംഗീതജ്ഞ അഡീൽ ഒരിടവേളയ്ക്ക് ശേഷം പാട്ടു ലോകത്തേക്ക് മടങ്ങിയെത്തിയത് ഈ പാട്ടിലൂടെയാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുട്യൂബിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട പാട്ടെന്ന റെക്കോർഡ് അഡീൽ നേടുകയും ചെയ്തു. 153 കോടിയോളം ആളുകളാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. കഴിഞ്ഞ വർഷം അമേരിക്കയിലും ബ്രിട്ടണിലും ഏറ്റവുമധികം വിറ്റഴിഞ്ഞ ആൽബവും ഇതുതന്നെയാണ്. ആദ്യ ആഴ്ചകൊണ്ട് ഒരു മില്യൺ ആളുകളാണ് അമേരിക്കയിൽ മാത്രം ഈ ആൽബം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു അത്.