'ജയരാഗങ്ങള്‍' നവംബർ 28ന്, പ്രത്യേക സൈറ്റ് പ്രകാശനം ചെയ്തു

ജയരാഗങ്ങൾ’ സംഗീത നൃത്ത സന്ധ്യ എന്ന പരിപാടിക്കായി തയ്യാറാക്കിയ പ്രത്യേക സൈറ്റിന്റെ പ്രകാശനം സിനിമാതാരം സുരേഷ് ഗോപി നിർവഹിക്കുന്നു. സംഗീത സംവിധായകൻ എം ജയചന്ദ്രൻ, നിർമാതാവും സംവിധായകനുമായ എം.രഞ്ജിത് എന്നിവർ സമീപം

പാട്ടിന്റെ ലോകത്ത് രണ്ടു ദശാബ്‌ദം പൂര്‍ത്തിയാക്കിയ സംഗീത സംവിധായകൻ എം ജയചന്ദ്രന്‌ ആദരം അര്‍പ്പിച്ച് മനോരമ ഓണ്‍ലൈനിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ജയരാഗങ്ങള്‍’ എന്ന സംഗീത നൃത്ത സന്ധ്യയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക സൈറ്റ് സുരേഷ്‌ ഗോപി പ്രകാശനം ചെയ്തു. എം ജയചന്ദ്രൻ, നിർമാതാവും സംവിധായകനുമായ എം.രഞ്ജിത് എന്നിവർ പങ്കെടുത്തു. എം ജയചന്ദ്രന്റെ ഗാനങ്ങളും സംഗീതലോകത്ത് പിന്നിട്ട നാഴികകല്ലുകളും വിഡിയോ അഭിമുഖങ്ങളും ഒാർമക്കുറിപ്പുകളും ആശംസകളും ഉള്‍പ്പെടുത്തിയതാണ്‌ സ്പെഷല്‍ സൈറ്റ്.

തിരുവനന്തപുരത്ത് നവംബര്‍ 28ന്‌ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സിനിമാ താരം സുരേഷ് ഗോപിയുടെ അവതരണ വാക്കുകളോടെ ആരംഭിക്കുന്ന സംഗീത രാവില്‍ ഗാന ഗന്ധർവൻ യേശുദാസ്, ജി വേണുഗോപാല്‍, ശ്രേയാ ഘോഷല്‍, ശ്രീറാം, രാജലക്ഷ്‌മി, വിജയ് യേശുദാസ്, വിജയലക്ഷ്‌മി തുടങ്ങിയവര്‍ക്കൊപ്പം മറ്റ് സംഗീത പ്രമുഖരും പങ്കെടുക്കും. തലസ്ഥാന നഗരിയിൽ ആദ്യമായി ബംഗാളി ശബ്ദ സൗന്ദര്യം ശ്രേയാ ഘോഷാലിന്റെ പാട്ടു കേൾപ്പിക്കുന്ന കലാസന്ധ്യ കൂടിയാണിത്.

ജയചന്ദ്രന്റെ ഗാനങ്ങളുടെ നൃത്തരൂപങ്ങളുമായി വേദിയിൽ അണിനിരക്കുന്ന തെന്നിന്ത്യന്‍ താരങ്ങൾ അഴകിന്റെ കാഴ്ചയൊരുക്കും. വയലിൻ മാന്ത്രികൻ ബാല ഭാസ്‌കറും കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയും ഒന്നിക്കുന്ന സംഗീത വിരുന്നിനൊപ്പം നർമത്തില്‍ പൊതിഞ്ഞ അവതാരക മികവുമായി സിനിമാതാരം സുരാജ് വെഞ്ഞാറമൂടും സംഘവും എത്തും. പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ന്യൂക്ലിയേഴ്‌സ് പ്രോപ്പര്‍ട്ടീസും സഹ പ്രായോജകർ. കല്യാണ്‍ ജൂവല്ലേഴ്‌സും ആണ് . വിശദാംശങ്ങൾ- www.manoramaonline.com/mj